UPDATES

ട്രെന്‍ഡിങ്ങ്

“മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു” മുതല്‍ “പോയ്‌മറഞ്ഞ കാലം വരെ”: യേശുദാസിന് വീണ്ടും ദേശീയ പുരസ്കാരം; ഇത് എട്ടാം തവണ

കാഴ്ച കിട്ടിയാല്‍ ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് യേശുദാസിനെ ആണ് എന്ന് രവീന്ദ്ര ജയിന്‍ പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

ഇത് എട്ടാം തവണയാണ് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം യേശുദാസ് നേടിയിരിക്കുന്നത്. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന സിനിമയില്‍ രമേഷ് നാരായണന്‍ സംഗീതവും പ്രഭ വര്‍മ രചനയും നിര്‍വഹിച്ച ഗാനത്തിനാണ് ഇത്തവണ പുരസ്‌കാരം. ഏറ്റവുമധികം തവണ ദേശീയ പുരസ്‌കാരം നേടിയ ഗായകന്‍ യേശുദാസ് ആണ്. മലയാളത്തില്‍ ആറ് തവണ. ഹിന്ദിയിലും തെലുങ്കിലും ഓരോ തവണ.

1972ല്‍ പുറത്തിറങ്ങിയ കെഎസ് സേതുമാധവന്റെ ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലെ “മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു” കേരളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ പാട്ടുകളിലൊന്നാണ്. വയലാര്‍ രാമവര്‍മ രചിച്ച് ജി ദേവരാജന്‍ സംഗീതം നല്‍കിയ ഈ ഗാനത്തിനാണ് യേശുദാസ് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടുന്നത്. തുടര്‍ന്ന് 1973, 76, 82, 87, 91, 93 വര്‍ഷങ്ങളിലും യേശുദാസ് പുരസ്കാരം നേടി.

1973ല്‍ പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ വയലാര്‍ – ദേവരാജന്‍ ടീമിന്റെ “പത്മതീര്‍ത്ഥമേ ഉണരൂ” എന്ന പാട്ടിനായിരുന്നു രണ്ടാമത്തെ ദേശീയ പുരസ്‌കാരം.

1976ല്‍ ബസു ചാറ്റര്‍ജി സംവിധാനം ചെയ്ത ചിത്ചോര്‍ എന്ന ഹിന്ദി സിനിമയില്‍ രവീന്ദ്ര ജയിന്‍ സംഗീതവും ഗാന രചനയും നിര്‍വഹിച്ച “ജബ് ദീപ് ജലേ ആനാ”, “ഗോരി തേരാ ഗാവ് ബഡാ പ്യാരാ” എന്നീ ഗാനങ്ങളിലൂടെ ദേശീയ പുരസ്കാരം യേശുദാസിനെ തേടിയെത്തി. കാഴ്ച കിട്ടിയാല്‍ ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് യേശുദാസിനെ ആണ് എന്ന് രവീന്ദ്ര ജയിന്‍ പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

1982ല്‍ ‘മേഘ സന്ദേശം’ എന്ന തെലുങ്ക് ചിത്രത്തിലെ വെട്ടൂരി സുന്ദരരാമ മൂര്‍ത്തി രചനയും രമേഷ് നായിഡു സംഗീതവും നല്‍കിയ “ആകാശ ദേശാന” എന്ന ഗാനത്തിനാണ് പിന്നീട് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്.

1987ല്‍ കമല്‍ സംവിധാനം ചെയ്ത ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനത്തിനായിരുന്നു പുരസ്കാരം. ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഗാനം രചിച്ചത് ബിച്ചു തിരുമല.

1991ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഭരതത്തില്‍ രവീന്ദ്രന്‍ സംഗീതവും കൈതപ്രം ഗാനരചനയും നിര്‍വഹിച്ച സെമി ക്ലാസിക്കല്‍ ഗാനം രാമകഥാ ഗാനലയം യേശുദാസിന് വീണ്ടും ദേശീയ പുരസ്കാരം നേടിക്കൊടുത്തു.

1993ല്‍ പുറത്തിറങ്ങിയ, ജയരാജ് സംവിധാനം ചെയ്ത ‘സോപാനം’ എന്ന ചിത്രത്തിലെ പാട്ടുകള്‍ക്കാണ് ഇതിന് മുമ്പ് യേശുദാസിന് ദേശീയ അവാര്‍ഡ് കിട്ടിയത്. കൈതപ്രത്തിന്റെ വരികള്‍ക്ക് എസ് പി വെങ്കിടേഷാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍