ഉദയകുമാര്‍ മരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പേ ഉണ്ടായ മാരക മര്‍ദ്ദനം കൊണ്ടാണ് മരണമെന്നാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ശ്രീകുമാരി മൊഴി നല്‍കിയിരിക്കുന്നത്.
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുന്‍ ഫോറന്‍സിക് ഡയറക്ടറുടെ നിര്‍ണായക മൊഴി. ഉദയകുമാര്‍ കൊല്ലപ്പെട്ടത് പോലീസിന്റെ ഉരുട്ടല്‍ പ്രയോഗം മൂലമാണെന്ന് കേസിലെ സാക്ഷികൂടിയായ ഡോ.ശ്രീകുമാരി കോടതിയില്‍ മൊഴി നല്കി. ഉദയകുമാര്‍ മരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പേ ഉണ്ടായ മാരക മര്‍ദ്ദനം കൊണ്ടാണ് മരണമെന്നാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ശ്രീകുമാരി മൊഴി നല്‍കിയിരിക്കുന്നത്. സ്വാഭാവിക കാരണങ്ങളാലല്ല മരണമെന്നും അവര്‍ മൊഴി നല്കി. കോടതിയില്‍ ഹാജരാക്കിയ ജിഎ പൈപ്പ് ഡോക്ടര്‍ തിരിച്ചറിഞ്ഞു. ഉദയകുമാറിന്റെ തുടയിലെ മസിലുകള്‍ മര്‍ദ്ദനമേറ്റ് തകര്‍ന്നിരുന്നു. പൂര്‍ണ ആരോഗ്യവാനായിരുന്ന ഉദയകുമാറിന് കൃത്യ സമയത്ത് ചികിത്സ നല്കിയിരുന്നെങ്കില് ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും ഡോക്ടര്‍ മൊഴി നല്കി.
തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. 2005 സെപ്തംബര്‍ 27നാണ് ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ചാണ് നെടുങ്കാട് സ്വദേശി ഉദയകുമാര്‍ കൊല്ലപ്പെടുന്നത്. ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിന്റെ പക്കല്‍ കാണപ്പെട്ട നാലായിരം രൂപ എവിടെ നിന്നാണെന്നതിനെ കുറിച്ച് സിഐയുടെ ക്രൈസ്ക്വാഡ് ചോദ്യം ചെയ്തതിന്റെ ഭാഗമായിരുന്നു ഉരുട്ടല്‍ എന്നാണ് കേസ്. ഫോര്‍ട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത കേസില്‍ ആദ്യം സാക്ഷികള്‍ കൂറുമാറിയിരുന്നു. പിന്നീട് ഉന്നത ഉദ്യോഗസ്ഥരെയടക്കം ആറ് പേരെ പ്രതി ചേര്‍ത്തുകൊണ്ട് സിബിഐ കേസ് ചാര്‍ജ് ചെയ്തു. ഡിവൈഎസ്പി ഇ.കെ സാബു, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അജിത്കുമാര്‍, ഹെഡ്കോണ്‍സ്റ്റബിള്‍ വി.പി.മോഹന്‍, കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന് എന്നിവരാണ് കേസിലെ പ്രതികള്‍.