UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിക്കെതിരായ സമരത്തിന് യുഡിഎഫുമായി യോജിക്കാന്‍ സന്നദ്ധമാണെന്ന് കൊടിയേരി; മറ്റൊരു മുഖമുളള മൂന്നാമുന്നണിയെന്ന് പ്രകാശ് കാരാട്ട്‌

ദേശിയ തലത്തില്‍ ഇടത് -കോണ്‍ഗ്രസ് സഖ്യത്തിനു പകരം മറ്റൊരു മുഖമുളള മൂന്നാം മുന്നണി എന്ന ആശയമാണ് പ്രകാശ് കാരാട്ടിനുളളത്‌

ദേശീയ തലത്തില്‍ ബി.ജെ.പി, ആര്‍.എസ്.എസ്. ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാനൊരുങ്ങി സി.പി.എം. ആര്‍.എസ്.എസിനെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സി.പി.എം. പി.ബി.അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനമാണ് സി.പി.എം.-കോണ്‍ഗ്രസ് സഖ്യത്തിനുള്ള പുതിയ സാധ്യത വെളിവാക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസുമായോ യു.ഡി.എഫുമായോ സഹകരിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറാണെന്ന സിസി അംഗം തോമസ് ഐസക്കിന്റെ പ്രഖ്യാപനവും ഈ സാധ്യതയ്ക്ക് ശക്തി പകരുന്നു. ഈ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ കെ.പി.സി.സി. അധ്യക്ഷന്‍ എം.എം.ഹസന്‍ കോടിയേരിയുടെ വാക്കുകളെ സ്വാഗതം ചെയ്തതും ദേശീയതലത്തില്‍ വീണ്ടും കോണ്‍ഗ്രസ്-സി.പി.എം സഖ്യത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ യുഡിഎഫുമായി കൈകോര്‍ക്കാമെന്ന് പറഞ്ഞ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതിനായി പിന്തുണ തേടി പ്രതിപക്ഷ നേതാവിനു മുഖ്യമന്ത്രിയോട് സംസാരിക്കാമെന്നു പറഞ്ഞു. സി.പി.എം. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ കേന്ദ്ര നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ സമ്മേളനങ്ങളില്‍ ചര്‍ച്ചയാകാനും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാവാനും ഇടവരുത്തുമെന്നാണ് രാഷ്്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഈ പശ്ചാതലത്തില്‍ കോടിയേരിയുടെ വാക്കുകള്‍ സി.പി.എമ്മിന്റെ ചരിത്രപരമായ തീരുമാനങ്ങള്‍ക്ക് വഴിവക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇത് സംബന്ധിച്ച കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണമാണ് ഇനിയുണ്ടാവേണ്ടത്. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി യോജിക്കുന്നതിനെയും ഒന്നാം യു.പി.എ.സര്‍ക്കാരിന്റെ കാലം മുതല്‍ മന്‍മോഹന്‍ സര്‍ക്കാരിന് പിന്തുണ നല്‍കിയതിനെയും കേന്ദ്രകമ്മിറ്റിയിലും പി.ബി.യിലും ഉള്‍പ്പെടെ ശക്തമായി എതിര്‍ത്തിരുന്ന കേരള ഘടകത്തിന്റെ ഈ നയം മാറ്റം വരും നാളുകളില്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതാണ്. സി.പി.എമ്മിന്റെ നയം മാറ്റത്തിന് പിന്നാലെ മൂന്നാം മുന്നണിയെന്ന ലക്ഷ്യവുമായി നില്‍ക്കുന്ന കൂടുതല്‍ ചെറുകക്ഷികളും പുതിയ തീരുമാനങ്ങളിലേക്ക് എത്തിപ്പെടാനും സാധ്യതയൊരുക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. അതെസമയം കെ.പി.സി.സി. ഉപാധ്യക്ഷന്‍ വി.ഡി.സതീശനും മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കോടിയേരിയുടെ പ്രസ്താവനയെ എതിര്‍ത്ത് രംഗത്തെത്തിയെങ്കിലും ഇതിനെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രായോഗിക രാഷ്ടീയത്തിന്റെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്. ബി.ജി.പി.യും കോണ്‍ഗ്രസും ശത്രുക്കളാണെന്ന് പോളിറ്റ് ബ്യൂറോ പ്രഖ്യാപിച്ചിരുന്നു, കേന്ദ്രസര്‍ക്കാരിനെതിരെ യോജിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ മുഖ്യശത്രു ആരെന്ന് സി.പി.എം. വ്യക്തമാക്കണമെന്നുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ സിപിഎമ്മിന്റെ സമീപനത്തില്‍ ആത്മാര്‍ഥതയില്ലെന്ന പരാമര്‍ശമാണ് വി.ഡി.സതീശനില്‍ നിന്നുണ്ടായത്.

എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരത്തില്‍ ഒരു സഖ്യത്തിന്റെ ആവശ്യകത ഏറെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസക്തമാവുകയാണ്. അതെസമയം, കൊടിയേരിയുടെ പ്രസ്താവന ദില്ലിയിയല്‍ പ്രത്യേക ചലനമുണ്ടാക്കിയിട്ടില്ലെന്നാണ് ബിസിനസ് ലൈന്‍ രാഷ്ട്രീയ ലേഖകന്‍ അഴിമുഖത്തോട് പറഞ്ഞത്. ദേശിയ തലത്തില്‍ ഇടത് -കോണ്‍ഗ്രസ് സഖ്യത്തിനു പകരം മറ്റൊരു മുഖമുളള മൂന്നാം മുന്നണി എന്ന ആശയമാണ് പ്രകാശ് കാരാട്ട് തന്റെ പ്രസംഗത്തില്‍ അടുത്തിടെ പറഞ്ഞതെന്നും ഡോ ജിഗീഷ് അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ പിബി അംഗമായ കൊടിയേരിയും കേന്ദ്രകമിറ്റി അംഗമായ തോമസ് ഐസക്കും തങ്ങളുടെപുതിയ നിലപാട് അടുത്ത് നടക്കാനിരിക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായേക്കുമെന്നും സൂചനകളുണ്ട്.

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍