UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണതാകാം എന്ന് പൊലീസ്

കെവിനെ തട്ടിക്കൊണ്ടുപോയ സംഘം പുഴയില്‍ മുക്കിക്കൊന്നുവെന്ന സംശയം നിലനില്‍ക്കേയാണ് പൊലീസ് റിപ്പോര്‍ട്ട്.

കെവിന്റേത് മുങ്ങിമരണമെന്ന് ഇടക്കാല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 14 മുറിവുകള്‍ കണ്ടെത്തിയെങ്കിലും ഇതൊന്നും മരണകാരണമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കും. രക്ഷപ്പെടാന്‍ വേണ്ടി ചാടിയപ്പോള്‍ പുഴയിലേയ്ക്ക് വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്ന് കരുതി വെള്ളത്തിലേയ്ക്ക് തള്ളിയതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മുങ്ങിമരണം സ്ഥിരീകരിക്കുന്നതിനായി കെവിന്റെ ശ്വാസകോശത്തിലെ വെള്ളവും തോട്ടിലെ വെള്ളവും പരിശോധിച്ചിരുന്നു. തെന്മലയിലേക്കുള്ള യാത്രയ്ക്കിടെ കെവിന്‍ കാറില്‍ നിന്ന് ചാടിപ്പോയി എന്നാണ് മുഖ്യപ്രതിയും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോ പറഞ്ഞത്. പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.

പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ: ‘കഴിഞ്ഞ ഞായറാഴ്ച മാന്നാനത്തെ അനീഷിന്റെ വീട്ടില്‍ നിന്ന് സംഘം തട്ടിക്കൊണ്ടുപോയ കെവിന്‍ തെന്മലയ്ക്ക് സമീപം ചാലിയേക്കരയില്‍ വച്ച് കാറില്‍ നിന്ന് ഇറങ്ങിയോടി. അക്രമിസംഘം കെവിനെ പിന്തുടര്‍ന്നു. കെവിന്‍ ഓടുന്നത് വലിയ കുഴിയും അതിന്റെ അപ്പുറം നല്ല ഒഴുക്കും ആഴവുമുള്ള ചാലിയേക്കര ആറും ഉള്ള സ്ഥലത്തേക്കാണെന്ന് ഗുണ്ടാസംഘത്തിന് അറിയാമായിരുന്നു. പ്രാണരക്ഷാര്‍ഥം ഓടിയ കെവിന്‍ പുഴയില്‍ വീഴുമെന്നും മരിക്കുമെന്നും അറിഞ്ഞുകൊണ്ട്, ഗുണ്ടാസംഘം കെവിനെ പിന്തുടരുന്നതു നിര്‍ത്തി. മുന്നോട്ടോടുന്ന കെവിന്‍ പുഴയില്‍ വീണു മരിക്കുമെന്ന് അറിഞ്ഞു തന്നെയാണു പ്രതികള്‍ പിന്‍വാങ്ങിയത്’. കെവിനെ തട്ടിക്കൊണ്ടുപോയ സംഘം പുഴയില്‍ മുക്കിക്കൊന്നുവെന്ന സംശയം നിലനില്‍ക്കേയാണ് പൊലീസ് റിപ്പോര്‍ട്ട്. രക്ഷപെട്ടു പോകാനുള്ള സാധ്യതയില്ലെന്ന് സ്ഥലപരിശോധന നടത്തിയപ്പോഴും പൊലീസ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍