UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എന്തുകൊണ്ടാണ് ആ വൃദ്ധനായ രോഗി ഡോക്ടറെ ആക്രമിച്ചത്?

ഷിവ്രാലെ മദ്യപിച്ച് ബഹളം വെക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. പട്ടാളത്തില്‍ ചേര്‍ന്നത് മുതല്‍ താന്‍ മദ്യപിക്കാറുണ്ടെന്നും അത് തന്റെ ആസ്മ രോഗത്തിന് ആശ്വാസം നല്‍കാറുണ്ടെന്നും ഷിവ്രാലയുടെ വിശദീകരണം

അമിത ചികിത്സ ചിലവ് ഈടാക്കിയതിന്റെ പേരിലാണ് പൂനെയിലെ ഒരു ഡോക്ടറെ വൃദ്ധനായ രോഗി ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. നന്ദെഡ് പാട്ടയിലെ ഷിന്‍ഹാഗാദ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വച്ചാണ് 75കാരനായ മാരുതി ഷിവ്രാളെ എന്ന ആസ്മ രോഗി ഡോ. സന്തോഷ് ആവാരിയെ കുത്തി പരിക്കേല്‍പ്പിച്ചത്. ഈ മാസം 18നായിരുന്നു സംഭവം.

ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ചാര്‍ജ്ജുകളെ കുറിച്ച് അന്വേഷിച്ചിരുന്നവെന്ന് ഷിവ്രാളെയുടെ പുത്രന്‍ സുധീര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. പ്രതിദിനം രണ്ടായിരം രൂപയാണ് ആശുപത്രി ഫീസായി നല്‍കണമെന്നാണ് അധികൃതര്‍ അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍ നാലു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ബില്‍ തുകയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ 20,000 രൂപയായി എന്നാണ് അധികൃതര്‍ പറഞ്ഞത്. പ്രവേശന സമയത്ത് അടച്ച 5,250 രൂപയ്ക്ക് പുറമെ ആയിരുന്നു ഇത്. മരുന്നുകള്‍ക്കും 32 കുപ്പി ലവണജലത്തിനുമായി ഇതിനകം തന്നെ 8000 രൂപ വേറെ ചിലവായിരുന്നു. ബന്ധുക്കള്‍ ഇതിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടാണ് ഷിവ്രാലെ അക്രമാസക്തനായത്.

മറാത്ത ലൈറ്റ് ഇന്‍ഫാട്രിയില്‍ 12 വര്‍ഷം ജോലി ചെയ്തതിന് ഷിവ്രാലെയ്ക്ക് ലഭിക്കുന്ന 12,000 രൂപയാണ് കുടുംബത്തിന്റെ ആകെ വരുമാനം. ഇതില്‍ മൂവായിരം രൂപ വാടകയായും അഞ്ചൂറ് രൂപ വൈദ്യുതി ചാര്‍ജ്ജായും പോകും. ബാക്കി തുക കൊണ്ടാണ് നാലംഗങ്ങളുള്ള കുടുംബം ജീവിക്കുന്നത്. ഈ സാഹചര്യത്തിലാണ് അന്യായ ചികിത്സ ഫീസിനെതിരെ ഷിവ്രാലെ പ്രതികരിച്ചത്.

എന്നാല്‍ ഷിവ്രാലെ മദ്യപിച്ച് ബഹളം വെക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. പട്ടാളത്തില്‍ ചേര്‍ന്നത് മുതല്‍ താന്‍ മദ്യപിക്കാറുണ്ടെന്നും അത് തന്റെ ആസ്മ രോഗത്തിന് ആശ്വാസം നല്‍കാറുണ്ടെന്നും ഷിവ്രാലെ പറഞ്ഞു. എന്നാല്‍ താനൊരു മദ്യാസക്തനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 25,000 രൂപ ഈടാക്കി എന്ന ആരോപണം ഡോ. ആവാരിയും നിഷേധിച്ചു. എന്നാല്‍, ഷിവ്രാലെയ്‌ക്കെതിരെ നല്‍കിയിരുന്ന കേസുകള്‍ ആവാരി പിന്‍വലിച്ചിട്ടുണ്ട്. മനുഷ്യത്വപരമായ കാരണങ്ങളാലാണ് കേസ് പിന്‍വലിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍