UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പല്‍ ഉച്ചയ്ക്ക് 2 മണിയോടെ തിരുവനന്തപുരം തീരത്ത് എത്തും. നേവിയുടെ കപ്പല്‍ വൈകുന്നേരം 5 മണിയോടെ എത്തും. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് കപ്പല്‍ തിരച്ചില്‍ നടത്തുക.

ഓഖി ദുരന്തത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതശരീരം കരയിലെത്തിക്കുന്നതിനും കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ പത്ത് ദിവസം കൂടി തുടരണമെന്ന് നാവികസേന,കോസ്റ്റ് ഗാര്‍ഡ്,വ്യോമസേന എന്നീ വിഭാഗങ്ങളോട് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ് ഗാര്‍ഡിനും അടിയന്തിരസന്ദേശമയച്ചു.

നേവിയും കോസ്റ്റ് ഗാര്‍ഡും ആവശ്യമായ കപ്പലുകളുപയോഗിച്ച് ആഴക്കടലില്‍ തെരച്ചില്‍ നടത്തണം.കപ്പലുകള്‍ വിഴിഞ്ഞം ഭാഗത്ത് കൊണ്ടുവന്ന് മല്‍സ്യത്തൊഴിലാളികളെക്കൂടി തെരച്ചിലിന് കൊണ്ടുപോകണം. തെരച്ചിലിന് പോകാന്‍ സന്നദ്ധതയുള്ള മല്‍സ്യത്തൊഴിലാളികളെ തിരുവനന്തപുരം കളക്റ്റര്‍ വിഴിഞ്ഞത്തെത്തിക്കും. തെരച്ചിലിനുപയോഗിക്കുന്ന ബോട്ടുകളിലും മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തണം.

കോസ്റ്റ് ഗാര്‍ഡും നേവിയും ആവശ്യപ്പെട്ടാല്‍ ജില്ലാ ഭരണസംവിധാനം ഒരുദ്യോഗസ്ഥനെ തെരച്ചിലിനുള്ള കപ്പലില്‍ നിയോഗിക്കണം. ചികില്‍സയ്ക്കും മൃതശരീരം കണ്ടെത്തിയാല്‍ അവ സൂക്ഷിക്കുന്നതിനും പ്രധാനതീരപ്രദേശകേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് സൗകര്യമൊരുക്കും. വിഴിഞ്ഞം,പൊഴിയൂര്,പൂന്തുറ ഭാഗങ്ങളില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷണം ശക്തിപ്പെടുത്തണം.

പത്ത് ദിവസം കഴിഞ്ഞതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നിര്‍ദേശങ്ങള്‍ നല്‍കുന്നതാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. നാവികസേന,കോസ്റ്റ് ഗാര്‍ഡ്,വ്യോമസേനാ വിഭാഗങ്ങളുടെ പ്രധാന ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചീഫ് സെക്രട്ടറി ഫോണില്‍ സംസാരിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍