UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“തീയറ്ററില്‍ വിസിലടിക്കുന്നത് പോലെ”: ജയലളിത ഡോക്ടറുമായി സംസാരിക്കുന്ന ഓഡിയോ പുറത്ത്

ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മീഷന് മുമ്പിലാണ് വികെ ശശികലയുടെ ബന്ധുവായ ഡോ.കെഎസ് ശിവകുമാര്‍ ഈ ഓഡിയോ അടക്കമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പെന്‍ ഡ്രൈവുകള്‍ ഹാജരാക്കിയത്.

എന്റെ അവസ്ഥ ഇപ്പോള്‍ തീയറ്ററുകളില്‍ കാഴ്ചക്കാര്‍ വിസിലടിക്കുന്നത് പോലെ തോന്നുന്നു – ശ്വാസമെടുക്കാനുള്ള തന്റെ ബുദ്ധിമുട്ടിനെ പറ്റി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രി കിടക്കയില്‍ നിന്ന് ഡോക്ടറുമായി സംസാരിക്കുന്നതിന്റെ ഓഡിയോ ആണിത്. 2016 സെപ്റ്റംബര്‍ 27ന് രാത്രിയാണ് ജയലളിത ഡോക്ടറുമായി സംസാരിച്ചത്. ജയലളിതയുടെ അവസാനത്തെ ഓഡിയോ എന്ന നിലയ്ക്കാണ് ഇത് പുറത്തുവന്നിരിക്കുന്നത്. 40 സെക്കന്റില്‍ താഴെ ദൈര്‍ഘ്യമുള്ള രണ്ട് ഓഡിയോ ക്ലിപ്പുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മീഷന് മുമ്പിലാണ് വികെ ശശികലയുടെ ബന്ധുവായ ഡോ.കെഎസ് ശിവകുമാര്‍ ഈ ഓഡിയോ അടക്കമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പെന്‍ ഡ്രൈവുകള്‍ ഹാജരാക്കിയത്. അന്വേഷണ കമ്മീഷന്‍ അംഗമായ ഉദ്യോഗസ്ഥനാണ് മാധ്യമപ്രവര്‍ത്തര്‍ക്കായി ഇത് പുറത്തുവിട്ടിരിക്കുന്നത്. ഡോ.ശിവകുമാറിനെ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രോസ് വിസ്താരം ചെയ്തിരുന്നു.

ജയലളിത കൈ കൊണ്ട് നോട്ട് പാഡില്‍ എഴുതിയ പേജുകളും ഹാജരാക്കിയിട്ടുണ്ട്. 98 പേജുള്ള സ്‌പൈറല്‍ ബൈന്‍ നോട്ട് പാഡിലെ അവസാന രണ്ട് പേജുകള്‍. തന്റെ ഭക്ഷണവും മരുന്നുകളും ആരോഗ്യസ്ഥിതിയുമെല്ലാം ജയലളിത ഇതില്‍ കുറിച്ചിരിക്കുന്നു. 2016 ജൂണ്‍ 16 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയുള്ള വിവരങ്ങളാണ് ഇതില്‍ കാണുന്നത്. ഇത്തരത്തില്‍ നിരവധി നോട്ട് പാഡുകള്‍ ജയലളിതയുടേതായുണ്ട്. ശശികല പകര്‍ത്തിയ ആശുപത്രിയില്‍ നിന്നുള്ള ജയലളിതയുടെ നാല് വീഡിയോകള്‍ നേരത്തെ തന്നെ കമ്മീഷന് മുന്നില്‍ ഹാജരാക്കിയിരുന്നു. ജയലളിതയുടെ ആവശ്യപ്രകാരമാണ് സംഭാഷണം റെക്കോഡ് ചെയ്തതെന്ന് ഡോ.ശിവകുമാര്‍ പറയുന്നു. അപ്പോളോ ഹോസ്പിറ്റലിലെ റെസ്പിറേറ്ററി മെഡിസിന്‍ സ്‌പെഷലിസ്റ്റ് ആര്‍ നരസിംഹന് ഓഡിയോ അയച്ചുകൊടുക്കണമെന്ന് ജയലളിത ആവശ്യപ്പെട്ടിരുന്നു. 2016 സെപ്റ്റംബര്‍ 28ന് ജയലളിതയെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു.

ജയലളിത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെയും പിന്നീട് 2016 ഡിസംബർ അഞ്ചിന് മരണപ്പെട്ടതിന്റെയും പിന്നിലെ കാരണങ്ങളാണ് കമ്മിഷൻ അന്വേഷിക്കുന്നത്. നിലവിലെ ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ഉൾപ്പെടെ പലരും ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. 2017 ഏപ്രിലിലാണ് പളനിസ്വാമി സര്‍ക്കാര്‍ അറുമുഖസാമി കമ്മിഷനെ നിയോഗിച്ചത്. അതേസമയം തൂത്തുക്കുടിയിലെ വെടിവയ്പിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ജയലളിതയുടെ ശബ്ദം പുറത്തുവിട്ടതിലൂടെ കമ്മിഷൻ നടത്തുന്നതെന്ന് ഡിഎംകെ വർക്കിംഗ് പ്രസിഡനറും പ്രതിപക്ഷ നേതാവുമായ എം.കെ.സ്റ്റാലിൻ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍