UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറി: കുല്‍ഭൂഷണ്‍ ജാദവിന്റെ പ്രൊപ്പഗാണ്ട വീഡിയോയുമായി പാകിസ്ഥാന്‍

അന്താരാഷ്ട്ര സമ്മര്‍ദ്ദം കൊണ്ടാണ് തങ്ങള്‍ നീതിപൂര്‍വമാണ് പെരുമാറുന്നത് എന്ന് കാണിക്കാന്‍ ഇത്തരത്തില്‍ പ്രൊപ്പഗാണ്ട വീഡിയോ പാകിസ്ഥാന്‍ പുറത്തിറക്കുന്നതെന്നാണ് ഇന്ത്യയുടെ വിമര്‍ശനം.

തന്റെ അമ്മയോടും ഭാര്യയോടും മോശമായി പെരുമാറിയത് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനാണെന്ന് പാകിസ്ഥാനില്‍ ചാരവൃത്തി കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന മുന്‍ ഇന്ത്യ നേവി ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ്. ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഇരുവരോടും ആക്രോശിക്കുകയും തട്ടിക്കയറുകയും ചെയ്തു. പാകിസ്ഥാന്‍ പുറത്തുവിട്ട പുതിയ പ്രൊപ്പഗാണ്ട വീഡിയോയിലാണ് കുല്‍ഭൂഷണ്‍ ജാദവ് ഇക്കാര്യം പറയുന്നത്. പാക് മാധ്യമപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും കുല്‍ഭൂഷന്റെ അമ്മയോടും ഭാര്യയോടും മോശമായി പെരുമാറി എന്നാണ് ഇന്ത്യ പറയുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടക്കമുള്ളവര്‍ ഇതാണ് പറഞ്ഞത്.

പാകിസ്ഥാന്‍ ഫോറിന്‍ ഓഫീസാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്റെ അമ്മയുടേയും ഭാര്യയുടേയും കണ്ണുകളില്‍ ഞാന്‍ ഭയം കണ്ടു. എന്തിനാണ് അവര്‍ ഭയപ്പെടുന്നത്. സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ എന്റെ അമ്മയോട് തട്ടിക്കയറുന്നത് കണ്ടു. ഇത് വളരെ പോസിറ്റീവായ കൂടിക്കാഴ്ചയായിരുന്നു. എനിക്കും അവര്‍ക്കും സന്തോഷത്തിന് വകയുണ്ടായിരുന്നു – കുല്‍ഭൂഷണ്‍ പറയുന്നു. പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണ്‍ നന്ദി പറയുന്നതും കേള്‍ക്കാം. അതേസമയം പാകിസ്ഥാന്‍ നേരത്തെ പുറത്തുവിട്ട ഫോട്ടോകളില്‍ നിന്ന് കുല്‍ഭൂഷണ്‍ ജാദവുമായി ഭാര്യയും അമ്മയും സംസാരിച്ചത്, ഒരു ഗ്ലാസിന് ഇരുവശവുമായി ഇരുന്ന ഇന്റര്‍കോമിലൂടെയാണെന്ന് വ്യക്തമാണ്. പിന്നെ എങ്ങനെയാണ് കുല്‍ഭൂഷണ്‍, റൂമില്‍ നിന്ന് അവര്‍ പുറത്തിറങ്ങിയ ശേഷമുള്ള ഈ സംഭവം കാണുകയും കേള്‍ക്കുകയും ചെയ്തതെന്ന് വ്യക്തമല്ല. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെപി സിംഗ് ആണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്.

ഡിസംബര്‍ 25നാണ് ഇസ്ലാമബാദിലെ പാകിസ്ഥാന്‍ ഫോറിന്‍ ഓഫീസില്‍ വച്ച് അമ്മയ്ക്കും ഭാര്യയ്ക്കും കുല്‍ഭൂഷണെ കാണാന്‍ അവസരമൊരുക്കിയത്. അമ്മയോടും ഭാര്യയോടും പാക് അധികൃതര്‍ മോശമായി പെരുമാറിയെന്നും നിര്‍ബന്ധിച്ച് വസ്ത്രം മാറ്റിച്ചെന്നും ഷൂസ് ഊരി വാങ്ങി ചെരിപ്പ് കൊടുക്കുകയും തിരിച്ച് പോവുമ്പോളും ഷൂസ് മടക്കിക്കൊടുത്തില്ലെന്നും മറ്റും ഇന്ത്യ ആരോപിച്ചിരുന്നു. നെറ്റിയിലെ സിന്ദൂരം മായ്പിക്കുകയും കൈയിലെ വളകള്‍ ഊരി വാങ്ങുകയും ചെയ്യിച്ചു. കുല്‍ഭൂഷന്റെ അമ്മയ്ക്ക് മാതൃഭാഷയായ മറാത്തിയില്‍ സംസാരിക്കാന്‍ അനുവാദം നല്‍കിയില്ല. സുഷമ സ്വരാജ് പാര്‍ലമെന്റിലും ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ദം കൊണ്ടാണ് തങ്ങള്‍ നീതിപൂര്‍വമാണ് പെരുമാറുന്നത് എന്ന് കാണിക്കാന്‍ ഇത്തരത്തില്‍ പ്രൊപ്പഗാണ്ട വീഡിയോ പാകിസ്ഥാന്‍ പുറത്തിറക്കുന്നതെന്നാണ് ഇന്ത്യയുടെ വിമര്‍ശനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍