UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി (വിധിയുടെ പൂര്‍ണ രൂപം)

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ വാദം കേട്ടിരുന്ന, സിബിഐ ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. നാല് ജഡ്ജിമാരുടെ മൊഴിയെ അവിശ്വസിക്കേണ്ട കാര്യമില്ല എന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡ് ആണ് ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് ലോയയുടെ മരണം സ്വാഭാവികമാണ് എന്നാണ് ജസ്റ്റിസ് ശ്രീകാന്ത് കുല്‍കര്‍ണി, ജസ്റ്റിസ് ബാര്‍ഡെ, ജസ്റ്റിസ് മോഡക്, ജസ്റ്റിസ് ആര്‍ രതി എന്നിവര്‍ മൊഴി നല്‍കിയത്. കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്.

പൊതുതാല്‍പര്യ ഹര്‍ജികള്‍ ഗൂഡാലോചന നിറഞ്ഞതും സ്ഥാപിത താല്‍പര്യങ്ങളുടെ പുറത്തുള്ളതും കോടതിയലക്ഷ്യവും ആണ് എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാര്‍ ജുഡീഷ്യറിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഹർജിയുടെ ലക്‌ഷ്യം ജുഡീഷ്യറിയെ താർ അടിച്ച് കാണിക്കൽ ആണെന്ന് സുപ്രീംകോടതി ബഞ്ച് അഭിപ്രായപ്പെട്ടു. പ്രത്യേക സംഘത്തെ നിയോഗിക്കണം എന്നാണ് ഹര്‍ജിക്കാരായ ബോംബെ ലോയേര്‍സ് അസോസിയേഷന്‍, തെഹ്സീന്‍ പൂനാവാല തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നത്. ദുഷ്യന്ത് ദാവെയ്ക്ക് പുറമെ ഇന്ദിര ജയ്‌സിംഗ്, വി ഗിരി, പിഎസ് സുരേന്ദ്രനാഥ്, പല്ലവ് ഷിഷോദിയ, പ്രശാന്ത് ഭൂഷണ്‍, സന്‍പ്രീത് സിംഗ് അജ്മാനി എന്നിവര്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി, ഹരീഷ് സാല്‍വേ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ ഹാജരായി.

സുപ്രീം കോടതി വിധിയുടെ പൂര്‍ണ രൂപം:

2014 നവംബര്‍ 30നും ഡിസംബര്‍ ഒന്നിനും ഇടയിലാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ജസ്റ്റിസ് ലോയ നാഗ്പൂരില്‍ വച്ച് മരിക്കുന്നത്. അമിത് ഷാ കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന ദിവസത്തിന് തൊട്ടുമുമ്പായിരുന്നു ഇത്. ലോയയുടെ പിതാവും സഹോദരി അനുരാധ ബിയാനിയും അടക്കമുള്ളവര്‍ കാരവാന്‍ മാഗസിന്‍റെ റിപ്പോര്‍ട്ടര്‍ നിരഞ്ജന്‍ താക്ലെയോട് നടത്തിയ വെളിപ്പെടുത്തലുകലാണ് ലോയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നത്. അമിത് ഷായ്ക്ക് എതിരായ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊന്ദ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന മോഹിത് ഷാ, ജസ്റ്റിസ് ലോയയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ ജസ്റ്റിസ് ലോയ ഇത് നിരസിച്ചതായും ഉള്ള വെളിപ്പെടുത്തലുകള്‍ കാരാവാന്‍ പ്രസിദ്ധീകരിച്ചിരുന്നു.

പോസ്റ്റ് മോര്‍ട്ടത്തിലും വിവിധ മൊഴികളിലും പ്രകടമായിരുന്ന വൈരുദ്ധ്യം കാരവന്‍ പുറത്തുകൊണ്ടുവന്നിരുന്നു. ജസ്റ്റിസ് ലോയ താമസിച്ചിരുന്നതായി പറയപ്പെടുന്ന നാഗ്പൂരിലെ രവി ഭവന്‍ ഗസ്റ്റ് ഹൗസില്‍ ഇത് സംബന്ധിച്ച രേഖകള്‍ ഒന്നും ഇല്ലാത്തത് ദുരൂഹമാണ് എന്ന് കാരവാന്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും കൃത്രിമം നടത്തിയെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മഹാരാഷ്ട്ര ധനകാര്യ മന്ത്രിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ സുധീര്‍ മുംഗാന്തിവാറിന്‍റെ ഭാര്യാ സഹോദരനും നാഗ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം പ്രൊഫസറുമായിരുന്ന ഡോ.മകരന്ദ് വ്യവഹാരെയാണെന്നും കാരവാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സുപ്രീംകോടതിയിലെ വലിയ പൊട്ടിത്തെറിയ്ക്ക് ഏറ്റവും പ്രധാന കാരണമായത് അതീവ ഗൗരവസ്വഭാവമുള്ള കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് നല്‍കാതെ ജൂനിയര്‍ ജഡ്ജിമാര്‍ക്ക് നല്‍കുന്നു, ചീഫ് ജസ്റ്റിസ് കീഴ്വഴക്കങ്ങള്‍ ലംഘിച്ച് പെരുമാറുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ ആയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണ്. ചീഫ് ജസ്റ്റിസിനെതിരെ പരസ്യവിമര്‍ശനവുമായി ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇല്ലാത്ത വിധം ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ജനുവരി 12ന് ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു. സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയായ നിലയ്ക്കല്ലെന്നും ഇത് രാജ്യത്തെ ജനാധിപത്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നതായും അവര്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് ലോയ കേസ് ആണോ പ്രധാന പ്രശ്നം എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “അതെ” എന്നായിരുന്നു സീനിയോറിറ്റി പ്രകാരം അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ട രഞ്ജന്‍ ഗൊഗോയിയുടെ മറുപടി.

ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സുപ്രീംകോടതി ഫെബ്രുവരി 20ന് വ്യക്തമാക്കിയിരുന്നു. മരണകാരണം പരിശോധിക്കാനുള്ള ഇന്‍ക്വസ്റ്റ് നടപടികളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ചട്ടപ്രകാരമാണോ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ, ഹര്‍ജിക്കാരായ ബോംബെ ലോയേഴ്സ് അസോസിയേഷന് വേണ്ടി ഹാജരായി. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് എന്തുകൊണ്ട് നിര്‍ദ്ദേശിക്കുന്നില്ല എന്നും ഇക്കാര്യം ആവശ്യപ്പെട്ട് എന്തുകൊണ്ട് സുപ്രീംകോടതി നോട്ടീസ് നല്‍കുന്നില്ല എന്നും ബോംബെ ലോയേഴ്്സ് അസോസിയേഷന്‍ ചോദിച്ചിരുന്നു.

അതേസമയം സത്യവാങ്മൂലങ്ങള്‍ കേസിന്‍റെ പുരോഗതിയെ സഹായിക്കില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വാദം. സിആര്‍പിസി സെക്ഷന്‍ 174 പ്രകാരമാണോ ഇന്‍ക്വസ്റ്റ് നടപടികളുണ്ടായിരിക്കുന്നത് എന്നത് വസ്തുതാപരമായി പരിശോധിക്കണം. ഇത് വളരെ ഗൗരവമുള്ള കേസാണെന്ന് എന്‍റെ സഹപ്രവര്‍ത്തകരായ ജഡ്ജിമാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്തെങ്കിലും തരത്തില്‍ സംശയങ്ങളുണ്ടെങ്കില്‍ അന്വേഷണം ആവശ്യമാണോ എന്ന് ഞങ്ങള്‍ പരിശോധിക്കും – ചീഫ് ജസ്റ്റിസ് അന്ന് പറഞ്ഞു. കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന രേഖകളെല്ലാം ഹര്‍ജിക്കാരുടെ അഭിഭാഷകനായ ദുഷ്യന്ത് ദാവെയ്ക്കും നല്‍കണമെന്ന് ചീഫ് ജസ്റ്റിസ്, മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രൂക്ഷവും നാടകീയവുമായ വാദപ്രതിവാദങ്ങളാണ് സുപ്രീംകോടതിയില്‍ ലോയ കേസുമായി ബന്ധപ്പെട്ടുണ്ടായത്.

ദുഷ്യന്ത് ദാവെ വിചാരണയ്ക്കിടെ ഉന്നയിച്ച വാദങ്ങളില്‍ നിന്ന്:

“മഹാരാഷ്ട്ര രഹസ്യാന്വേഷണ കമ്മീഷണറുടെ ഒരു റിപ്പോര്‍ട്ട് സംബന്ധിച്ചു, അടിയന്തര പരിഗണന ആവശ്യപ്പെടുന്ന ഒരു കുറിപ്പു ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരമാണ് ഈ റിപ്പോര്‍ട്ട്. സത്യവാങ്മൂലത്തിന്റെ രൂപത്തില്‍ ഈ റിപ്പോര്‍ട്ട് രേഖയാക്കണമെന്നും അങ്ങനെയെയായാല്‍ ക്രിമിനല്‍ നടപടി ചട്ടം 340 പ്രകാരം നടപടികള്‍ തുടങ്ങണമെന്നും ഞങ്ങള്‍ അപേക്ഷിക്കുന്നു.”

റിപ്പോര്‍ടിലെ വൈരുദ്ധ്യങ്ങളെ ചൂണ്ടിക്കാണിച്ചു ദാവെ തുടര്‍ന്നു, “ലോയക്ക് ഹൃദയാഘാതമുണ്ടായി എന്ന് പറയുന്ന സമയത്ത്, മൊഴി നല്കിയ നാല് ന്യായാധിപന്‍മാരില്‍ ആരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല. ലോയ തന്നെ വിളിച്ച് എന്നവകാശപ്പെടുന്ന ഡോ. പ്രശാന്ത് റാത്തി എന്നൊരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെ നാഗ്പൂരിലെ ഡാണ്ടേ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്നും മെഡിട്രിന ആശുപത്രിയിലേക്ക് മാറ്റി. 2014, ഡിസംബര്‍ 1നുള്ള മെഡിക്കല്‍ റിപോര്‍ട്ടോ മറ്റേതെങ്കിലും രേഖയോ മറ്റ് ന്യായാധിപന്‍മാരുടെ സാന്നിധ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല.”

“ജഡ്ജ് ലോയയെ മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് പറയുന്നു. അപ്പോള്‍ എങ്ങനെയാണ് ഈ നാഡീവ്യൂഹ ശസ്ത്രക്രിയ, അടിയന്തര വൈദ്യസഹായം, ഭക്ഷണ നിയന്ത്രണ ഉപദേശം എന്നിവ വരുന്നത്? ഒരു മരിച്ച മനുഷ്യനു മേല്‍ എങ്ങനെയാണ് ഇതൊക്കെ വരുന്നത്? ലോയയെ അവിടെ കൊണ്ടുപോയിട്ടേയില്ല.”

“ലോയയെ പ്രവേശിപ്പിച്ച ആളുടെ പേര് ശ്രീകാന്ത് കുല്‍ക്കര്‍ണി എന്നാണ് നല്കിയിരിക്കുന്നത്. കുല്‍ക്കര്‍ണി ലോയയുടെ ഒരു സഹപ്രവര്‍ത്തകനായിരുന്നു, ബന്ധം ‘സുഹൃത്’ എന്നാണ് കാണിച്ചിരിക്കുന്നത്? പിന്നീടൊരു രേഖയുണ്ടാക്കുമ്പോള്‍ നിങ്ങള്‍ ഓര്‍മ്മയില്‍ നിന്നാണ് എഴുതുന്നത്. അതുപോലെ, പ്രവേശന സമയം രാവിലെ 6:27 എന്നാണ് കാണിച്ചിരിക്കുന്നത്. പക്ഷേ ലോയയെ രാവിലെ 6:15-നു മരിച്ച നിലയില്‍ കൊണ്ടുവന്നു എന്നാണ് പറഞ്ഞിരിക്കുന്നത്? ഇതെല്ലാം പിന്നീട് കെട്ടിച്ചമച്ച വ്യാജരേഖകളാണ്,” ദാവെ പറഞ്ഞു.

“മൊഴി രേഖപ്പെടുത്തിയത് സീതാബുള്‍ഡി പോലീസ് സ്റ്റേഷനിലാണ്. പൊലീസ് രേഖകളില്‍ നടന്നിട്ടുണ്ട്. മറ്റ് ന്യായാധിപന്മാര്‍ ഹാജരായിരുന്നെങ്കില്‍ ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ സിംഗ് ലോയയെ, ലോയ തന്റെ അമ്മാവന്റെ ബന്ധുവാണെന്ന് അവകാശപ്പെടുന്ന റാത്തി ‘ബ്രിജ്മോഹന്‍ ലോയ’ എന്നു പറയുമായിരുന്നില്ല. പുലര്‍ച്ചെ 4 മണിക്ക് നെഞ്ചുവേദനയുണ്ടായി എന്നു ലോയ പറഞ്ഞെന്നാണ് പറയുന്നത്. എന്തുകൊണ്ടാണ് രാവിലെ 6:15 വരെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത്? കൂടാതെ ഡാണ്ടേ ആശുപത്രി സംബന്ധിച്ച അവകാശവാദങ്ങള്‍ തെറ്റാണ്: അത്തരത്തിലുള്ള ഒരു പരാമര്‍ശവും ഇല്ല. പ്രസ്താവനയില്‍ മെഡിട്രിന ആശുപത്രി എന്നുമാത്രമാണ് പറയുന്നത്.”

പ്രസ്താവനയെ ആധാരമാക്കി, മെഡിട്രിന ആശുപത്രിയിലെ ഡോക്ടര്‍ ലോയയുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, അയാളുടെ കുടുംബം ‘അകലെയായതിനാല്‍’ മൃതദേഹം ജന്മദേശമായ ലാത്തൂരിലേക്ക് അയക്കാന്‍ റാത്തി നിര്‍ബന്ധം ചെലുത്തി എന്നു പറഞ്ഞതായി, ദാവേ അത്ഭുതത്തോടെ പറഞ്ഞു. “ഇതെങ്ങനെയാണ് സാധ്യമാവുക? എന്തുകൊണ്ടാണ് മൃതദേഹം ലത്തൂരിലേക്ക് കൊണ്ടുപോയത്? ജസ്റ്റിസ് സ്വപ്ന ജോഷിയുടെ മകളുടെ വിവാഹത്തില്‍ ലോയ പങ്കെടുത്ത ചിത്രങ്ങള്‍ സര്‍ക്കാര്‍ കാണിക്കട്ടെ. അതോരു നുണയാണ്,”

“ദയവായി ലോയയുടെ ഭാര്യയും, സഹോദരിയും, അച്ഛനും, മകനുമായി ചേംബറില്‍ വെച്ചു സംസാരിക്കൂ. അന്വേഷണം ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞാല്‍, അത് ഈ പരാതികളുടെ അവസാനമാകും,” കോടതിയോട് ദാവെ ആവശ്യപ്പെട്ടു.

ലോയ കേസ് വാദത്തിനിടെ സുപ്രീം കോടതിയില്‍ നടന്ന ചൂടേറിയ തര്‍ക്കങ്ങള്‍-പൂര്‍ണ്ണരൂപം

ജസ്റ്റിസ് ലോയയുടെ മരണം: സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ രേഖകള്‍ പരസ്പര വിരുദ്ധം, ഉയര്‍ത്തുന്നത് കൂടുതല്‍ ചോദ്യങ്ങള്‍

ജസ്റ്റിസ് ലോയയുടെ മരണം; സുപ്രിംകോടതിയ്ക്ക് മുന്നിലെത്തിയ രേഖകള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു

ജസ്റ്റിസ് ലോയ: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; പോസ്റ്റ്‌ മോര്‍ട്ടത്തിലും തിരിമറി; പിന്നില്‍ മഹാരാഷ്ട്ര മന്ത്രിയുടെ ഭാര്യാസഹോദരന്‍

ജസ്റ്റിസ് ലോയ ശരിക്കും രവിഭവനില്‍ താമസിച്ചിരുന്നോ? കാരവന്‍ അന്വേഷണം

ഇങ്ങനെയാണ് അമിത് ഷാ സിബിഐ ഭരിക്കുന്നത്

ലോയ: വിഷം കയറിയതോ ശാരീരികാക്രമണമോ ആകാം മരണകാരണം-AIIMS ഫോറെന്‍സിക് വിഭാഗം മുന്‍തലവന്‍

സുപ്രീംകോടതിയിലെ പൊട്ടിത്തെറി: ലോയ കേസ് തന്നെ പ്രധാന പ്രശ്നം

സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയല്ല; ഇത് ജനാധിപത്യം തകര്‍ക്കും: ജസ്റ്റിസ് ലോയ കേസില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍