UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അട്ടപ്പാടിയില്‍ ശിശുമരണം; അന്വേഷണത്തിന് ഉത്തരവ്

ശിശുമരണത്തെക്കുറിച്ച് യൂണിസെഫിന്റെ വിദഗ്ദ്ധ സംഘം പഠിക്കും. ഡിസംബര്‍ 31ന് അട്ടപ്പാടിയില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി

അട്ടപ്പാടിയിലെ ശിശുമരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ശിശുമരണത്തെക്കുറിച്ച് യൂണിസെഫിന്റെ വിദഗ്ദ്ധ സംഘം പഠിക്കും. ഡിസംബര്‍ 31ന് അട്ടപ്പാടിയില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ വേണ്ടസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. നെല്ലിപ്പതി ഊരിലെ പഴനിസ്വാമിയുടേയും രങ്കമ്മയുടേയും കുഞ്ഞാണ് മരിച്ചത്.

കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യല്‍ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്ന രങ്കമ്മയ്ക്ക് ഇന്നലെ രാത്രിയില്‍ പ്രസവ വേദന അനുഭവപ്പെട്ടു. എന്നാല്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റുകളോ സര്‍ജനോ ഇല്ലാതിരുന്നതിനാല്‍ ഇവരെ ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും ആണ്‍കുഞ്ഞ് മരിച്ചിരുന്നു. ഒരു ഗൈനക്കോളജിസ്റ്റ് ഒന്നര മാസമായി അവധിയിലാണ്. മറ്റൊരു ഗൈനക്കോളജിസ്റ്റ് സര്‍ക്കാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനുള്ള അവധിയിലുമാണ്. സര്‍ജന്‍ ശബരിമല ഡ്യൂട്ടിയിലുമാണ്. സര്‍ജന് ശബരിമല ഡ്യൂട്ടി നല്‍കരുതെന്നും ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ആവശ്യമാണെന്നും മന്ത്രിയോട് പറഞ്ഞിട്ടും നടപടിയെടുത്തിരുന്നില്ല എന്ന് മെഡിക്കല്‍ ഓഫീസര്‍ ആരോപിച്ചിരുന്നു.

അട്ടപ്പാടിയില്‍ ഇതോടെ ഈ വര്‍ഷം മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 19 ആയിരുന്നു. 13 നവജാത ശിശുക്കളും ആറ് ഗര്‍ഭസ്ഥ ശിശുക്കളുമാണ് ഇതേവരെ മരണമടഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍