UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാജ വാഹന രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് സര്‍ക്കാരിന്റെ ‘ബജറ്റ് സഹായം’ – പൊതുമാപ്പ്

പത്ത് വര്‍ഷത്തിനിടെ നികുതി വെട്ടിച്ച് പുതുച്ചേരിയില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്ത 23,0000 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക.

ആഡംബര വാഹനങ്ങള്‍ വ്യാജവിലാസം നല്‍കി നികുതി വെട്ടിച്ച് പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബജറ്റില്‍ സര്‍ക്കാരിന്റെ ‘ബജറ്റ് സഹായം’. കേരളത്തില്‍ അടയ്‌ക്കേണ്ട നികുതി ഏപ്രില്‍ 30നകം അടയ്ക്കാന്‍ അവസരമൊരുക്കുന്ന പൊതുമാപ്പ് (ആംനസ്റ്റി) പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടെ നികുതി വെട്ടിച്ച് പുതുച്ചേരിയില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്ത 23,0000 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് നിന്ന് വാങ്ങി പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിച്ച് കേരളത്തില്‍ സ്ഥിരമായി ഓടുന്ന ഏതാണ്ട് 23,000 വാഹനങ്ങളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തില്‍ നികുതി വെട്ടിച്ച, 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള 1350 കാറുകളുണ്ട്. ഇവര്‍ക്കെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പും ക്രൈംബ്രാഞ്ചും നടപടി തുടങ്ങിയത്. ഇതിനകം മൂന്ന് സിനിമ താരങ്ങള്‍ക്കും 11 ആഡംബര കാര്‍ ഡീലര്‍മാര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഡീലര്‍മാര്‍ക്കെതിരായ കേസുകളില്‍ 220 കാറുടമകളേയും പ്രതി ചേര്‍ത്തു.

ഓരോ ഡീലര്‍മാരും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ വിറ്റ കാറുകള്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയതിലാണ് കേസ്. പുതുച്ചേരിയിലെ മറ്റുള്ളവരുടെ വിലാസവും രജിസ്ട്രേഷന്‍ വിവരവും നല്‍കാന്‍ അവിടത്തെ പൊലീസിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുകയും ചെയ്തു. അതിനിടെയാണ് ധനമന്ത്രിയുടെ ബജറ്റ് ഇളവ്. ഇതേ നികുതിവെട്ടിപ്പിന്റെ പേരില്‍ ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമല പോള്‍ എന്നീ താരങ്ങള്‍ക്കെതിരെ കേസ് എടുക്കുകയും ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് വരുത്തി ചോദ്യംചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഒരേ കുറ്റം ചെയ്തവര്‍ക്ക് രണ്ട് നീതി എന്നപോലെയായി ബജറ്റ് പ്രഖ്യാപനം.

വ്യവസായികള്‍, ചലച്ചിത്ര താരങ്ങള്‍, രാഷ്ട്രീയ നേതാക്കന്മാരുടെ മക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, വമ്പന്‍മാരുടെ ബിനാമികള്‍ എന്നിവര്‍ ഈ പട്ടികയിലുണ്ട്. ഈയിടെ സിപിഎം ഉന്നതന്‍ ഇത്തരം ഒരു കാറില്‍ പാര്‍ട്ടി ജാഥയുടെ ഭാഗമായി യാത്ര ചെയ്തത് ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇനി തുടര്‍നടപടി വേണ്ടെന്ന തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്. ഇത്തരം വാഹനങ്ങള്‍ കേരളത്തില്‍ കണ്ടാല്‍ പിടിച്ചെടുക്കാന്‍ ഗതാഗത കമ്മിഷണറും ഉത്തരവിട്ടിരുന്നു. അതും ഇനിയുണ്ടാകില്ല. ഒരു കോടി രൂപയുടെ വാഹനത്തിന് കേരളത്തില്‍ 20 ലക്ഷവും പുതുച്ചേരിയില്‍ ഒരു ലക്ഷവുമാണ് നികുതി. ഇതാണ് നികുതി വെട്ടിപ്പിന് പലരേയും പ്രേരിപ്പിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചവര്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ നികുതിയും പിഴയുമായി 12 കോടി രൂപ ഖജനാവില്‍ അടച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍