UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രിപുരയില്‍ സിപിഎമ്മിന്റെ സ്വാധീനം ഇടിഞ്ഞു; നേതാക്കളുടെ സമീപനം മാറണം: എംഎ ബേബി

ത്രിപുരയില്‍ ജനവികാരം മനസിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. കോണ്‍ഗ്രസിന്‍റെ 36.5 ശതമാനം വോട്ട് ബിജെപിക്ക് ചോര്‍ന്നു എന്ന് പറയുമ്പോളും അതില്‍ ഒരു ശതമാനം വോട്ട് പോലും നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി.

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ബിജെപി പണമൊഴുക്കി നടത്തിയ പ്രചാരണം മാത്രമല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംസ്ഥാനത്തെ സിപിഎമ്മിന്റെ സ്വാധീനത്തില്‍ വലിയ ഇടിവുണ്ടായെന്നും ഏഴ് ശതമാനം വോട്ട് നഷ്ടമായത് ഇതാണ് വ്യക്തമാക്കുന്നതെന്ന് എംഎ ബേബി പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് എംഎ ബേബി സ്വയംവിമര്‍ശനപരമായി തുറന്നടിച്ചത്. നേതാക്കളുടെ ശൈലിയും സമീപനവും മാറണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് സഖ്യമല്ല ഇതിന് പരിഹാരമെന്നും ബേബി അഭിപ്രായപ്പെട്ടു. ബിജെപിക്കെതിരെ യാതൊരു ചെറുത്തുനില്‍പ്പും ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും ബേബി ചൂണ്ടിക്കാട്ടി.

ത്രിപുരയില്‍ ജനവികാരം മനസിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. കോണ്‍ഗ്രസിന്‍റെ 36.5 ശതമാനം വോട്ട് ബിജെപിക്ക് ചോര്‍ന്നു എന്ന് പറയുമ്പോളും അതില്‍ ഒരു ശതമാനം വോട്ട് പോലും നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി. പാര്‍ട്ടി വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായി. മണിക് സര്‍ക്കാരിനും മറ്റ് നേതാക്കള്‍ക്കും എതിരെ പ്രചാരണ ഘട്ടത്തില്‍ ബിജെപി ഉയര്‍ത്തിയ ആരോപണങ്ങളെ ചെറുക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ലെന്നും എംഎ ബേബി പറഞ്ഞു.

തിരുത്തേണ്ട പല പോരായ്മകളും അവിടെ ഉണ്ടായിരുന്നിരിക്കണമെന്ന് ബേബി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആധുനിക വ്യവസായ സംരംഭങ്ങളും അവിടെ ഉണ്ടായില്ല എന്നത് വസ്തുതയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ത്രിപുര പിന്നിലാണ്. യുവാക്കളെ വിശ്വാസത്തിലെടുക്കാന്‍ സിപിഎമ്മിനോ ഇടതുമുന്നണിക്കോ കഴിഞ്ഞോ എന്നും പരിശോധിക്കപ്പെടണം. ത്രിപുരയിലെ പരാജയം സംബന്ധിച്ച് പാര്‍ട്ടി വ്യക്തമാക്കിയ ഔദ്യോഗിക നിലപാടില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് എംഎ ബേബി പുറത്ത് പറഞ്ഞിരിക്കുന്നത്. പാര്‍ട്ടി കമ്മിറ്റിക്ക് പുറത്തുള്ള ബേബിയുടെ വിമര്‍ശനം സിപിഎമ്മില്‍ വലിയ കോളിളക്കം ഉണ്ടാക്കിയെക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍