UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് സത്യം പറയുന്നതിനു കനത്ത വില നല്‍കേണ്ടിവരുന്ന കാലം: പിണറായി വിജയന്‍

മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നി അടിസ്ഥാന മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം എന്നത് കൊണ്ടാണ് കേരളത്തെ ലക്ഷ്യം വെയക്കുന്നതെന്നും പിണറായി

സത്യം പറയുന്നതിന് കനത്ത വില നല്‍കേണ്ടി വരുന്ന സാഹചര്യത്തിലാണ് നാം ജിവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഡല്‍ഹി യുണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ്‌ സംഘടിപ്പിച്ച് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ ചില ദേശീയ മാധ്യമങ്ങള്‍ സംഘടിതമായി പ്രചരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചാരണങ്ങളെ തിരിച്ചറിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യം പുറത്തുകൊണ്ട് വരുന്നവരെ ഭീഷണി പെടുത്തുന്ന സാഹചര്യമാണിന്നുളളതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി പറഞ്ഞു.

ധബോല്‍ക്കര്‍, പന്‍സാരെ , കല്‍ബുര്‍ഗി, ഒടുവില്‍ ഗൗരി ലങ്കേഷ്, ശാന്തനു ഭൗമിക് എന്നിവര്‍ കൊല്ലപ്പെട്ടത് വഴി കനത്ത നഷ്ടമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം എന്നത് കൊണ്ടാണ് കേരളത്തെ ലക്ഷ്യം വെയക്കുന്നതെന്നും പിണറായി പറഞ്ഞു. വര്‍ഗീയത, നോട്ടുനിരോധനം, നവ ഉദാരവല്‍ക്കരണം, ചങ്ങാത്ത മുതലാളിത്തം എന്നീ കേന്ദ്ര നയങ്ങള്‍ക്കെതിരെ വിമത സ്വരം ഉയര്‍ത്തിയത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണത്താലാണ് കേരളം നിരന്തരം ആക്രമിക്കപ്പെടുന്നതെന്നും പിണറായി പറഞ്ഞു.

2016ലെ വേനലില്‍ കേരളത്തില്‍ ഉഷ്ണം വര്‍ദ്ധിച്ചപ്പോള്‍ സംസ്ഥാനത്തെ ഇവര്‍ സോമാലിയയോട് ഉപമിച്ചു. ഈ പ്രചാരണത്തെ ലോകം ഒന്നടങ്കമുളള മലയാളികള്‍ രാഷ്ടീയ വിത്യാസമില്ലാതെ എതിര്‍ത്തു. ട്രെന്‍ഡിങ് ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ഇത്തരം നീക്കങ്ങളെ മലയാളികള്‍ എതിര്‍ത്തു പരാജയപെടുത്തി. നോട്ടു നിരോധനം വഴി കേരളത്തെ മാത്രമല്ല, രാജ്യത്തെ ഒന്നടങ്കം ആക്രമിക്കുകയായിരുന്നു ബിജെപി സര്‍ക്കാര്‍. കേരളത്തിന്റെ സഹകരണ മേഖല കളളപ്പണ സൂക്ഷിപ്പു കേന്ദ്രങ്ങളാണെന്നും പ്രചരിപ്പിച്ചു. അതിനേയും കേരളം ഒന്നടങ്കം കക്ഷി രാഷ്ടീയ ഭേദമില്ലാതെ പ്രതിരോധിച്ചു. മാധ്യമപ്രവര്‍ത്തകര്‍ സത്യം, കൃത്യത, വസ്തുനിഷ്ടത, നിക്ഷപക്ഷത തുടങ്ങിയ അടിസ്ഥാന തത്വങ്ങള്‍ തൊഴിലില്‍ മുറകെ പിടിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍