UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസുമായി സഹകരണമില്ല, ആരുടെയെങ്കിലും വാലായി ജനങ്ങളുടെ പ്രതീക്ഷ കളയരുത്: സിപിഐയോട് പിണറായി

ബിജെപിയെ വളര്‍ത്തിയത് കോണ്‍ഗ്രസിന്റെ നയങ്ങളാണ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് നവലിബറല്‍ നയങ്ങളെ എതിര്‍ക്കുന്നു എന്ന് പറഞ്ഞാല്‍ അതിന് വിശ്വാസ്യതയുണ്ടാകില്ല.

കോണ്‍ഗ്രസുമായി പ്രാദേശിക സഖ്യമോ ധാരണയോ ആകാമെന്ന് പ്രഖ്യാപിച്ച സിപിഐയെ തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള യോജിപ്പും സാധ്യമല്ലെന്ന് പിണറായി പറഞ്ഞു. ആരുടെയെങ്കിലും വാലായി നിന്ന് എന്തെങ്കിലുമൊക്കെ പറയുന്നത് ശരിയല്ലെന്നും സിപിഐ കൊട്ടിക്കൊണ്ട് പിണറായി പറഞ്ഞു. മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളന വേദിയില്‍, സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സെമിനാറില്‍ സംസാരിക്കവേയാണ് പിണറായി ഈ മുന്നറിയിപ്പ് നല്‍കിയത്.

നേരത്തെ കെഎം മാണിയുടെ കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയിലെടുക്കാനുള്ള ചരടുവലികളെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിലെ സെമിനാറില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശ്രദ്ധ നേടിയിരുന്നു. മാണിയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു കാനത്തിന്റെ മുന്നറിയിപ്പും വിമര്‍ശനവും. മാത്രമല്ല സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി ഏകാധിപതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ സിപിഐ സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസുമായി യോജിപ്പ് അസാധ്യമാണെന്നും അത് ഇടതുപക്ഷ ബദലിന് ദോഷം ചെയ്യുമെന്നും പിണറായി പറഞ്ഞു. ഇടതുപക്ഷത്തേയും സര്‍ക്കാരിനേയും കുറിച്ച് ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിക്കാനാവില്ല. കോണ്‍ഗ്രസുമായി സഹകരിച്ചവര്‍ക്കൊക്കെ അപകടം പറ്റിയിട്ടുണ്ട്. ബിജെപിയെ വളര്‍ത്തിയത് കോണ്‍ഗ്രസിന്റെ നയങ്ങളാണ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് നവലിബറല്‍ നയങ്ങളെ എതിര്‍ക്കുന്നു എന്ന് പറഞ്ഞാല്‍ അതിന് വിശ്വാസ്യതയുണ്ടാകില്ല. ഏച്ചുകെട്ടിയ കൂട്ടുകെട്ടുകളെ ജനം അംഗീകരിക്കില്ല. ജനാധിപത്യ വിശ്വാസികളും ന്യൂനപക്ഷ വിഭാഗങ്ങളുമെല്ലാം കോണ്‍ഗ്രസിനെ കൈവിട്ടുകളഞ്ഞു – പിണറായി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍