കുഞ്ഞിനെ വാങ്ങിയെന്ന് കരുതുന്ന ജനാര്‍ദ്ദനന്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുനിശേരി കുന്നന്‍പാറ കണിയാര്‍കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള കുട്ടിയെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്.
പാലക്കാട് കുനിശ്ശേരിയില്‍ യുവതിയും പൊള്ളാച്ചി സ്വദേശിയായ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് വിറ്റ, ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്ന് കണ്ടെത്തി. കുട്ടിയെ പൊലീസ് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. കുഞ്ഞിനെ വാങ്ങിയെന്ന് കരുതുന്ന ജനാര്‍ദ്ദനന്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുനിശേരി കുന്നന്‍പാറ കണിയാര്‍കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള കുട്ടിയെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ് രാജും രാജിന്റെ അമ്മ ബിജിയും ചേര്‍ന്നാണ് ഇടപാട് നടത്തിയതെന്നായിരുന്നു വിവരം.
ക്രിസ്മസ് ദിനത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ ഭര്‍തൃമാതാവിന്റെ കൂടി നിര്‍ദ്ദേശപ്രകാരം വിറ്റതായാണ് കേസ്. സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്നാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റതെന്നാണ് സൂചന. ഈ ദമ്പതികള്‍ക്ക് നാലു കുട്ടികള്‍ കൂടിയുണ്ട്. മറ്റ് നാല് മക്കളെ വളര്‍ത്തുന്നതിന് പണം കണ്ടെത്താനാണ് കുഞ്ഞിനെ വിറ്റതെന്നാണ് കുഞ്ഞിന്റെ അമ്മ പറഞ്ഞത്. സംഭവം വാര്‍ത്തയായതോടെ ഒളിവില്‍പോയ രാജിനെ പൊള്ളാച്ചി ബസ്സ്റ്റാന്‍ഡില്‍ നിന്നും ആലത്തൂരില്‍ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
പ്രസവത്തിന് പോയ യുവതി, കുട്ടി ഒപ്പമില്ലാതെ മടങ്ങിയതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ സമീപത്തെ അംഗനവാടി അധികൃതരെ വിവരം അറിയിച്ചതോടെ സാമൂഹികനീതി വകുപ്പാണ് പൊലീസില്‍ പരാതി സമര്‍പ്പിച്ചത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം കേരളം, തമിഴ് നാട് ചീഫ് സെക്രട്ടറിമാര്‍, പൊലീസ് മേധാവികള്‍, കേന്ദ്ര വനിത – ശിശുക്ഷേമ മന്ത്രാലയ സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. കുഞ്ഞിനെ വിറ്റെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഇത് സംബന്ധിച്ച് നല്‍കിയ നോട്ടീസില്‍ പറയുന്നു.