UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ് ഗുരു ആര്‍എസ്എസുകാരനായിരുന്നു എന്ന് ആര്‍എസ്എസുകാരന്‍ എഴുതിയ പുസ്തകം

“ആര്‍എസ്എസുകാര്‍ ഗാന്ധിജിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ അവര്‍ സംഘത്തിന്റെ പേര് ഉപയോഗിച്ചില്ല. സംഘത്തിന്റെ പേര് ഉപയോഗിക്കാത്തത് കൊണ്ട് മാത്രം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തില്ല എന്ന് പറയാനാകില്ല” – നരേന്ദ്ര സെഹ്ഗാള്‍ പറയുന്നു.

ഭഗത് സിംഗ്, സുഖ്‌ദേവ് എന്നിവര്‍ക്കൊപ്പം രക്തസാക്ഷിയായ വിപ്ലവകാരി രാജ്ഗുരു ആര്‍എസ്എസുകാരനായിരുന്നു എന്ന് അവകാശപ്പെട്ട് ആര്‍എസ്എസുകാരന്‍ എഴുതിയ പുസ്തകം. മാധ്യമപ്രവര്‍ത്തകനും മുന്‍ ആര്‍എസ്എസ് പ്രചാരകനുമായ നരേന്ദ്ര സെഹ്ഗാള്‍ ആണ് പുസ്തകം എഴുതിയിരിക്കുന്നത്. 1928ല്‍ ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായ ജെപി സോണ്ടഴ്‌സിനെ വധിച്ച ശേഷം രാജ്ഗുരു നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നതായി നരേന്ദ്ര സെഹ്ഗാള്‍ പുസ്തകത്തില്‍ അവകാശപ്പെടുന്നു.

രാജ്ഗുരു ആര്‍എസ്എസ് സ്ഥാപക തലവന്‍ കെബി ഹെഡ്‌ഗേവാറിനെ കണ്ടിരുന്നു. പൊലീസിന്റെ പിടിയിലകപ്പെടാതിരിക്കാന്‍, ഹെഡ്‌ഗേവാര്‍ രാജ്ഗുരുവിന് ഒളിച്ചുതാമസിക്കാന്‍ സുരക്ഷിത കേന്ദ്രമൊരുക്കി കൊടുത്തു. ആര്‍എസ്എസിന്റെ മോഹിതെ ഭാഗ് ശാഖയില്‍ അംഗമായിരുന്നു രാജ് ഗുരു. രാജ്ഗുരു അടക്കമുള്ള മൂന്ന് പേരെ തൂക്കിലേറ്റിയതറിഞ്ഞ് ഗുരുജി (ഹെഡ്‌ഗേവാര്‍) വളരെയേറെ ദുഖിതനായിരുന്നു. ഇവരുടെ ത്യാഗം വെറുതെയാകില്ലെന്ന് അദ്ദേഹം പറഞ്ഞു – പുസ്തകത്തില്‍ സെഹ്ഗാള്‍ പറയുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ തങ്ങളുടെ പങ്ക് ഉയര്‍ത്തിക്കാട്ടാന്‍ ആര്‍എസ്എസിന് കഴിയാതിരുന്നതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ രേഖപ്പെടുത്തപ്പെടാതെ പോയതെന്നും സെഹ്ഗാള്‍ പറയുന്നു.

അതേസമയം നരേന്ദ്ര സെഹ്ഗാള്‍ പറയുന്നത് ഡോ.അംബേദ്കറേയും സ്വാമി വിവേകാനന്ദനേയും ബാല്‍ ഗംഗാധര്‍ തിലകിനേയുമെല്ലാം ഏറ്റെടുക്കാനുള്ള ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് ചരിത്രകാരന്‍ ആദിത്യ മുഖര്‍ജി പറയുന്നു. ഭഗത് സിംഗ് ഓര്‍ ഉന്‍കെ സാതിയോം കെ ദസ്തവേജ് (The documents of Bhagat Singh and his associates) എന്ന പുസ്തകം എഡിറ്റ് ചെയ്ത മുന്‍ ജെഎന്‍യു പ്രൊഫസര്‍ ചമന്‍ലാലും ഈ അവകാശവാദം തള്ളിക്കളയുന്നു. നേരത്തെ ഭഗത് സിംഗിനേയും ഏറ്റെടുക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചിരുന്നു. എന്നാല്‍ ഭഗത് സിംഗിനോ രാജ്ഗുരുവിനോ ആര്‍എസ്എസുമായി എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടായിരുന്നതിന് തെളിവില്ല. അവരുടെ കൂടെ പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ പോലും ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല – ചമന്‍ ലാല്‍ ചൂണ്ടിക്കാട്ടി.

“ആര്‍എസ്എസുകാര്‍ ഗാന്ധിജിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ അവര്‍ സംഘത്തിന്റെ പേര് ഉപയോഗിച്ചില്ല. സംഘത്തിന്റെ പേര് ഉപയോഗിക്കാത്തത് കൊണ്ട് മാത്രം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തില്ല എന്ന് പറയാനാകില്ല” – നരേന്ദ്ര സെഹ്ഗാള്‍ പറയുന്നു. പുസ്തകത്തിന്റെ ആമുഖത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പറയുന്നതും ഇത് തന്നെ. 1857ലെ ബ്രിട്ടീഷ് വിരുദ്ധ ജനകീയ കലാപം ഹിന്ദുത്വ പ്രസ്ഥാനമായിരുന്നു എന്നും സെഹ്ഗാള്‍ അവകാശപ്പെടുന്നു. ഹിന്ദുത്വ പ്രസ്ഥാനം ഇത്തരത്തില്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ ഇതിന്റെ വളര്‍ച്ച തടയാനായി എഒ ഹ്യൂമിനെ ഉപയോഗിച്ച് 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കുകയായിരുന്നു – നരേന്ദ്ര സെഹ്ഗാള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍