UPDATES

ഇന്ത്യ

മെഹബൂബയും ഒമറും കാശ്മീരിനെ കൊള്ളയടിച്ചു: അമിത് ഷാ

മെഹബൂബ മുഫ്തിയുടേയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടേയും കുടുംബങ്ങള്‍ കാശ്മീരിലെ ജനങ്ങളുടെ സ്വത്ത് കയ്യടക്കി വച്ചിരിക്കുകയാണെന്നും ജമ്മുവിലെ റാലിയില്‍ അമിത് ഷാ ആരോപിച്ചു.

പിഡിപിയുമായുള്ള സഖ്യം പിരിഞ്ഞതിനെക്കുറിച്ച് വിശദീകരണവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മുഖ്യമന്ത്രിയായിരുന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തി ജമ്മു, ലഡാക് മേഖലകളെ പൂര്‍ണമായി അവഗണിച്ചിരുന്നതായി അമിത് ഷാ കുറ്റപ്പെടുത്തി. മെഹബൂബ മുഫ്തിയുടേയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടേയും കുടുംബങ്ങള്‍ കാശ്മീരിലെ ജനങ്ങളുടെ സ്വത്ത് കയ്യടക്കി വച്ചിരിക്കുകയാണെന്നും ജമ്മുവിലെ റാലിയില്‍ അമിത് ഷാ ആരോപിച്ചു. പിഡിപിയുമായുള്ള സഖ്യം പിരിയുകയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിന് ശേഷം ആദ്യമായാണ് അമിത് ഷാ ജമ്മു കാശ്മീരിലെത്തിയത്.

ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് ഷാ എത്തിയത്. ശ്രീനഗറില്‍ ജയിലില്‍ വച്ചുള്ള ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണം രക്ഷസാക്ഷി ദിനമായാണ് ബിജെപി ആചരിക്കുന്നത്. കാശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും സെയ്ഫുദീന്‍ സോസും ലഷ്‌കറെ തയിബയുടെ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഒരു ഡസന്‍ തവണയെങ്കിലും കാശ്മീരിലെത്തിയിട്ടുണ്ടെന്നും 80,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ ബിജെപിയുടെ വികസന ലക്ഷ്യങ്ങള്‍ എവിടെയും എത്തിയില്ല. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനായില്ല. സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ പ്രതിസന്ധിയിലാക്കി. സൈനികന്‍ ഔറംഗസേബിനേയും റൈസിംഗ് കാശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയേയും ഭീകരര്‍ വധിച്ചു – അമിത് ഷാ പറഞ്ഞു. അതേസമയം പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ജമ്മുവും ലഡാകും പൂര്‍ണമായും അവഗണിക്കപ്പെട്ടു. ഈ മേഖലകളെ ഉദ്ദേശിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയില്ല.

കഴിഞ്ഞ 70 വര്‍ഷക്കാലമായി ഒന്നും ചെയ്യാത്തിടത്താണ് മോദി പദ്ധതികള്‍ കൊണ്ടുവന്നത്. 63 പ്രധാന പദ്ധതികളും 80,000 കോടി രൂപയുടെ പാക്കേജും മോദി കാശ്മീരിന് കൊടുത്തു. ഇതില്‍ 61,000 കോടി രൂപ സംസ്ഥാനത്തിന് നല്‍കി. ജമ്മുവിനും കാശ്മീര്‍ താഴ്വരയ്ക്കും എഐഐഎംഎസ് കൊടുത്തു. എന്നാല്‍ ജമ്മുവില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയില്ല. ജമ്മുവില്‍ ഐഐഎം അനുവദിച്ചെങ്കിലും യാതൊരു സൗകര്യവുമില്ലാതെയാണ് സര്‍ക്കാര്‍ തുടങ്ങിയത്. ജമ്മു സ്മാര്‍ട്ട് സിറ്റി പ്രോജക്ട് വൈകിപ്പിച്ചു.

ബേകര്‍വാളുകളേയും ഗുജ്ജാറുകളേയും പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയില്ല. പാക് അധീന കാശ്മീരില്‍ നിന്ന് ജമ്മു കാശ്മീരിലേയ്ക്ക് വന്ന അഭയാര്‍ത്ഥികള്‍ക്കായി അനുവദിച്ചിരുന്ന 2000 കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ അനുവദിച്ചത് 500 കോടി മാത്രം. കാശ്മീര്‍ താഴ്വരയില്‍ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കാശ്മീരിന്റെ സ്വാതന്ത്ര്യം ആരും സ്വപ്‌നം കാണണ്ട. ബിജെപി ഉള്ളിടത്തോളം കാലം അത് നടക്കില്ല – അമിത് ഷാ പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

“ഷുജാത് ബുഖാരിയുടെ ഗതി വരും” മാധ്യമപ്രവര്‍ത്തകര്‍ക്ക് കാശ്മീര്‍ ബിജെപി മുന്‍ മന്ത്രിയുടെ ഭീഷണി

കാശ്മീരില്‍ കുത്തി ചോര വീഴ്ത്തുന്ന മോദി സര്‍ക്കാര്‍

കേന്ദ്രം കടുത്ത നടപടിക്ക്; കാശ്മീരിനെ കാത്തിരിക്കുന്നത് രക്തരൂക്ഷിത ദിനങ്ങള്‍

കാശ്മീര്‍ ഒരു കരു മാത്രമാണ്; കളി പുറത്താണ്

ജമ്മു കാശ്മീരിലെ ‘അസ്വാഭാവിക’ സഖ്യം തകര്‍ന്നു; ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ക്ക് അനിവാര്യമായ നീക്കം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍