UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദലിത് പ്രതിഷേധം പൂനെയില്‍ നിന്ന് മുംബൈയിലേയ്ക്കും; സംസ്ഥാന വ്യാപക ബന്ദിന് പ്രകാശ് അംബേദ്‌കറുടെ ആഹ്വാനം

മുലുന്ദ്, ചെമ്പൂര്‍, ഭാണ്ഡൂപ്‌, വിക്രോളിയിലെ രമാബായ് അംബേദ്കര്‍ നഗര്‍, കുര്‍ളയിലെ നെഹ്രു നഗര്‍ എന്നിവടങ്ങളിലെല്ലാം 100കണക്കിന് പ്രതിഷേധക്കാര്‍ ഗതാഗതം തടസപ്പെടുത്തി. കലാപം തടയാന്‍ റയട്ട് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

പൂനെയിലെ അതിക്രത്തില്‍ ദലിത് പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം മുംബൈയിലേയ്ക്കും പടര്‍ന്നു. നാളെ സംസ്ഥാനവ്യാപക ബന്ദിന്, ഭരിപ ബഹുജന്‍ മഹാസംഘ് നേതാവും ഡോ.ബിആര്‍ അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍ ആഹ്വാനം ചെയ്തു. ദലിതര്‍ക്കെതിരായ മറാത്ത സമുദായക്കാരുടെ അക്രമത്തില്‍ നടപടി വേണമെന്ന് ദലിത് സംഘടനകള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം കൊല്ലപ്പെട്ടയാള്‍ മറാത്ത സമുദായക്കാരനാണ് എന്നാണ് പൊലീസ് പറയുന്നത്. ഒരു പ്രതിഷേധക്കാരന്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും അയാളെ രക്ഷിച്ചു. സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് പ്രശ്‌നമുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. തിങ്കളാഴ്ചത്തെ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.

ഭീമ കോറിഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ദലിത് സംഘടകളുടെ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. 1818ല്‍ നടന്ന യുദ്ധത്തില്‍ ദലിത് സൈനികര്‍ ഉള്‍പ്പെട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യം സവര്‍ണജാതിക്കാരായ മറാത്ത പേഷ്വമാരുടെ സൈന്യത്തെ തോല്‍പ്പിച്ചു. ‘വിജയ് ദിവസ്’ ആയി ഈ ദിനം ദലിത് സംഘടനകള്‍ ആഘോഷിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് മറാത്തകള്‍ ദലിതര്‍ക്ക് നേരെ അക്രമമഴിച്ചുവിട്ടത്. ഒരു മാധ്യമപ്രവര്‍ത്തകന് നേരെ അക്രമമുണ്ടായി. അതേസമയം കലാപത്തിന് പിന്നില്‍ ബിജെപിയും സംഘപരിവാറും ആണെന്ന് പ്രകാശ് അംബേദ്‌കര്‍ പറഞ്ഞു.

മുലുന്ദ്, ചെമ്പൂര്‍, ഭാണ്ഡൂപ്‌, വിക്രോളിയിലെ രമാബായ് അംബേദ്കര്‍ നഗര്‍, കുര്‍ളയിലെ നെഹ്രു നഗര്‍ എന്നിവടങ്ങളിലെല്ലാം നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഗതാഗതം തടസപ്പെടുത്തി. കലാപം തടയാന്‍ റയട്ട് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും കല്ലേറുണ്ടായി. മുംബൈയ്ക്ക് സമീപം ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. മറാത്ത സംഘടനകള്‍ പൂനെയില്‍ അക്രമമഴിച്ചുവിട്ടു. ബസുകളടക്കമുള്ള വാഹനങ്ങള്‍ തകര്‍ത്തു. കടകളും വ്യാപാര സ്ഥാപനങ്ങളും പലയിടങ്ങളിലും അടഞ്ഞുകിടക്കുന്നു. സബര്‍ബന്‍ ട്രെയ്ന്‍ സര്‍വീസുകള്‍ പല ഭാഗങ്ങളിലും നിര്‍ത്തിവച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍