UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് നേതാവും മേഘാലയ മുന്‍ ഗവര്‍ണറുമായ എംഎം ജേക്കബ് അന്തരിച്ചു

നീണ്ട 12 വര്‍ഷം മേഘാലയാ ഗവര്‍ണറായി പ്രവര്‍ത്തിച്ചു. മൂന്ന് തവണ കേന്ദ്രസഹമന്ത്രിയായി. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായിരുന്നു. രാജ്യസഭ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മേഘാലയ മുന്‍ ഗവര്‍ണറുമായ എം.എം. ജേക്കബ് (90) അന്തരിച്ചു. കോട്ടയം പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളേയും ശാരീരിക അസ്വാസ്ഥ്യങ്ങളേയും തുടര്ന്ന് രാമപുരം മുണ്ടയ്ക്കലിലെ വീട്ടില്‍നിന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നീണ്ട 12 വര്‍ഷം മേഘാലയാ ഗവര്‍ണറായി പ്രവര്‍ത്തിച്ചു. മൂന്ന് തവണ കേന്ദ്രസഹമന്ത്രിയായി. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായിരുന്നു. രാജ്യസഭ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയാണ്. 1995 മുതല്‍ 2007 വരെ മേഘാലയ ഗവര്‍ണറായിരുന്നു. 1982ലും 1988ലും രാജ്യസഭാംഗമായി. 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷനായി.

കോട്ടയം ജില്ലയില്‍ രാമപുരം മുണ്ടയ്ക്കലില്‍ ഉലഹന്നാന്‍ മാത്യുവിന്റേയും റോസമ്മയുടേയും മകനായാണ് 1928 ഓഗസ്റ്റ് 9ന് എംഎം ജേക്കബ് ജനിച്ചത്. മഞ്ചാടിമറ്റം പ്രൈമറി സ്‌കൂള്‍, രാമപുരം സെന്റ് അഗസ്റ്റിന്‍സ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍. ഇവിടെ വിദ്യാര്‍ത്ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനാല്‍ ഇടയില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് തേവര എസ്എച്ച് കോളജ്, മദ്രാസ് ലയോള കോളേജ്, ലക്‌നൗ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉപരിപഠനം. നിയമത്തില്‍ ബിരുദവും രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും നേടി. ഇന്‍കം ടാക്‌സ് ഡിപ്ലോമ, ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഉന്നത പഠനം എന്നിവയും.

1952ല്‍ രാമപുരത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായി. കോട്ടയത്ത് അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭൂദാനപ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്കു കടന്നു. 1954ല്‍ ഭാരത് സേവക് സമാജില്‍ ചേര്‍ന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ പാലായില്‍ കെ.എം. മാണിക്കെതിരെ രണ്ടു തവണ മത്സരിച്ചു. 1970ല്‍ 374 വോട്ടിനാണ് മാണിയോട് എംഎം ജേക്കബ് പരാജയപ്പെട്ടത്. 1980ല്‍ 4,566 വോട്ടിനും പാലായില്‍ മാണിയോട് പരാജയപ്പെട്ടു. 1982ലും 1988ലും രാജ്യസഭാംഗമായി (1982 മുതല്‍ 1994 വരെ). രാജ്യസഭയില്‍ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984ല്‍ സബോര്‍ഡിനേറ്റ് ലജിസ്ലേഷന്‍ കമ്മറ്റിയുടെയും 9394ല്‍ ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും ചെയര്‍മാന്‍. മൂന്നുതവണ കേന്ദ്രസഹമന്ത്രിയായി (1986 മുതല്‍ 1993 വരെ) -രാജീവ് ഗാന്ധി മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രി, ജലവിഭവത്തിന്റെ സ്വതന്ത്രചുമതലയുള്ള മന്ത്രി എന്നിങ്ങനെ പ്രവര്‍ത്തിച്ചു. നരസിംഹറാവു മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രി.

1985ലും 1993ലും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചു. 1993ല്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലും 1994യില്‍ വിയന്നയിലും നടന്ന യുഎന്‍ മനുഷ്യാവകാശ സമ്മേളനങ്ങളില്‍ എംഎം ജേക്കബ് ഇന്ത്യയെ പ്രതിനിധീകരിച്ചു. 1994ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ നീരീക്ഷകനായിരുന്നു. 1995 മുതല്‍ 2007 വരെ മേഘാലയ ഗവര്‍ണറായി പ്രവര്‍ത്തിച്ചു. (1995-ല്‍ നിയമിതനായി. 2000-ല്‍ വാജ്‌പേയി സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കി. 2005 മുതല്‍ 2007 വരെ കാലാവധി നീട്ടി).

കെപിസിസി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എഐസിസി അംഗം, കോണ്‍ഗ്രസ് ദേശിയ ജനറല്‍ സെക്രട്ടറി, ഭാരത് സേവക് സമാജ് അഖിലേന്ത്യാ വൈസ് ചെയര്‍മാന്‍, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പ്രസിഡന്റ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വീക്ഷണം പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറും തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കോണ്‍ഗ്രസ് റിവ്യൂ എന്ന ദ്വൈവാരികയുടെ പത്രാധിപരും ആയിരുന്നു. പരേതയായ തിരുവല്ല കുന്നുതറ അച്ചാമ്മയാണ് ഭാര്യ. അവര്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്നു. മക്കള്‍- ജയ, ജെസി, എലിസബത്ത്, റേച്ചല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍