UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമില്ല, മുഴുവന്‍ പ്രതികളേയും ഒരാഴ്ചക്കുള്ളില്‍ പിടിക്കും: പിണറായി

കേസിലെ അന്വേഷണം കുറ്റമറ്റതാണ്. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തില്‍ ബാക്കിയുള്ള പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസിലെ അന്വേഷണം കുറ്റമറ്റതാണ്. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ പിടിയിലുള്ളത് ഡമ്മി പ്രതികളാണെന്ന വാദം അടിസ്ഥാനരഹിതമാണ്. നീതിപൂര്‍വമായ അന്വേഷണമാണ് നടക്കുന്നത്. രണ്ട് പേരാണ് ഷുഹൈബിനെ വെട്ടിയത്. ഒരാളും കൊല്ലപ്പെടരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അക്രമത്തിലേക്ക് വഴി മാറരുത്. കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ 2016ല്‍ ഏഴായിരുന്നത് 2017ല്‍ രണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസിലെ സണ്ണി ജോസഫ് നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

വിറക് കീറുന്നത് പോലെയാണ് മനുഷ്യശരീരം വെട്ടിമുറിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഷുഹൈബിനെ കൊല്ലിച്ചവരെയും പിടിക്കണം. മുഖ്യമന്ത്രി കൊലപാതകം നിസാരവല്‍ക്കരിക്കുകയാണ്. പൊലീസില്‍ നിന്ന് രഹസ്യങ്ങള്‍ ചോരുന്നുവെന്ന് ഐജി തന്നെ പറഞ്ഞത് അതീവ ഗൗരവതരമാണ്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്, ടി.പി.ചന്ദ്രശേഖരന്റെ ഗതിവരുമെന്ന് ഷുഹൈവ് വധക്കേസില്‍ പിടിക്കപ്പെട്ട ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. പി.ജയരാജനെ വാഴ്ത്തുന്ന ആല്‍ബത്തിലും ആകാശ് അഭിനയിച്ചിട്ടുണ്ട്. നന്മയുടെ പൂമരമോ അതോ തിന്മയുടെ പാഴ്മരമാണോ ജയരാജനെന്ന് വിലയിരുത്തണം. കണ്ണൂരില്‍ 208 രാഷ്ട്രീയ അക്രമ കേസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍