UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഎഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച: കേജ്രിവാള്‍ ലെഫ്.ഗവര്‍ണറുടെ വീട്ടിലെ കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ചു

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ലെഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ കത്ത് നല്‍കുകയും സെക്രട്ടറിയേറ്റില്‍ കേജ്രിവാളും ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

എട്ട് ദിവസത്തെ കുത്തിയിരിപ്പ് പ്രതിഷേധത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ലെഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതി വിട്ട് പുറത്തിറങ്ങി. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ലെഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ കത്ത് നല്‍കുകയും സെക്രട്ടറിയേറ്റില്‍ കേജ്രിവാളും ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

നാല് മാസത്തോളമായി തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തിനും ഭരണത്തില്‍ ലെഫ്.ഗവര്‍ണര്‍ നടത്തുന്ന ഇടപെടലുകള്‍ക്കും എതിരായാണ് കേജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രിമാരായ സത്യേന്ദ്ര ജെയിനും ഗോപാല്‍ റായിയും രാജ്‌നിവാസില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നത്. നിരാഹാര സമരം നടത്തിയിരുന്ന സത്യേന്ദ്ര ജെയിനിനേയും മനീഷ് സിസോദിയയേയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിസഹകരണത്തിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്ത് തുടങ്ങിയിരിക്കുന്നു. ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട്, പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈന്‍, സാമൂഹ്യക്ഷേമ മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം എന്നിവരെല്ലാം വിളിച്ച യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ചീഫ് സെക്രട്ടറി അംശു പ്രകാശിനെ മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനിടെ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ മര്‍ദ്ദിച്ചതായി ആരോപിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരം തുടങ്ങിയത്. ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സുരക്ഷ കെജ്രിവാള്‍ വാഗ്ദാനം ചെയ്തതോടെ അവര്‍ അയയുകയായിരുന്നു. കെജ്രിവാളിന്റെ പ്രതിഷേധത്തിന് കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പിന്തുണ നല്‍കിയിരുന്നു.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍