ഗാന്ധി വധത്തില്‍ വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് പങ്കുണ്ട് എന്നും വാദമുണ്ടായിരുന്നു. എന്നാല്‍ ഈ വാദങ്ങളില്‍ കഴമ്പില്ലെന്നും ഇത് സാധൂകരിക്കുന്ന യാതൊരു തെളിവുമില്ലെന്നുമാണ് അമിക്കസ് ക്യൂരി പറയുന്നത്.
രാഷ്ട്രപിതാവ് എംകെ ഗാന്ധിയെ വധിച്ചത് നാഥുറാം ഗോഡ്‌സെ തന്നെയാണെന്നും മറ്റാരും ഗാന്ധിക്ക് നേരെ വെടിയുതിര്‍ത്തതിന് തെളിവില്ലെന്നും അമിക്കസ് ക്യൂരി റിപ്പോര്‍ട്ട്. സുപ്രീംകോടതി അമിക്കസ് ക്യൂരിയായി നിയമിച്ച മുതിര്‍ന്ന അഭിഭാഷകന്‍ അമരേന്ദ്ര ശരണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാന്ധി വധവും കേസുമായി ബന്ധപ്പെട്ട ഏല്ലാ രേഖകളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടാണ് സുപ്രീംകോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചത്. ഗാന്ധിക്ക് നേരെ മൂന്ന് തവണ നിറയൊഴിച്ച ഗോഡ്‌സെയ്ക്ക് പുറമെ നാലാമതൊരാള്‍ കൂടി വെടിയുതിര്‍ത്തിട്ടുണ്ടെന്നും ഇത് ദുരൂഹമായി തുടരുകയാണെന്നും ഉള്ള വാദത്തെ തുടര്‍ന്നാണ് ഇത് അന്വേഷിക്കുന്നതിനായി അമിക്കസ് ക്യൂരിയെ നിയോഗിച്ചത്. കേസില്‍ പുനരന്വേഷണം ആവശ്യമുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
അഭിഭാഷകരായ സഞ്ജിത് ഗുരുവും സമര്‍ത്ഥ് ഖന്നയും അമരേന്ദ്ര ശരണിന് സഹായവുമായുണ്ടായിരുന്നു. വിചാരണ കോടതി രേഖകളും 1969ലെ കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അടക്കം 4000 പേജ് വരുന്ന രേഖകളാണ് അമിക്കസ് ക്യൂരി പരിശോധിച്ചത്. നാലാമത്തെ ബുള്ളറ്റ് എന്ന വാദത്തിന് തെളിവില്ലെന്നും അമരേന്ദ്ര ശരണ്‍ പറയുന്നു. ഗാന്ധി വധക്കേസിലെ പ്രതിയും വലതുപക്ഷ തീവ്രഹിന്ദുത്വ നേതാവുമായിരുന്ന വിഡി സവര്‍ക്കറിന്റെ അനുയായിയും ഹിന്ദുത്വ തീവ്രവാദി ഗ്രൂപ്പായ അഭിനവ് ഭാരതിന്റെ (സവര്‍ക്കര്‍ ഇതേ പേരില്‍ ഒരു സംഘടന സ്ഥാപിച്ചിരുന്നു) സ്ഥാപകനുമായ പങ്കജ് ഫഡ്‌നിസ് ആണ് ഈ വാദം ഉയര്‍ത്തിയത്. പങ്കജ് ഫഡ്‌നിസ് പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. അജ്ഞാതനായ വ്യക്തി ഉതിര്‍ത്ത നാലാമത്തെ ബുള്ളറ്റാണ് ഗാന്ധിയുടെ ജീവനെടുത്തതെന്നും പങ്കജ് ഫഡ്‌നിസ് വാദിച്ചിരുന്നു. മിക്ക വിദേശ പത്രങ്ങളും അക്കാലത്ത് നാല് ബുള്ളറ്റിന്റെ കാര്യം പറഞ്ഞിരുന്നതായി പങ്കജ് പറയുന്നു.
ഗാന്ധി വധത്തില്‍ വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് പങ്കുണ്ട് എന്നും വാദമുണ്ടായിരുന്നു. എന്നാല്‍ ഈ വാദങ്ങളില്‍ കഴമ്പില്ലെന്നും ഇത് സാധൂകരിക്കുന്ന യാതൊരു തെളിവുമില്ലെന്നുമാണ് അമിക്കസ് ക്യൂരി പറയുന്നത്. കേസില്‍ വെറുതെ വിട്ട സവര്‍ക്കറിനും ശിക്ഷിക്കപ്പെട്ട മറാത്ത ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കും ഗാന്ധി വധത്തില്‍ ഒരു പങ്കുമില്ലെന്നും പങ്കജ് ഫഡ്‌നിസ് വാദിക്കുന്നു. പുതിയ അന്വേഷണം വേണമെന്നാണ് പങ്കജിന്റെ ആവശ്യം.