ബാക്കിയുണ്ടായിരുന്ന ഒരേയൊരു അന്താരാഷ്ട്ര സര്‍വീസ് കഴിഞ്ഞ മേയില്‍ നിര്‍ത്തി. വന്‍ നഷ്ടവും സുരക്ഷാ പ്രശ്‌നങ്ങളും കാരണമാണ് സര്‍വീസ് നിര്‍ത്തിയത്.
ശ്രീലങ്കയില്‍ യാത്രക്കാരില്ലാതെ നഷ്ടത്തിലോടുന്ന മട്ടാല രാജപക്‌സ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ നിയന്ത്രണത്തില്‍ ഇന്ത്യക്ക് പങ്കാളിത്തം. ശ്രീലങ്കയും ഇന്ത്യയും ചേര്‍ന്നാണ് ഇനി ഈ എയര്‍പോര്‍ട്ട് നിയന്ത്രിക്കുക. ശ്രീലങ്കന്‍ വ്യോമയാന മന്ത്രി നിര്‍മല്‍ സിരിപാല ഡി സില്‍വ പാര്‍ലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം. ചൈനയുടെ നിയന്ത്രണത്തിലുള്ള തുറമുഖമുള്ള ഹംബന്‍ടോട്ടയിലാണ് ഈ വിമാനത്താവളം. തുറമുഖത്തിന് സമീപം തന്നെയാണ് വിമാനത്താവളം. തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 241 കിലോമീറ്റര്‍ തെക്കുകിഴക്കാണ് രാജപക്‌സ വിമാനത്താവം. ലോകത്തെ ഏറ്റവും ആളൊഴിഞ്ഞ വിമാനത്താവളമായാണ് ഇത് അറിയപ്പെടുന്നത്. യാത്രക്കാരില്ലാത്തതിനാല്‍ ഇവിടെ വിമാന സര്‍വീസ് നിലച്ചിരിക്കുകയാണ്.
20 ബില്യണ്‍ ശ്രീലങ്കന്‍ രൂപയുടെ നഷ്ടമാണ് ഈ വിമാനത്താവളം ലങ്കയ്ക്കുണ്ടാക്കിയതെന്നാണ് വ്യോമയാന മന്ത്രി പറയുന്നത്. അതേസമയം അന്തിമ കരാറില്‍ ഒപ്പ് വയ്ക്കുന്നതിന് മുമ്പായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി ലങ്കന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ചൈനയ്‌ക്കൊപ്പം മേഖലയിലെ മറ്റൊരു വന്‍ ശക്തിയായ ഇന്ത്യയെ കൂടി സന്തോഷിപ്പിച്ച് സന്തുലനമുണ്ടാക്കാനാണോ ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷ എംപി കനക ഹെരാത് മന്ത്രിയോട് ചോദിച്ചു. അതേസമയം ഈ വാദം തള്ളിയ വ്യോമയാന മന്ത്രി, 2016ല്‍ വിമാനത്താവളത്തിന്റെ പുനരുജ്ജീവനത്തിനായി ഗവണ്‍മെന്റ് വിദേശനിക്ഷേപകരെ ക്ഷണിച്ചിരുന്നതായി ചൂണ്ടിക്കാട്ടി. ഇന്ത്യ മാത്രമാണ് ഇതുവരെ ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നതെന്നും മന്ത്രി പറഞ്ഞു.
മഹീന്ദ രാജപക്‌സ പ്രസിഡന്റായിരിക്കെയാണ് സ്വന്തം പേരിലുള്ള ഈ വിമാനത്താവളം നിര്‍മ്മിച്ചത്. ഉയര്‍ന്ന പലിശനിരക്കിലുള്ള ചൈനീസ് വായ്പ ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 2013 മാര്‍ച്ചിലായിരുന്നു ഉദ്ഘാടനം. വര്‍ഷത്തില്‍ 10 ലക്ഷത്തോളം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുംവിധമാണ് വിമാനത്താവളത്തിലെ സൗകര്യങ്ങള്‍. എന്നാല്‍ വിമാനത്താവളം നഷ്ടത്തില്‍ തന്നെ തുടര്‍ന്നു. അവസാനം ബാക്കിയുണ്ടായിരുന്ന ഒരേയൊരു അന്താരാഷ്ട്ര സര്‍വീസ് കഴിഞ്ഞ മേയില്‍ നിര്‍ത്തി. വന്‍ നഷ്ടവും സുരക്ഷാ പ്രശ്‌നങ്ങളും കാരണമാണ് സര്‍വീസ് നിര്‍ത്തിയത്. ചൈനീസ് ലോണിന് ഈക്വിറ്റി ആയാണ് ഹംബന്‍ ടോട്ട തുറമുഖം ചൈനയ്ക്ക് പാട്ടത്തിന് കൊടുത്തത്. ഇതും നിര്‍മ്മിച്ചത് മഹീന്ദ രാജപക്‌സ പ്രസിഡന്റായിരിക്കെ തന്നെ.