UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ആദരിച്ച ജയന്ത് സിന്‍ഹയെ ഹാര്‍വാര്‍ഡ് അലുമിനി ലിസ്റ്റില്‍ നിന്ന് പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി

ഇക്കാര്യം ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷന് (change.org) രാഹുല്‍ പിന്തുണ തേടി.

ഝാര്‍ഖണ്ഡില്‍ ബീഫിന്റെ പേര് പറഞ്ഞ് അലിമുദീന്‍ അന്‍സാരി എന്ന 55 കാരനെ തല്ലിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ പൂമാലയിട്ട് സ്വീകരിച്ച കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹയെ ഹാര്‍വാര്‍ഡ് അലുമിനി ലിസ്റ്റില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷന് (change.org) രാഹുല്‍ പിന്തുണ തേടി.

വെറുപ്പിന്റെ രാഷ്ട്രീയവും വര്‍ഗീയ ധ്രുവീകരണവും അപരിഹാര്യമായ രീതിയിലുള്ള പരിക്കുകള്‍ നമ്മുടെ സാമൂഹ്യഘടനയില്‍ ഏല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ക്രൂരമായ ആള്‍ക്കൂട്ട കൊലകള്‍ രാജ്യത്തെ രോഗാതുരമാക്കിയിരിക്കുന്നു. ഇത് ഇത്തരം രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള ഫലമാണ് – ജൂലായ് ഏഴിന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 30ന് ഝാര്‍ഖണ്ഡിലെ രാംഗഢില്‍ വച്ച് ഇറച്ചിവ്യാപാരിയായ അലിമുദ്ദീന്‍ അന്‍സാരിയെ കാറില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊല്ലുകയായിരുന്നു. ഫാസ്റ്റ് ട്രാക്ക് കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍ ഈ വിധി റദ്ദാക്കിയ ഹൈക്കോടതി ഇവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുകയും എട്ട് പേര്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇവരെ കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ മാലയിട്ട് സ്വീകരിക്കുകയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു.

ജയന്ത് സിന്‍ഹയുടെ പിതാവും ബിജെപി വിട്ട മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ അടക്കമുള്ള അദ്ദേഹത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. യുഎസിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ ബിസിനസ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് ജയന്ത് സിന്‍ഹ. 2014ല്‍ ധനകാര്യ സഹമന്ത്രിയായിരുന്ന ജയന്ത് സിന്‍ഹ 2016 മുതല്‍ വ്യോമയാന സഹമന്ത്രിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍