UPDATES

ട്രെന്‍ഡിങ്ങ്

ദഭോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി വധങ്ങളില്‍ ഉപയോഗിച്ചത് ഒരേ തോക്ക്; ഘാതകര്‍ വെവ്വേറെ

ഗൗരി ലങ്കേഷിന്റെ വീടിന് മുന്നില്‍ പരശുറാമിനെ എത്തിച്ച ബൈക്കോടിച്ചിരുന്നയാള്‍, നിഹാല്‍ അഥവാ ദാദ എന്ന മറ്റൊരാള്‍ എന്നിവരടക്കം നാല് പേരെ എസ് ഐ ടി തേടുന്നുണ്ട്.

കന്നഡ എഴുത്തുകാരനും ചിന്തകനുമായ എംഎം കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെ, യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് തന്നെയാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും വധിക്കാന്‍ ഉപയോഗിച്ചതെന്ന് കര്‍ണാടക എസ് ഐ ടി കണ്ടെത്തി. അതേസമയം ഗൗരിയെ വധിച്ച പരശുറാം വാഗ്മോറിന് മറ്റ് കൊലപാതകങ്ങളില്‍ പങ്കില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ശ്രീരാം സേനയുമായി ബന്ധമുള്ള വാഗ്മോറിനെ ജൂണ്‍ 11നാണ് വിജയാപുരയില്‍ നിന്ന് എസ് ഐ ടി അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റ് ചെയ്ത സനാതന്‍ സന്‍സ്ഥ, ഹിന്ദു ജനജാഗൃതി സമിതി എന്നീ സംഘടനകളുമായി ബന്ധപ്പെട്ട നാല് പേരില്‍ നിന്നാണ് പരശുറാം വാഗ്മോറിനെക്കുറിച്ചുള്ള വിവരം എസ്‌ഐടിക്ക് കിട്ടിയത്.

എച്ച്‌ജെഎസ് മുന്‍ കണ്‍വീനര്‍ അമോല്‍ കാലെയാണ് ബല്‍ഗാമിന് സമീപം കാട്ടില്‍ വച്ച് തന്നെ തോക്കുപയോഗിക്കാന്‍ പഠിപ്പിച്ചതെന്ന് വാഗ്മോര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. നാല് കൊലപാതകങ്ങളിലും 7.65 എംഎം നാടന്‍ തോക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ഓരോ കൊലപാതകത്തിനും വെവ്വേറെ കൊലയാളികളെ നിയോഗിച്ചു. നാല് കൊലപാതകങ്ങളുടെ ആസൂത്രണങ്ങളിലും മൂന്നോ നാലോ കോര്‍ മെമ്പര്‍മാരാണ് പങ്കാളികളായിട്ടുള്ളത് എന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെ ബുള്ളറ്റുകളുടേയും കാട്രിഡ്ജുകളുടേയും സമാനത ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി വധങ്ങളില്‍ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാക്കിയിരുന്നു. ഗൗരി ലങ്കേഷിന്റെ വീടിന് മുന്നില്‍ പരശുറാമിനെ എത്തിച്ച ബൈക്കോടിച്ചിരുന്നയാള്‍, നിഹാല്‍ അഥവാ ദാദ എന്ന മറ്റൊരാള്‍ എന്നിവരടക്കം നാല് പേരെ എസ് ഐ ടി തേടുന്നുണ്ട്. ഇതില്‍ ഒരാള്‍ കല്‍ബുര്‍ഗിക്കെതിരെ വെടിയുതിര്‍ത്തയാള്‍ എന്ന് പൊലീസ് സംശയിക്കുന്നയാളാണ്.

നാല് കൊലപാതകങ്ങളിലും പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയയാള്‍ പൂനെ സ്വദേശി അമോല്‍ കാലെയാണ്. കാലെയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് നിര്‍ണായകമായി. സനാതന്‍ സന്‍സ്ഥയേയും എച്ച്‌ജെഎസിനേയും സംബന്ധിച്ച് വലിയ തിരിച്ചടിയാണ് അഈ അറസ്റ്റ്. ധബോല്‍ക്കര്‍ വധത്തിലെ പ്രധാനിയെന്ന് സിബിഐ കണ്ടെത്തിയിട്ടുള്ള സാരംഗ് അകോല്‍ക്കറുമായുള്ള ഇയാളുടെ ബന്ധം വ്യക്തമായിട്ടുണ്ട്. അകോല്‍ക്കര്‍ അടക്കമുള്ള നാല് പേരെ 2009 മുതല്‍ കാണാതായിരിക്കുകയാണ്. 2009ല്‍ ഗോവയിലെ മഡ്ഗാവിലുണ്ടായ സ്‌ഫോടനത്തിലും അകോല്‍ക്കര്‍ക്ക് ബന്ധമുള്ളതായി അന്വേഷണ ഏജന്‍സിക്ക് ബോധ്യമായിട്ടുണ്ട്. 2011ല്‍ എന്‍ഐഎയുടെ അഭ്യര്‍ത്ഥനെ പ്രകാരം, അകോല്‍കറിന് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മാണ്ഡ്യ സ്വദേശിയായ അനില്‍ കുമാര്‍ എന്ന യുവാവിനെ, എഴുത്തുകാരന്‍ പ്രൊഫ.കെഎസ് ഭഗവാനെ വധിക്കാനായി നിയോഗിച്ചിരുന്നതായും എസ് ഐ ടി കണ്ടെത്തിയിരുന്നു. ഇയാള്‍ ഗൗരി വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കെടി നവീന്‍ കുമാറുമായി അടുത്ത ബന്ധമുള്ളയാളാണ്. നവീന്‍ കുമാറിന്റെ അറസ്റ്റിലൂടെ ഈ പദ്ധതി പൊലീസ് പൊളിച്ചിരുന്നു. ഇന്റര്‍നെറ്റ്, ഇമെയില്‍ ആശയവിനിമയം നിര്‍ത്തി മറ്റ് രീതികളിലേയ്ക്ക് ഗൗരി വധത്തിന് മുമ്പായി പ്രതികള്‍ കടന്നത് ദഭോല്‍ക്കര്‍ വധത്തിലെ അകോല്‍കറുടേയും തവാദെയുടേയും പങ്ക് സിബിഐ പുറത്തുകൊണ്ടുവന്നതിന് ശേഷമാണ്. ഗൗരി ലങ്കേഷ് വധം ആസൂത്രണം ചെയ്യുന്നതിലും കെഎസ് ഭഗവാനെ വധിക്കാനുള്ള പദ്ധതിയിലും മഹാരാഷ്ട്രയിലേയും കര്‍ണാടകയിലേയും കോയിന്‍ ടെലിഫോണ്‍ ബൂത്തുകളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഗോവയിലെ സനാതന്‍ ആശ്രമില്‍ കഴിഞ്ഞിരുന്ന, സനാതന്‍ സന്‍സ്ഥ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്ന അമിത് ദെഗ്വേകറിന്റെ പങ്കും കര്‍ണാടക സ്വദേശി സുജിത് കുമാറിന്റെ പങ്കും പുറത്തുവന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍