UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍; ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും

ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് ഇത്തവണ ആറു പുതുമുഖങ്ങള്‍ അടക്കം 15 പേരാണ് ഉള്ളത്. കെഇ ഇസ്മായില്‍ പക്ഷത്തിനെ ഒതുക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരുടെ ആധിപത്യം.

യുവ നേതാവും ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യ കുമാറിനെ സിപിഐ ദേശീയ കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുത്തു. 125 അംഗ ദേശീയ കൗണ്‍സിലിനെയാണ് കൊല്ലത്ത് നടക്കുന്ന സിപിഐയുടെ 23ാം പാര്‍ട്ടി തിരഞ്ഞെടുത്തത്. എസ് സുധാകര്‍ റെഡ്ഡിയെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് ഇത്തവണ ആറു പുതുമുഖങ്ങള്‍ അടക്കം 15 പേരാണ് ഉള്ളത്.

ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനം ഉള്‍പ്പടെ നേതൃത്വത്തിന് വ്യക്തമായ നിലപാടോ ആശയ വ്യക്തതയോ ഇല്ലെന്ന് പറഞ്ഞ കനയ്യ കുമാര്‍, പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്മേല്‍ സംസാരിക്കവേ രൂക്ഷ വിമര്‍ശനം നടത്തുകയും സിപിഐയെ ‘കണ്‍ഫ്യൂസിംഗ് പാര്‍ട്ടി ഓഫ് ഇന്ത്യ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്ന് സിപിഐ സ്ഥാനാര്‍ഥിയായി കനയ്യ കുമാര്‍ മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നതിന് ഇടയിലാണ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി കനയ്യ കുമാറിനെ തിരഞ്ഞെടുത്തിരിക്കുന്നത്. കോണ്‍ഗ്രസും ആര്‍ജെഡിയും പിന്തുണയ്ക്കുകയാണ് എങ്കില്‍ ബിഹാറില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താല്‍പര്യമുണ്ട് എന്ന് കനയ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ നിന്നുള്ള അംഗങ്ങളെ എടുത്താല്‍ കെഇ ഇസ്മായില്‍ പക്ഷത്തിനെ പൂര്‍ണമായും ഒതുക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരുടെ ആധിപത്യമാണ് ഉറപ്പിച്ചിരിക്കുന്നത്. കേന്ദ്ര സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കിയ പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. കെപി രാജേന്ദ്രന്‍, എന്‍ അനിരുദ്ധന്‍, എന്‍ രാജന്‍, ഇ ചന്ദ്ര ശേഖരന്‍, പി വസന്തം, മഹേഷ് കക്കത്ത് (കാന്‍ഡിഡേറ്റ് മെമ്പര്‍) എന്നിവര്‍ ദേശീയ കൗണ്‍സിലില്‍ പുതുതായി ഇടം പിടിച്ചപ്പോള്‍ സി ദിവാകരന്‍, സത്യന്‍ മൊകേരി, കമല സദാനന്ദന്‍, സിഎന്‍ ചന്ദ്രന്‍ എന്നിവര്‍ ഒഴിവായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍