UPDATES

വൈറല്‍

‘പ്രേത’ പേടി മാറ്റാന്‍ ആന്ധ്ര എംഎല്‍എ ശ്മശാനത്തില്‍ കിടന്നുറങ്ങി; അഭിനന്ദനവുമായി പിണറായി

പ്രാദേശികമായ ഒറ്റപ്പെട്ട സംഭവമായല്ല, നിലനിൽക്കുന്ന ദുരാചാരങ്ങളെയും അതിന്റെ പരിണതിയായ പിന്തിരിപ്പൻ രാഷ്ട്രീയത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള മുൻകൈ ആയാണ് ഇതിനെ കാണേണ്ടത് – പിണറായി പറയുന്നു.

പ്രേതബാധയുണ്ടെന്ന വിശ്വാസത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വിസമ്മതിച്ച ശ്മശാനത്തില്‍ രാത്രി കിടന്നുറങ്ങി ആന്ധ്രപ്രദേശിലെ ടിഡിപി എംഎല്‍എ നിമ്മല രാമ നായിഡു. ഇത്തരത്തില്‍ നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്ന് പിന്മാറിയ തൊഴിലാളികള്‍ക്ക് ധൈര്യം പകരാനും ശ്മശാനത്തില്‍ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്തമായ രീതിയില്‍ ഇടപെടുന്ന എംഎല്‍എയെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനം അറിയിച്ചു. ഫേസ്ബുക്കിലെ കുറിപ്പിലാണ് നിമ്മല രാമ നായിഡുവിനെ പിണറായി അഭിനന്ദിച്ചത്.

ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ പെടുന്ന പാലകോല്‍ മണ്ഡലത്തിലെ എംഎല്‍എയാണ് നിമ്മല രാമ നായിഡു. മൂന്ന് കോടി രൂപയാണ് ഇദ്ദേഹത്തിന്റെ മണ്ഡലത്തിലെ ശ്മശാനത്തിന്റെ നവീകരണത്തിന് വേണ്ടി അനുവദിച്ചിരുന്നത്. നിമ്മല എംഎല്‍എ ആയതിന് ശേഷമായിരുന്നു തുക അനുവദിച്ചിരുന്നത്. എന്നാല്‍ രണ്ട് തവണ ടെണ്ടര്‍ വിളിച്ചിട്ടും ആരും ശ്മശാനത്തിന്റെ കരാര്‍ ഏറ്റെടുത്തിരുന്നില്ല. അതിനിടെ ശുചീകരണ ജോലി ആരംഭിച്ചപ്പോഴാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുന്നത്. അതോടെ തൊഴിലാളികള്‍ പണി നിര്‍ത്തി. പ്രേതബാധയുള്ള സ്ഥലമാണിതെന്ന പ്രചാരണവും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ രംഗത്തെത്തിയത്.

വെള്ളിയാഴ്ച എംഎല്‍എ അത്താഴം കഴിച്ചതും ഉറങ്ങിയതുമെല്ലാം ശ്മശാനത്തിലായിരുന്നു. തന്റെ കൂടെ ആരെയും നിര്‍ത്തിയതുമില്ല. ശനിയാഴ്ച വൈകീട്ട് ഉറങ്ങാനായി വരുമ്പോള്‍ ശ്മശാനത്തില്‍ അന്‍പതോളം പേര്‍ ജോലി തുടങ്ങിക്കഴിഞ്ഞിരുന്നു. എന്നിട്ടും നിമ്മല നായിഡു അവിടെ നിന്ന് പോയില്ല. ആ രാത്രിയു അദ്ദേഹം അവിടെ തങ്ങി. ശ്മശാനത്തില്‍ ഒറ്റയ്ക്ക് കിടന്നിട്ടും എംഎല്‍എയെ ‘ആക്രമിക്കാന്‍’ പ്രേതങ്ങളൊന്നും വന്നില്ല എന്ന് എല്ലാവര്‍ക്കും മനസിലായി. എംഎല്‍യുടെ നടപടി ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ വാര്‍ത്തയായതോടെയാണ് ഫേസ്ബുക്കില്‍ അഭിനന്ദനവുമായി പിണറായി എത്തിയത്.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികൾക്ക് ധൈര്യം പകരാനും ശ്‌മശാനത്തിൽ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്തമായ രീതിയിൽ ഇടപെടുന്ന ആന്ധ്ര എം എൽ എ നിമ്മല രാമനായിഡുവിനെ അഭിവാദ്യം ചെയ്യുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ വലിയതോതിൽ പൊതുബോധം നിലനിൽക്കുന്ന കേരളത്തിൽ നിന്ന് നോക്കുമ്പോൾ ഇത് നിസ്സാരമായി തോന്നാം. എന്നാൽ, രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സമില്ലാതെ തുടരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പിന്തിരിപ്പൻ പ്രവണതകൾക്ക് വളമൊരുക്കുകയാണ്. ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നിമ്മല രാമനായിഡു ആരംഭിച്ചത് അത്തരം അവസ്ഥ ഇല്ലാതാക്കാനുള്ള സമരമായി കാണുന്നു.

“പ്രേതഭയം” മൂലം പതിറ്റാണ്ടുകളായി നവീകരണ പ്രവൃത്തി മുടങ്ങിയ ശ്മശാനത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാനും അതിനായി തൊഴിലാളികളെ കൂടെ നിർത്താനുമാണ് തെലുഗു ദേശം പാർട്ടി എം എൽ എ യായ രാമനായിഡു മാലിന്യക്കൂമ്പാരത്തില്‍ നിന്നുള്ള മനം മടുപ്പിക്കുന്ന ദുര്‍ഗന്ധത്തെയും അസഹ്യമായ കൊതുകുകടിയെയും കൂസാതെ അത്താഴം കഴിച്ച്‌ കിടന്നുറങ്ങിയത്. മൂന്നു കോടി രൂപ ചെലവിൽ ശ്‌മശാനം നവീകരിക്കാൻ എട്ടു മാസം മുൻപ് ആരംഭിച്ച ശ്രമം “പ്രേതബാധ ” ഉണ്ട് എന്ന് വിശ്വസിച്ചു തൊഴിലാളികൾ പിന്മാറിയതോടെയാണ് നിലച്ചത്. തന്റെ ശ്മാശാന വാസം തൊഴിലാളികൾക്ക് ആത്മവിശ്വാസം നൽകുമെന്നും ജോലികൾ ഉടനെ പുനരാരംഭിക്കാൻ കഴിയുമെന്നും രാമനായിഡു ആത്മവിശ്വാസം പ്രകടിപ്പിച്ചതായി വാർത്തയുണ്ട്. പ്രാദേശികമായ ഒറ്റപ്പെട്ട സംഭവമായല്ല, നിലനിൽക്കുന്ന ദുരാചാരങ്ങളെയും അതിന്റെ പരിണതിയായ പിന്തിരിപ്പൻ രാഷ്ട്രീയത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള മുൻകൈ ആയാണ് ഇതിനെ കാണേണ്ടത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍