UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇഷ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: മോദിയെ ചോദ്യം ചെയ്തിരുന്നതായി മുന്‍ ഐജി ഡിജി വന്‍സാര

അഹമ്മദാബാദിലെ പ്രത്യേക സിബിഐ കോടതിയില്‍ ഫയല്‍ ചെയ്ത വിടുതല്‍ ഹര്‍ജിയിലാണ് വന്‍സാര ഇക്കാര്യം പറയുന്നത്. അതേസമയം ഇത് സംബന്ധിച്ച രേഖകള്‍ ലഭ്യമല്ലെന്നും മുന്‍ ഐജിയായ ഡിജി വന്‍സാര പറയുന്നു.

ഏറെ വിവാദമായ ഇഷ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ രഹസ്യമായി ചോദ്യം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. കേസിലെ പ്രതിയായ ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡിജി വന്‍സാരയാണ് ഈ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ പ്രത്യേക സിബിഐ കോടതിയില്‍ ഫയല്‍ ചെയ്ത വിടുതല്‍ ഹര്‍ജിയിലാണ് വന്‍സാര ഇക്കാര്യം പറയുന്നത്. അതേസമയം ഇത് സംബന്ധിച്ച രേഖകള്‍ ലഭ്യമല്ലെന്നും മുന്‍ ഡിഐജിയായ ഡിജി വന്‍സാര പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്ന
സതീഷ് വര്‍മ എന്ന ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയിരുന്നത്. ഇദ്ദേഹം പിന്നീട് സിബിഐ അന്വേഷണ സംഘത്തേയും സഹായിച്ചു. മോദിയെ കുടുക്കാനുള്ള ശ്രമം നടന്നതായിം കുറ്റപത്രം കെട്ടിച്ചമച്ചതാണെന്നും വന്‍സാര പറയുന്നു. ഇത് വ്യക്തമാക്കുന്നത് ഈ കേസ് സംബന്ധിച്ചുള്ള മറ്റ് രേഖകളെല്ലാം വ്യാജമാണെന്നാണ് എന്നും ഡിജി വന്‍സാര അഭിപ്രായപ്പെടുന്നു.

വന്‍സാരയുടെ വിടുതല്‍ ഹര്‍ജിയില്‍ ഈ മാസം 28നകം പ്രതികരണം അറിയിക്കാനാണ് കോടതി സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് താല്‍ക്കാലിക ഡിജിപിയായിരുന്ന പിപി പാണ്ഡെയെ മൂന്നാഴ്ച മുമ്പ് കോടതി വെറുതെവിട്ടിരുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ഇ തയിബ ഭീകരര്‍ എന്ന് പറഞ്ഞ് 2004 ജൂണ്‍ 15നാണ് 19കാരിയായ ഇഷ്രത് ജഹാനേയും മലയാളിയായ ജാവേദ് ഷെയ്ഖ് (പ്രാണേഷ് കുമാര്‍ പിള്ള), അംജദ് അലി അക്ബറലി റാണ, സീഷാന്‍ സോഹര്‍ എന്നിവരേയും ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ വധിക്കുന്നത്.

നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2013ല്‍ ഫയല്‍ ചെയ്ത ആദ്യ കുറ്റപത്രത്തില്‍ പിപി പാണ്ഡെയും ഡിജി വന്‍സാരയുമടക്കം ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പിന്നീടുള്ള കുറ്റപത്രത്തില്‍ സ്‌പെഷല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍ അടക്കം നാല് ഐബി ഉദ്യോഗസ്ഥരേയും പ്രതി ചേര്‍ത്തിരുന്നു. ഇവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. സൊറാബുദീന്‍ ഷെയ്ഖ്, തുള്‍സീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ഡിജി വന്‍സാരയെ കഴിഞ്ഞ വര്‍ഷം കോടതി വെറുതെവിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍