UPDATES

ട്രെന്‍ഡിങ്ങ്

ലോയ കേസ് വിധി: ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി

ഇംപീച്ച്‌മെന്റ് നീക്കത്തില്‍ പ്രതിപക്ഷത്ത് സമവായം സാധ്യമായിട്ടില്ല. കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍, എന്‍സിപി തുടങ്ങിയവ ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുമ്പോള്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സമാജ്‌വാദി പാര്‍ട്ടി, ബി എസ് പി, ആര്‍ജെഡി എന്നിവ എതിര്‍ക്കുകയാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ഇംപീച്ച്‌മെന്റ് നീക്കം രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതിക്കാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്. 60 എംപിമാര്‍ ഇതില്‍ ഒപ്പ് വച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും അന്വേഷണം ആവശ്യമില്ലെന്നുമുള്ള ഇന്നലത്തെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നീക്കം.

ജനുവരി 12ന് ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനമുന്നയിച്ചും സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടിയും നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പറ്റിയുള്ള ആലോചനയുമായി സിപിഎം രംഗത്തെത്തിയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ആദ്യം ഈ നീക്കം മുന്നോട്ട് വച്ചത്. സുപ്രീം കോടതിയിലെ ഗുരുതരമായ പ്രതിസന്ധിക്ക് കാരണമാകുന്ന തരത്തില്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും അതീവ ഗൗരവ സ്വഭാവമുള്ള കേസുകളില്‍ സര്‍ക്കാരിന്‍റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി കേസുകള്‍ തനിക്ക് താല്‍പര്യമുള്ള ജൂനിയര്‍ ജഡ്ജിമാര്‍ക്ക് അലോക്കേറ്റ് ചെയ്യുകയും ചെയ്യുന്നു എന്നാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം.

ജസ്റ്റിസ് ലോയ കേസാണ് തങ്ങള്‍ വാര്‍ത്താസമ്മേളനം വിളിക്കാനുള്ള പ്രധാന കാരണമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞിരുന്നു. ഒരു പ്രധാന കേസ് പരിഗണിച്ചിരുന്ന പ്രത്യേത സിബിഐ കോടതി ജഡ്ജിയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന് വളരെ ഗൗരവമുള്ള ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ കീഴ് വഴക്കങ്ങള്‍ ലംഘിച്ച് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി, ജൂനിയരായ അരുണ്‍ മിശ്രയുടെ ബഞ്ചിനാണ് ചീഫ് ജസ്റ്റിസ് വിട്ടത്. ഒഡീഷ ഹൈക്കോടതി ജഡ്ജി ആരോപണവിധേയനായ, ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ക്കെതിരെ പരോക്ഷ ആരോപണം ഉയര്‍ന്ന മെഡിക്കല്‍ കോളേജ് കോഴ കേസ് അഞ്ചംഗ ബഞ്ച് പരിഗണിക്കണമെന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ വിധി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് തള്ളിയതും വിവാദമായിരുന്നു.

എന്നാല്‍ ഇംപീച്ച്‌മെന്റ് നീക്കത്തില്‍ പ്രതിപക്ഷത്ത് സമവായം സാധ്യമായിട്ടില്ല. കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍, എന്‍സിപി തുടങ്ങിയവ ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുമ്പോള്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സമാജ്‌വാദി പാര്‍ട്ടി, ബി എസ് പി, ആര്‍ജെഡി എന്നിവ എതിര്‍ക്കുകയാണ്. കോണ്‍ഗ്രസിനകത്ത് തന്നെ ഇംപീച്ച്‌മെന്റിനെ ഒരു വിഭാഗം എതിര്‍ക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭിഭാഷകരായ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തന്നെയാണ് ഇത് സംബന്ധിച്ച് പ്രധാനമായും ഭിന്നത. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ മന്ത്രിയുമായ കപില്‍ സിബലാണ് കോണ്‍ഗ്രസില്‍ ആദ്യം ഉയര്‍ത്തിയത്. എന്നാല്‍ പി ചിദംബരം അടക്കമുള്ള, അഭിഭാഷകരായ മറ്റ് നേതാക്കള്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇംപീച്ച്‌മെന്റ് നീക്കവുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇന്ത്യ ചരിത്രത്തിലെ ദുഖകരമായ ദിനം എന്നാണ് ഇന്നലെ ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധിക്ക് ശേഷം കോണ്‍ഗ്രസ് പ്രതികരിച്ചത്. അതേസമയം തെറ്റായ ഒരു വിധി പ്രസ്താവിച്ചു എന്നതിന്റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് കൊണ്ടുവരുന്നത് ഉചിതമല്ല എന്നാണ് നിയമ വിദഗ്ധനും മുന്‍ അറ്റോണി ജനറലുമായ സോളി സൊറാബ്ജിയുടെ അഭിപ്രായം. മോശം പെരുമാറ്റവും ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും മാത്രമേ ഇതിലേയ്ക്ക് നയിക്കാവൂ എന്നും സോളി സൊറാബ്ജി പറയുന്നു. ഭരണഘടനയുടെ 124 (4) അനുച്ഛേദം ഇക്കാര്യം വ്യക്തമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍