UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം തടവ്: ബില്‍ പ്രതിപക്ഷ എതിര്‍പ്പോടെ ലോക് സഭ പാസാക്കി

മുത്തലാഖ് ചൊല്ലുന്ന പുരുഷന് തടവുശിക്ഷ നല്‍കുന്നതിലും ജീവനാംശം സംബന്ധിച്ചുമാണ് കോണ്‍ഗ്രസ് എതിര്‍പ്പ് ഉയര്‍ത്തിയത്. കോണ്‍ഗ്രസും സിപിഎമ്മും നിര്‍ദ്ദേശിച്ച ഭേദഗതികള്‍ തള്ളിക്കൊണ്ടാണ് ബില്‍ പാസാക്കിയത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ എതിര്‍പ്പുകളെ മറികടന്ന്, ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ഒറ്റയടിക്ക് മൂന്ന് തവണ തലാഖ് ചൊല്ലി ഏകപക്ഷീയമായി വിവാഹ മോചനം നേടുന്നത് നിയമവിരുദ്ധവും മൂന്ന് വര്‍ഷം തടവ് ശിക്ഷ കിട്ടുന്ന ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ചത്. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ പാസാക്കിയത്. ഇനി രാജ്യസഭയില്‍ ബില്‍ പാസാവണം. തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. രാഷ്ട്രപതി അംഗീകരിച്ചാല്‍ ബില്‍ നിയമമായി മാറും.

ബില്‍ അവതരിപ്പിക്കുന്നതിനോടുള്ള എതിര്‍പ്പ് ശബ്ദവോട്ടോടെ ലോക്‌സഭ നേരത്തെ തള്ളിയിരുന്നു. ഇത് ചരിത്ര ദിനമാണ് എന്ന് അഭിപ്രായപ്പെട്ട രവിശങ്കര്‍ പ്രസാദ്, സ്ത്രീകളുടെ ശാക്തീകരണം, ബഹുമാനം, അവകാശം എന്നിവയിലേക്കുള്ള പ്രധാന ചുവടുവയ്പാണെന്നും പറഞ്ഞു. മുത്തലാഖ് ചൊല്ലുന്നത് സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് മൗലികാവകാശ ലംഘനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിതമാണ് ബില്ലെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെ്ട്ടു. ബിജു ജനതാദളും എഐഎംഐഎം (ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍) എംപി അസദുദീന്‍ ഒവൈസിയും എതിര്‍പ്പുമായെത്തി. ബില്‍ മുസ്‌ലിം സ്ത്രീകളോടുള്ള അനീതിയാണെന്നും സ്വാതന്ത്ര്യം നിഷേധിക്കലാണെന്നും ഒവൈസി അഭിപ്രായപ്പെട്ടു. മുത്തലാഖ് നിര്‍ത്തലാക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് ചില ഭേദഗതികള്‍ വേണമെന്ന് ആവശ്യപ്പെട്ടു. വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് കരട് തയാറാക്കിയതെന്നും പ്രതിപക്ഷം ആരോപിച്ചു. കോണ്‍ഗ്രസും സിപിഎമ്മും നിര്‍ദ്ദേശിച്ച ഭേദഗതികള്‍ തള്ളിക്കൊണ്ടാണ് ബില്‍ പാസാക്കിയത്.

അതേസമയം, ബില്ലില്‍ സമവായം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു. മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവും പിഴയും ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖിന് വിധേയയാകുന്ന ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാം. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്ന് ഭാര്യയ്ക്ക് കോടതിയോട് ആവശ്യപ്പെടാം. മുത്തലാഖ് ചൊല്ലുന്ന പുരുഷന് തടവുശിക്ഷ നല്‍കുന്നതിലും ജീവനാംശം സംബന്ധിച്ചുമാണ് കോണ്‍ഗ്രസ് എതിര്‍പ്പ് ഉയര്‍ത്തിയത്. അതേസമയം ബില്ലിനോട് വിയോജിപ്പ് ഉയര്‍ത്തിയെങ്കിലും മുത്തലാഖ് നിരോധനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് നിലപാടെടുത്തു. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സഭയില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. ബില്‍ സ്റ്റാഡിങ് കമ്മിറ്റിക്ക് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം ചെവികൊണ്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍