UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിതിന്‍ പട്ടേലിന് ധനകാര്യം; ഗുജറാത്തില്‍ തല്‍ക്കാലത്തേയ്ക്ക് ബിജെപിയുടെ തലവേദന മാറി

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ നിതിന്‍ പട്ടേലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. നിതിന്‍ പട്ടേല്‍ അടക്കമുള്ളവര്‍ പുറത്തുവന്ന് പിന്തുണ നല്‍കാന്‍ തയ്യാറാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മടിക്കില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.

ഗുജറാത്തില്‍ പുതുതായി രൂപീകരിച്ച മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ കൊടുക്കാത്തതിനെ തുടര്‍ന്ന് ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന നിതിന്‍ പട്ടേല്‍ അയഞ്ഞു. നേരത്തെ കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് തന്നെ കിട്ടുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് ഇതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് സെക്രട്ടറിയേറ്റിലെത്തി ചുമതലയേല്‍ക്കുമെന്ന് നിതിന്‍ പട്ടേല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി നിതിന്‍ പട്ടേല്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ഗുജറാത്ത് ബിജെപിയിലെ പൊട്ടിത്തെറി സംബന്ധിച്ച വാര്‍ത്തകള്‍ക്കിടയിലാണ് ബിജെപി പ്രശ്‌നം പരിഹരിച്ചത്. ആരോഗ്യം, കുടുംബക്ഷേമം, റോഡ് ആന്‍ഡ് ബില്‍ഡിംഗ്‌സ് തുടങ്ങിയ വകുപ്പുകളാണ് നിതിന്‍ പട്ടേലിന് നല്‍കിയിരുന്നത്. സൗരഭ് പട്ടേലിനായിരുന്നു ധനകാര്യം കൊടുത്തിരുന്നത്. നിതിന്‍ പട്ടേല്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന നഗരവികസനം മുഖ്യമന്ത്രി വിജയ് രുപാണിയാണ് ഏറ്റെടുത്തിരിക്കുന്നത്.

നിതിന്‍ പട്ടേലും അദ്ദേഹത്തെ പിന്തുണക്കുന്നവരും വിജയ് രുപാണി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള സാധ്യത പോലും ഉയര്‍ന്നുവന്നിരുന്നു. മൂന്ന് ദിവസത്തെ സമയമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍ നിതിന്‍ പട്ടേല്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരുന്നത്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ നിതിന്‍ പട്ടേലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. നിതിന്‍ പട്ടേല്‍ അടക്കമുള്ളവര്‍ പുറത്തുവന്ന് പിന്തുണ നല്‍കാന്‍ തയ്യാറാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മടിക്കില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അപകടം മണത്ത ബിജെപി നേതൃത്വത്തിന്റെ ഇടപെടല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍