UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രത്തിന് താല്‍പര്യമില്ലാത്തവരെ ജഡ്ജി നിയമനത്തില്‍ തഴയാന്‍ ശ്രമം: ചീഫ് ജസ്റ്റിസിന് ജെ ചെലമേശ്വറിന്റെ കത്ത്

ദീപക് മിശ്രയെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നീക്കം നടക്കുന്നതിനിടെ ഫുള്‍കോര്‍ട്ട് ചേരാനുള്ള ആവശ്യം കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും.

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഫുള്‍ കോര്‍ട്ട് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ കത്ത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ചെലമേശ്വര്‍. അതേസമയം ചെലമേശ്വറിന്റെ കത്തിനോട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചിട്ടില്ല. ജുഡീഷ്യറിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതും പൊതുതാല്‍പര്യമുള്ളതുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ഫുള്‍കോര്‍ട്ട് ചേരുന്നത്.

ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിന്റെ കോപ്പികള്‍ സുപ്രീംകോടതിയിലെ മറ്റ് 22 ജഡ്ജിമാര്‍ക്കും നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ചട്ടവിരുദ്ധമായും ഏകപക്ഷീയമായും തീരുമാനങ്ങള്‍ എടുക്കുന്നു ചൂണ്ടിക്കാട്ടി ജനുവരി 12ന് ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. തങ്ങളോട് ആലോചിച്ചില്ല എന്ന പരാതിയും വിമര്‍ശനവും സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാര്‍ക്കുണ്ട്. ഇത്തരം വിമര്‍ശനം ഒഴിവാക്കുന്നതിന് വേണ്ടിയാണ് എല്ലാ ജഡ്ജിമാര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയതെന്നാണ് സൂചന.

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനായി സുപ്രീംകോടതി കൊളീജിയത്തിന് നല്‍കുന്ന ശുപാര്‍ശകളില്‍ സര്‍ക്കാരിന്റെ താല്‍പര്യത്തിന് വിരുദ്ധമായ വിധി പ്രസ്താവങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ ഒഴിവാക്കുന്നു എന്ന് ചെലമേശ്വര്‍ ആരോപിക്കുന്നു. ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടെന്നും ചെലമേശ്വര്‍ ചൂണ്ടിക്കാട്ടുന്നു. ദീപക് മിശ്രയെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നീക്കം നടക്കുന്നതിനിടെ ഫുള്‍കോര്‍ട്ട് ചേരാനുള്ള ആവശ്യം കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും.

തനിക്ക് നേരിട്ട് കത്ത് നല്‍കുന്ന തരത്തില്‍ നിയമ മന്ത്രാലയം ഇടപെടുന്നതായി കാണിച്ച് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി കത്ത് നല്‍കിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ചീഫ് ജസ്റ്റിസിനുള്ള ചെലമേശ്വറിന്‍റെ കത്ത്. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ മൂലം ജില്ല സെഷന്‍സ് ജഡ്ജി പി കൃഷ്ണ ഭട്ടിന്റെ ഹൈക്കോടതി ജഡ്ജിയായുള്ള നിയമം തടയപ്പെട്ടിരുന്നു. സുപ്രീംകോടതി കൊളീജിയം നിര്‍ദ്ദേശിച്ച നിയമനമാണ് തടയപ്പെട്ടത്. 2016 ഓഗസ്റ്റില്‍ ആദ്യമായി കൃഷ്ണ ഭട്ടിന്റെ പേര് നിര്‍ദ്ദേശിച്ച കൊളീജിയം 2017 ഏപ്രിലില്‍ ഇത് ആവര്‍ത്തിച്ചിരുന്നു. ഭട്ടിനെതിരെ സിവില്‍ കോടതി ജഡ്ജി നല്‍കിയ പരാതിയാണ് തടസവാദമായി നിയമ മന്ത്രാലയം ഉന്നയിച്ചത്. എന്നാല്‍ കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഭട്ടിനെതിരായ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍