UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ഗുജറാത്തില്‍ രണ്ട് വര്‍ഷത്തിനിടെ കാണാതായത് 14000ത്തിലധികം സ്ത്രീകളെ

14004 സ്ത്രീകളെ രണ്ട് വര്‍ഷത്തിനിടെ കാണാതായതായി ഗുജറത്ത് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. പ്രധാന നഗരങ്ങളായ അഹമ്മദാബാദിലും സൂറത്തിലുമാണ് ഇത്തരം കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കാണാതായിരിക്കുന്നത് 14,000ലധികം സ്ത്രീകളെ. 14004 സ്ത്രീകളെ രണ്ട് വര്‍ഷത്തിനിടെ കാണാതായതായി ഗുജറത്ത് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതില്‍ 76 ശതമാനം പേരെയും ഈ കാലയളവില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. സംസ്ഥാന ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് ജഡേജ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

10,720 സ്ത്രീകളെ കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താനായിട്ടില്ല. പ്രധാന നഗരങ്ങളായ അഹമ്മദാബാദിലും സൂറത്തിലുമാണ് ഇത്തരം കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അഹമ്മദാബാദില്‍ നിന്ന് 2905 സ്ത്രീകളേയും സൂറത്തില്‍ നിന്ന് 2626 സ്ത്രീകളേയുമാണ് കാണാതായത്. 4900ലധികം കുട്ടികളേയും ഈ കാലയളവില്‍ സംസ്ഥാനത്ത് നിന്ന് കാണാതായി.

അതേസമയം പരീക്ഷയില്‍ തോല്‍ക്കുന്നതും പ്രേമ നൈരാശ്യവുമാണ് കുട്ടികളെ കാണാതാകുന്നതിന് പിന്നിലെ കാരണങ്ങളെന്നാണ് മന്ത്രി നിയസഭയില്‍ പറഞ്ഞത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ഗൗരവമുള്ള ഈ പ്രശ്‌നത്തെ അലംഭാവത്തോടെയാണ് ബിജെപി സര്‍ക്കാര്‍ സമീപിക്കുന്നത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വ്യത്യസ്ത കണക്കുകള്‍ നല്‍കി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് പരേഷ് ധനാനി ആരോപിച്ചു.

പെണ്‍കുട്ടികളുണ്ടാകുന്ന മാതാപിതാക്കളെ പൂക്കളും മധുര പലഹാരങ്ങളും വെള്ളി നാണയങ്ങളും നല്‍കി അനുമോദിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ പിറ്റേ ദിവസമാണ് സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടിരിക്കുന്നത്. 2001ല്‍ 886:1000 ആയിരുന്ന പെണ്‍-ആണ്‍ ജനന നിരക്കിലെ അനുപാതം 2016ല്‍ 848:1000 ആയി ചുരുങ്ങിയിരിക്കുന്നതായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കണക്ക് വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍