UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്‌കൂളില്‍ പരിശോധനയ്‌ക്കെത്തിയ മന്ത്രി ക്ലാസ് മുറിയിലുള്ളവരെ കണ്ട് ഞെട്ടി

മണിപ്പൂര്‍ വിദ്യാഭ്യാസ മന്ത്രിക്കാണ് സ്‌കൂളുകളില്‍ പല കാഴ്ചകളും കാണേണ്ടി വന്നത്

മണിപ്പൂര്‍ വിദ്യാഭ്യാസ മന്ത്രി ടി രാധേശ്യാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. കാരണം, ക്ലാസ് മുറിയില്‍ കുട്ടികള്‍ക്ക് പകരം ആടുകള്‍! അതും രണ്ടു ക്ലാസ് മുറികളില്‍…ആവിശ്യത്തിനു വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്‌കൂളില്‍ ഉണ്ടെന്ന് ഖെലാഖോങ് സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് പറഞ്ഞിരുന്നിടത്താണ്, കുട്ടികള്‍ക്ക് പകരം വിദ്യാഭ്യാസ മന്ത്രിക്ക് ആടുകളെ കാണേണ്ടി വന്നത്. കുട്ടികളുടെ കണക്കില്‍ കള്ളത്തരം കാണിച്ച് സര്‍ക്കാരില്‍ നിന്നും , ഉച്ചഭക്ഷണം, പുസ്തകങ്ങള്‍, യൂണിഫോം എന്നിവയെല്ലാം കൃത്യമായി വാങ്ങിച്ചെടുക്കുന്നവരാണ് സ്‌കൂള്‍ അധികൃതര്‍. പക്ഷേ, അവര്‍ പറയുന്ന കണക്കിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മായാങ്ക് ഇംഫാല്‍ വാബാഗയ് മണ്ഡലങ്ങളിലെ സ്‌കൂളുകളിലാണ് ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. പല സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളെ കാണാനില്ല, സ്‌കൂള്‍ കെട്ടിടങ്ങളാണെങ്കില്‍ മോശമായ അവസ്ഥയില്‍. പുതുക്കി പണിയുന്നതു കൊണ്ട് കാര്യമില്ലെങ്കില്‍, പുതിയ കെട്ടിടങ്ങള്‍ തീര്‍ച്ചയായും നിര്‍മിക്കേണ്ടതാണ്… നിരാശപ്പെടുത്തുന്ന കാര്യങ്ങളാണിതൊക്കെ; മന്ത്രി പറയുന്നു.

ചില സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളെ മാത്രമല്ല, അധ്യാപകരേയും കാണാനില്ല. സ്‌കൂളില്‍ വരാതിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാത്ത അധ്യാപകര്‍ക്കെതിരേ തീര്‍ച്ചയായും നടപടിയുണ്ടാവും; മന്ത്രി അറിയിച്ചു.

അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഏകദേശം 200 ഓളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു ഖേലാഖോംഗിലെ സ്‌കൂളില്‍ എന്ന് പ്രദേശവാസികള്‍ തന്നോട് അറിയിച്ചതായും മന്ത്രി മാധ്യമങ്ങളോടു പറയുന്നു. മറ്റൊരു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത് അവരുടെ സ്‌കൂളില്‍ 32 കുട്ടികള്‍ ഉണ്ടായിരുന്നുവെന്നാണ്, പക്ഷേ വെറും രണ്ടു വിദ്യാര്‍ത്ഥികളെയാണ് തനിക്കവിടെ കാണാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. മറ്റൊരിടത്ത് 72 കുട്ടികള്‍ ഉണ്ടെന്നു പറഞ്ഞിട്ട് ആകെ കണ്ടത് 16 പേരെ. തന്നെ കൂടാതെ രണ്ട് അധ്യാപകര്‍ കൂടി സ്‌കൂളിനുണ്ടെന്നായിരുന്നു ഹെഡ്മാസ്റ്റര്‍ പറഞ്ഞത്. പക്ഷേ അങ്ങനെ രണ്ട് അധ്യാപകരെ സ്‌കൂള്‍ പരിസരത്തൊന്നും താന്‍ കണ്ടില്ലെന്നും മന്ത്രി. അവര്‍ മറ്റു ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുപോയെന്നായി ഹെഡ്മാസ്റ്റര്‍. എന്നാല്‍ ഈ മറുപടി തൃപ്തികരമല്ലെന്നും അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കാനും മന്ത്രി നിര്‍ദേശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍