UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജീവനക്കാരെ പിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി; സ്വയംഭരണാവകാശമുണ്ടെന്ന് പ്രസാര്‍ ഭാരതി

സ്വയംഭരണാവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയര്‍മാന്‍ എ സൂര്യപ്രകാശ് അടക്കമുള്ളവര്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളിയത്. പ്രസാര്‍ഭാരതി ആക്ടിന്റെ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് സൂര്യപ്രകാശും ബോര്‍ഡ് അംഗങ്ങളും പറയുന്നു.

കരാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ളത് അടക്കമുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളി പ്രസാര്‍ ഭാരതി. തങ്ങള്‍ക്ക് സ്വയംഭരണാവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയര്‍മാന്‍ എ സൂര്യപ്രകാശ് അടക്കമുള്ളവര്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളിയത്. പ്രസാര്‍ഭാരതി ആക്ടിന്റെ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് സൂര്യപ്രകാശും ബോര്‍ഡ് അംഗങ്ങളും പറയുന്നു. ദൂരദര്‍ശനിലേയും ഓള്‍ ഇന്ത്യ റേഡിയോയിലേയും മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരേയും പിരിച്ചുവിടാനാണ് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇത്തരത്തില്‍ പിരിച്ചുവിടല്‍ നടത്തുന്നത് ഈ രണ്ട് സ്ഥാപനങ്ങളേയും തകര്‍ക്കുമെന്ന് പ്രസാര്‍ ഭാരതി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ (സിദ്ധാര്‍ത്ഥ് സറാബി, അഭിജിത് മജുംദാര്‍) എന്നിവരെ ജോലിക്കെടുക്കാനുള്ള ഐ ആന്‍ഡ് ബിയുടെ നിര്‍ദ്ദേശം പ്രസാര്‍ ഭാരതി തള്ളിയിരുന്നു. അമിതമായ നഷ്ടപരിഹാര പാക്കേജില്‍ പ്രസാര്‍ ഭാരതി ബോര്‍ഡ് എതിര്‍പ്പ് രേഖപ്പെടുത്തി. വാര്‍ഷിക പാക്കേജ് എന്ന നിലയ്ക്ക് സിദ്ധാത്ഥ് സറാബിക്ക് ഒരു കോടി രൂപയും അഭിജിത് മജുംദാറിന് 75 ലക്ഷവുമാണ് ഐ ആന്‍ഡ് ബി മന്ത്രാലയം നിശ്ചയിച്ചിരുന്നത്. കരാര്‍ ജീവനക്കാര്‍ക്ക് പരമാവധി നല്‍കുന്ന നഷ്ടപരിഹാരം 1.6 ലക്ഷം രൂപയാണ് എന്ന് പ്രസാര്‍ ഭാരതി ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ബോര്‍ഡ് അംഗമായി ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്തുന്ന കാര്യവും പ്രസാര്‍ ഭാരതി യോഗം തള്ളിയിരുന്നു.

പ്രസാര്‍ ഭാരതി ആക്ട് ലംഘിക്കുന്നതിന് പുറമെ ഉപരാഷ്ട്രപതിയുടെ അധികാരത്തില്‍ കൈകടത്തുകയുമാണ് ചെയ്യുന്നതെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഉപരാഷ്ടപതി അധ്യക്ഷനായ കമ്മിറ്റിയാണ് ബോര്‍ഡ് അംഗങ്ങളുടെ നിയമനത്തിന് ശുപാര്‍ശ ചെയ്യേണ്ടത്. അവര്‍ മുഴുവന്‍ സമയ അംഗങ്ങളും പ്രസാര്‍ ഭാരതി ജീവനക്കാരുമായിരിക്കും. ഡിഡി ഫ്രീ ഡിഷിലെ ചാനലുകളുടെ ഇ ഓക്ഷന്‍ നിര്‍ത്താനുള്ള നിര്‍ദ്ദേശവും പ്രസാര്‍ ഭാരതി ബോര്‍ഡ് തള്ളിക്കളഞ്ഞു. ഈ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ പ്രസാര്‍ ഭാരതിക്ക് 300 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ബോര്‍ഡ് പറയുന്നു. 2004ല്‍ 33 ചാനലുകളുമായാണ് ഫ്രീ ഡിഷ് സര്‍വീസ് തുടങ്ങിയത്. ഇപ്പോള്‍ 104 ടിവി ചാനലുകളും 40 റേഡിയോ ചാനലുകളുമുണ്ട്. 20 ലക്ഷത്തോളം വീടുകളില്‍ ഈ സര്‍വീസ് ലഭ്യം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഒഴികെയുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലെല്ലാം ഫ്രീ ഡിഷ് ലഭ്യമാണ്. സെറ്റ് ടോപ് ബോക്‌സ് വഴിയുള്ള സേവനത്തിന് മാസം തോറുമുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഇല്ല.

ജനറല്‍ എന്‍ര്‍ടെയ്ന്‍മെന്റ് ചാനലുകള്‍ക്ക് പകരം കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ ചാനലുകള്‍ കൊടുക്കണമെന്നും ഐ ആന്‍ഡ് ബി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ടാറ്റ സ്‌കൈയും സീ എന്റര്‍ടെയ്ന്‍മെന്റ് ഡിഷ് ടിവി്‌യുമായുള്ള മത്സരത്തില്‍ ഇത്തരത്തിലുള്ള തീരുമാനങ്ങളെടുത്താല്‍ അത് ദൂരദര്‍ശനം സംബന്ധിച്ച് വലിയ തകര്‍ച്ചയുണ്ടാക്കുമെന്നും പ്രസാര്‍ ഭാരതി ബോര്‍ഡ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍