UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊലപാതക കേസില്‍ നവ്‌ജോത് സിംഗ് സിധുവിനെ കുറ്റവിമുക്തനാക്കി

1988ല്‍ ഡല്‍ഹി പട്യാലയില്‍ റോഡില്‍ വാഹന പാര്‍ക്കിംഗുമായുണ്ടായ തര്‍ക്കത്തിനിടെ ഗുര്‍ണാം സിംഗെന്ന 65 കാരനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. മര്‍ദ്ദനമേറ്റ വയോധികന്‍ ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

30 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് ടൂറിസം മന്ത്രിയുമായ നവജോത് സിംഗ് സിധുവിന് ആശ്വാസമായി സുപ്രിം കോടതി ഉത്തരവ്. പൊതു നിരത്തില്‍ വ്യക്തിയെ കയ്യേറ്റം ചെയ്തതിന് 1000 രൂപ പിഴ ചുമത്തിയാണ് സിധുവിനെ സുപ്രിം കോടതി കൊലപാതക കേസില്‍ കുറ്റവിമുക്തനാക്കിയത്. 1988ല്‍ ഡല്‍ഹി പട്യാലയില്‍ റോഡില്‍ വാഹന പാര്‍ക്കിംഗുമായുണ്ടായ തര്‍ക്കത്തിനിടെ ഗുര്‍ണാം സിംഗെന്ന 65 കാരനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. മര്‍ദ്ദനമേറ്റ വയോധികന്‍ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. എന്നാല്‍ ഗുര്‍ണാം സിംഗുമായി സിധുവിന് യാതൊരു ശത്രുതയും ഉണ്ടായിരുന്നില്ലെന്നും ആക്രമണത്തിന് ആയുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ്‌കെ കൗള്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെ നടപടി.

1999 സെപ്റ്റംബറില്‍ കേസില്‍ വിചാരണക്കോടതി സിധുവിനെ വിട്ടയച്ചിരുന്നു. എന്നാല്‍ കേസ് ഹൈക്കോടതിയിലെത്തിയതോടെ 2006 ഡിസംബറില്‍ സിധുവിനേയും കൂട്ടുപ്രതി രൂപീന്ദര്‍ സിംഗിനേയും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് അന്ന് ബിജെപി എംപിയായിരുന്ന സിധുവിന് എംപി സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിധു സുപ്രിം കോടതിയെ സമീപിച്ചത്.

2007ല്‍ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ അമൃത്‌സര്‍ ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് വീണ്ടും ലോകസഭയിലെത്തി. ഇതിനിടെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ അദ്ദേഹം ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായി. ശേഷം കഴിഞ്ഞമാസമാണ് വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് വീണ്ടും സുപ്രിം കോടതിയെ സമീപിച്ചത്. കുറ്റവിമുക്തനാക്കപ്പെട്ടതോടെ മന്ത്രി സ്ഥാനത്ത് അദ്ദേഹത്തിന് ഇനിയും തുടരാനാവും. വിധിയില്‍ ആശ്വാസം പ്രകടിപ്പിച്ച സിധു ദുര്‍ഘടമായ സാഹചര്യം കടന്നുപോരാന്‍ സഹായിച്ച ദൈവത്തിന് നന്ദി പറയുന്നതായി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍