UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം സ്പീക്കര്‍ പരിഗണിച്ചില്ല; ബഹളം മൂലം സഭ പിരിഞ്ഞു

നോട്ടീസ് പരിഗണിക്കുന്നതിനുള്ള പിന്തുണ മനസിലാക്കാന്‍ അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് സ്പീക്കറെ അറിയിക്കണം. അംഗങ്ങള്‍ സീറ്റുകളില്‍ ഇരിക്കാതെ വന്നതോടെ 12 മണിവരെ സഭ നിര്‍ത്തി വയ്ക്കുകയായിരുന്നു.

ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ടി.ഡി.പിയും കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ പരിഗണിച്ചില്ല. സഭ ചേര്‍ന്നപ്പോള്‍ തന്നെ ബഹളം തുടങ്ങിയതിനെ തുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തിവച്ചത്. ബഹളത്തിനിടയില്‍ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. അതേസമയം സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുകയാണ് എന്ന്് സിപിഎം നേതാവ് പി.കരുണാകരന്‍ എം.പി ഇതിനോട് പ്രതികരിച്ചു.

ആന്ധ്രപ്രദേശിലെ പ്രതിപക്ഷ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസും എന്‍.ഡി.എ വിട്ട് പുറത്ത് വന്ന, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടിയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് ആദ്യം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതായി പ്രഖ്യാപിച്ചത്. ഇതിനെ പിന്തുണയ്ക്കുന്നതായി ടിഡിപി അറിയിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് എന്‍ഡിഎ മുന്നണി വിട്ട ടിഡിപിയും വൈഎസ്ആറിനൊപ്പം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു. കോണ്‍ഗ്രസ്, സി.പി.എം, എ.ഐ.ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, എ.ഐ.എം.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ വൈഎസ്ആറിന്റേയും ടിഡിപിയുടേയും അവിശ്വാസ പ്രമേയത്തിന് പിന്തുണ് അറിയിച്ചിരുന്നു. എന്‍.ഡി.എ സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയമാണിത്.

നോട്ടീസ് അനുമതിക്ക് കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന് ലോക്സഭയില്‍ 48 എം.പിമാരുണ്ട്. ടി.ഡി.പിക്ക് 16 എം.പിമാരും. എ.ഐ.ഡി.എം.കെയ്ക്ക് 37, സി.പി.എമ്മിനും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും 9 എംപിമാര്‍ വീതം, എ.ഐ.എം.ഐ.എമ്മിന് ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷികളുടെ അംഗബലം. എന്നാല്‍ നോട്ടീസ് പരിഗണിക്കുന്നതിനുള്ള പിന്തുണ മനസിലാക്കാന്‍ അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് സ്പീക്കറെ അറിയിക്കണം. അംഗങ്ങള്‍ സീറ്റുകളില്‍ ഇരിക്കാതെ വന്നതോടെ 12 മണിവരെ സഭ നിര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെയാണ് സഭ പിരിഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍