UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലിം ലീഗിനെതിരെ കാന്തപുരം; തന്നോടുള്ള വിരോധം പുതിയ പ്രതിഭാസമല്ല

”സുന്നി വേദികളെ രാഷ്ട്രീയക്കാര്‍ നിയന്ത്രിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു. സുന്നി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ രാഷ്ട്രീയക്കാരുടെ പ്രസംഗം കേട്ടു തിരിച്ചുപോകേണ്ട അവസ്ഥയായിരുന്നു അന്ന്. ആ കാലം കഴിഞ്ഞുവെന്നു സുന്നികള്‍ പ്രവര്‍ത്തികളിലൂടെ തെളിയിച്ചു”

മുസ്ലിം ലീഗിന് തന്നോടും സുന്നി പ്രസ്ഥാനത്തോടുമുള്ള വിരോധം 1989 ല്‍ തുടങ്ങിയതല്ലെന്നും സുന്നികളോടുള്ള മുസ്ലിം ലീഗിന്റെ എതിര്‍പ്പിന്റെ ആദ്യത്തെ ഇര ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ ആയിരുന്നുവെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മുസ്ലിംകളിലെ താഴേക്കിടയിലെ ജനങ്ങളുടെ ശാക്തീകരണത്തിനു എസ് വൈ എസ് തുടക്കമിട്ടതും കുറിച്ചതും മതപണ്ഡിതന്മാര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനാവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കി കൊടുക്കാന്‍ സമസ്ത നീക്കങ്ങള്‍ ആരംഭിച്ചതുമാണ് മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ചത്- മര്‍കസ് റൂബി ജൂബിലി സുവനീറിനു വേണ്ടി തയ്യാറാക്കിയ അഭിമുഖത്തിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്.

സ്വാതന്ത്ര്യാനന്തരത്തിനു ശേഷം മുസ്ലിം പ്രമാണിമാര്‍ക്കും പഴയകാല ജന്മിമാര്‍ക്കും മതപണ്ഡിതന്മാരോട് ഉണ്ടായിരുന്ന എതിര്‍പ്പിനെ മുസ്ലിം ലീഗ് ഏറ്റെടുക്കുകയും അതിനു രാഷ്ട്രീയ മുഖം നല്‍കുകയായിരുന്നു. യഥാര്‍ഥത്തില്‍ രാഷ്ട്രീയമായ എതിര്‍പ്പല്ല ഇത്. പഴയ ജന്മിമാര്‍ക്കു കുടിയാന്മാരോടുള്ള എതിര്‍പ്പിന്റെ തുടര്‍ച്ചയാണിത്. മതപണ്ഡിതന്മാര്‍ സ്വന്തമായി അഭിപ്രായം പറയരുതെന്ന നിലപാടാണ് അവര്‍ക്ക് . മുസ്ലിം ലീഗും പ്രമാണിമാരും തമ്മിലുള്ള ബാന്ധവത്തിനു ചാലക ശക്തിയായി പ്രവര്‍ത്തിച്ചത് വഹാബിസമാണ്. വലിയ ജന്മി കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു ആദ്യകാലത്തെ വഹാബി നേതാക്കള്‍. പിന്നീട് ഈ തറവാട്ടുകാര്‍ തമ്മിലുള്ള വിവാഹ ബന്ധങ്ങളിലൂടെയാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് വഹാബിസം പ്രചരിച്ചത്. പോലീസിലും അധികാരികളിലും അക്കാലത്ത് ഇവര്‍ക്കുണ്ടായിരുന്നു സ്വാധീനം നിമിത്തം വഹാബികള്‍ക്കെതിരെ സുന്നികളുടെ കേസ് വാദിക്കാന്‍ വക്കീലിനെ കിട്ടുക പോലും പ്രയാസമായിരുന്നു. ഭൂമിയും മറ്റുമായി ബന്ധപ്പെട്ടു പ്രമാണിമാര്‍ക്ക് ഒരുപാട് കേസുകള്‍ ഉണ്ടാകും. സുന്നികളുടെ കേസ് ഏറ്റെടുത്താല്‍ അതൊക്കെ നഷ്ടപ്പെടും എന്ന പേടിയായിരുന്നു അവര്‍ക്ക്- കാന്തപുരം പറഞ്ഞു.

കേരളത്തിലെ മുസ്ലിംകളുടെ സാമൂഹികാന്തരീക്ഷത്തിലേക്ക് മോശം പ്രവണതകള്‍ കടന്നുവന്നത് മുസ്ലിം ലീഗിലെ പിളര്‍പ്പോടെയാണ്. മുസ്ലിം നേതാക്കളെയും സയ്യിദന്മാരെയും അവഹേളിക്കുന്ന മുദ്രാവാക്യങ്ങള്‍, ആളുകളെ വ്യക്തി ഹത്യ ചെയ്യുന്ന ആരോപണ-പ്രത്യാരോപണങ്ങള്‍ എന്നിവയെല്ലാം ഈ സമുദായത്തില്‍ വ്യാപകമായത് ലീഗിലെ ആദ്യ പിളര്‍പ്പിന്റെ സമയത്താണ്. പ്രമുഖ പണ്ഡിതനും അക്കാലത്തെ സമസ്തയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഇ കെ അബൂബക്കര്‍ മുസ്ലിയാരെ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജില്‍ നിന്നും പുകച്ചു പുറത്തു ചാടിച്ചത് ലീഗിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു. സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു സുന്നികള്‍ക്കിടയില്‍ ശക്തമായ ബോധ്യം ഉണ്ടാക്കി എന്നതാണ് ലീഗിലെ ഈ പിളര്‍പ്പ് സുന്നികളെ പഠിപ്പിച്ച പാഠം. 1989 ലെ സമസ്തയുടെ പുനഃ സംഘാടനത്തിനു ശേഷം ഞങ്ങള്‍ക്കെതിരെ വിളിച്ച മുദ്രാവാക്യങ്ങളെക്കാള്‍ മോശം മുദ്രാവാക്യങ്ങളും ആരോപണങ്ങളും സ്വന്തം നേതാക്കള്‍ക്കും സയ്യിദന്മാര്‍ക്കുമെതിരെ ലീഗ് വിളിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ലീഗിന്റെ ഞങ്ങളോടുള്ള സമീപനത്തില്‍ ഒരിക്കലും തോന്നിയിട്ടില്ലെന്നും കാന്തപുരം പറഞ്ഞു.

മുസ്ലിം ലീഗ് എന്നതിനെ റാബിത എന്നു പരിഭാഷപ്പെടുത്തി താനും മര്‍കസും അറബ് ലീഗിനെതിരാണെന്നു വ്യാപകമായി പ്രചരിപ്പിച്ചു. യു എ ഇ യിലെ അല്‍ ഇത്തിഹാദ് പത്രത്തില്‍ മര്‍കസിനെതിരെ പരസ്യം കൊടുക്കാന്‍ ഔഖാഫില്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തി. തങ്ങളുടെ ഭാഗം കൂടി കേട്ടിട്ടേ അങ്ങനെ ചെയ്യാവൂ എന്നു ഞങ്ങള്‍ ആവശ്യപ്പെട്ടു. ഇരുഭാഗത്തെയും വിളിച്ചതനുസരിച്ചു ഞാനും ചിത്താരി ഹംസ മുസ്ലിയാരും പോയി. ഏറെ കാത്തു നിന്നുവെങ്കിലും പരാതിക്കാര്‍ വന്നില്ല. ഔഖാഫ് അധികൃതര്‍ പരാതിയുടെ ഫയല്‍ തന്നെ എന്നെ തിരിച്ചേല്‍പ്പിച്ചു. ബഹ്റൈന്‍ ഔഖാഫില്‍ ഞാന്‍ കമ്മ്യൂണിസ്‌റ് ചാരനാണ് എന്ന ആക്ഷേപം ഉന്നയിച്ചു നല്‍കിയ പരാതിയില്‍ ഒപ്പിട്ടവരില്‍ ലീഗിലെ വിഭാഗീയതയുടെ കാലത്ത് കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണയോടെ തിരഞ്ഞെടുപ്പില്‍ ജയിച്ചവരും ഉണ്ടായിരുന്നു. റിയാദില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തന്റെ മലയാളം ലേഖങ്ങളുടെയും പ്രസംഗങ്ങളുടെയും അറബി പരിഭാഷ തയ്യാറാക്കിയവരെ കണ്ടാലേ ചോദ്യങ്ങള്‍ക്കു മറുപടിപറയാനൊക്കൂ എന്നു ഞാന്‍ ആവശ്യപ്പെട്ടു. പരാതിക്കാരെ തേടിപ്പോയ പോലീസിനു വേരുകയ്യോടെ തിരിച്ചുപോരേണ്ടി വന്നു. എതിര്‍പ്പുണ്ടെങ്കില്‍ ഒളിയുദ്ധം നടത്താതെ നേരിട്ടു പ്രകടിപ്പിക്കണം.

മര്‍കസിന്റെ സ്ഥാപനങ്ങള്‍ക്ക് ഒരുകാലത്ത് ഇടങ്കോലിട്ടവരുടെ പുതിയ തലമുറ തങ്ങള്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നില്‍ സമരം നടത്തേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. അതാണ് സുന്നികള്‍ കൊണ്ടുവന്ന മാറ്റം. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് മുസ്ലിം ലീഗിനെതിരെ തങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഏറ്റുപിടിക്കാനും പിന്തുണയ്ക്കാനും കൂടുതല്‍ ആളുകള്‍ ഉണ്ടാകുന്നത് സന്തോഷകരമായ കാര്യമാണെന്നും സുന്നികള്‍ക്ക് ആത്മാഭിമാനം നല്‍കുന്ന ഏതു സമീപനങ്ങള്‍ക്കും തന്റെ പിന്തുണയുണ്ടെന്നും മുസ്ലിം ലീഗിനെതിരെ ഇ കെ വിഭാഗം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിത്തോട് അദ്ദേഹം പ്രതികരിച്ചു.

സുന്നി വേദികളെ രാഷ്ട്രീയക്കാര്‍ നിയന്ത്രിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു. സുന്നി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ രാഷ്ട്രീയക്കാരുടെ പ്രസംഗം കേട്ടു തിരിച്ചുപോകേണ്ട അവസ്ഥയായിരുന്നു അന്ന്. ആ കാലം കഴിഞ്ഞുവെന്നു സുന്നികള്‍ പ്രവര്‍ത്തികളിലൂടെ തെളിയിച്ചു. സുന്നികള്‍ക്കിപ്പോള്‍ അത്തരം ഭീതികളൊന്നുമില്ല.- അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍