UPDATES

വിദേശം

ജെറുസലേം പ്രശ്‌നം: യുഎന്നില്‍ അമേരിക്ക ഒറ്റപ്പെട്ടു; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു

യുഎസ് തീരുമാനത്തെ എതിര്‍ത്ത് വോട്ട് ചെയ്തതോടെ ഇതുവരെ ഇന്ത്യ പിന്തുടര്‍ന്നിരുന്ന പലസ്തീന്‍ നയത്തില്‍ നിന്ന് പൂര്‍ണമായും വ്യതിചലിച്ചിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് ഇന്ത്യ. കിഴക്കന്‍ ജെറുസലേമിനെ പലസ്തീന്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ളതാണ് ഇന്ത്യന്‍ നയം.

ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ തീരുമാനത്തില്‍ അമേരിക്കയ്ക്ക് ഐക്യരാഷ്ട്ര സഭയില്‍ തിരിച്ചടി. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ തീരുമാനത്തിനെതിരെ വോട്ട് ചെയ്തു. പൊതുസഭയില്‍ അമേരിക്ക ഒറ്റപ്പെട്ടു. അമേരിക്കയും ഇസ്രയേലും അടക്കമുള്ള ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യയടക്കമുള്ള 128 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചും യുഎസ് തീരുമാനത്തെ എതിര്‍ത്തുമാണ് വോട്ട് ചെയ്തത്. കാനഡ, ഓസ്‌ട്രേലിയ, ഭൂട്ടാന്‍, മെക്‌സിക്കോ തുടങ്ങിയ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നേരത്തെ യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കന്‍ തീരുമാനത്തെ എതിര്‍ത്തുകൊണ്ടുള്ള പ്രമേയത്തെ സഖ്യകക്ഷികളായ ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ അമേരിക്ക അതിനെ വീറ്റോ ചെയ്ത് മറികടക്കുകയായിരുന്നു.

അതേസമയം പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ്, ഇസ്രയേല്‍ പ്രതിനിധികള്‍ രംഗത്തെത്തി. ഈ ദിവസം അമേരിക്ക മറക്കില്ലെന്ന് ഭീഷണിയുടേയും മുന്നറിയിപ്പിന്റേയും സ്വരത്തില്‍ യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞപ്പോള്‍ അമേരിക്കന്‍ തീരുമാനത്തെ എതിര്‍ത്ത് വോട്ട് ചെയ്ത രാജ്യങ്ങള്‍ പാവകളാണെന്ന് ഇസ്രയേല്‍ അംബാസഡര്‍ അഭിപ്രായപ്പെട്ടു. ഗ്വാട്ടിമാല, ഹോണ്ടുറാസ്, മാര്‍ഷല്‍ ഐലന്റ്‌സ്, മൈക്രോനേഷ്യ, നൗറു, പലാവു, ടോഗോ എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്കും ഇസ്രയേലിനും പിന്തുണ നല്‍കിയത്.

യുഎസ് തീരുമാനത്തെ എതിര്‍ത്ത് വോട്ട് ചെയ്തതോടെ ഇതുവരെ ഇന്ത്യ പിന്തുടര്‍ന്നിരുന്ന പലസ്തീന്‍ നയത്തില്‍ നിന്ന് പൂര്‍ണമായും വ്യതിചലിച്ചിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് ഇന്ത്യ. കിഴക്കന്‍ ജെറുസലേമിനെ പലസ്തീന്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ളതാണ് ഇന്ത്യന്‍ നയം. ഇസ്രയേലുമായും അമേരിക്കയുമായും കൂടുതല്‍ അടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ പലസ്തീനിലേയ്ക്ക് പോകാതിരുന്നതുമെല്ലാം ഏറെ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ യുഎന്‍ ജനറല്‍ അസംബ്ലിയിലെ പ്രമേയത്തില്‍ എന്ത് നിലപാടായിരിക്കും എന്ത് സ്വീകരിക്കുക എന്നത് സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്നു. എല്ലായ്‌പ്പോഴും യുഎന്‍ പ്രമേയങ്ങളില്‍ പലസ്തീനെ അനുകൂലിച്ച് വോട്ട് ചെയ്യാറുള്ള ഇന്ത്യ 2015 ജൂലായില്‍ ജനീവയിലെ ഹ്യൂമണ്‍ റൈറ്റ്‌സ് കൗണ്‍സിലില്‍ വന്ന പ്രമേയത്തില്‍ ഇസ്രയേലിനെ എതിര്‍ത്ത് വോട്ട് ചെയ്യാതെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇത് ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തിലുള്ള ഇന്ത്യയുടെ നിലപാട് മാറ്റമായാണ് വിലയിരുത്തപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍