UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി കൂട്ടക്കൊല: സൗമ്യയുടെ ഭര്‍ത്താവ് കിഷോര്‍ കസ്റ്റഡിയില്‍

ഇളയമകള്‍ കീര്‍ത്തനയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനാണ് കിഷോറിനെ ചോദ്യം ചെയ്യുന്നത്‌

പിണറായി പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയുടെ ഭര്‍ത്താവ് കിഷോറിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. സൗമ്യയെ ഉപേക്ഷിച്ച് 2012ല്‍ നാടുവിട്ട കൊല്ലം സ്വദേശിയായ കിഷോറിനെ കൊടുങ്ങല്ലൂരില്‍ നിന്നാണ് ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് വൈകുന്നേരത്തോടെ തലശേരിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തലശേരി സിഐ കെ.ഇ പ്രേമചന്ദ്രന്‍ അറിയിച്ചു. ഇവരുടെ ഇളയമകള്‍ ഒന്നരവയസുകാരി കീര്‍ത്തന മരിക്കുമ്പോള്‍ സൗമ്യയും കിഷോറും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. ഈ കുട്ടിയുടെ മരണത്തെക്കുറിച്ച് അറിയാനും സൗമ്യയുടെ പൂര്‍വകാല ജീവിതത്തെ കുറിച്ച് അറിയാനുമാണ് കിഷോറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

പിതാവ് കുഞ്ഞിക്കണ്ണന്‍(80), മാതാവ് കമല(65), മൂത്തമകള്‍ ഐശ്വര്യ(ഒമ്പത്) എന്നിവരെ എലിവിഷം നല്‍കി കൊലപ്പെടുത്തിയെന്നതാണ് സൗമ്യയ്‌ക്കെതിരെയുള്ള കേസ്. കഴിഞ്ഞ നാല് മാസത്തിനിടെയാണ് മൂവരും കൊല്ലപ്പെട്ടത്. ശര്‍ദ്ദിലിന് ചികിത്സയിലിരിക്കെയുള്ള മൂവരുടെയും മരണത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

കുഞ്ഞിക്കണ്ണനും കമലയ്ക്കും ഐശ്വര്യയ്ക്കും താന്‍ എലിവിഷം ഭക്ഷണത്തില്‍ ചേര്‍ത്ത് നല്‍കുകയായിരുന്നുവെന്ന് സൗമ്യ സമ്മതിച്ചു. എന്നാല്‍ ഇളയമകളുടെ മരണം സ്വാഭാവിക മരണമാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് സംശയം നിലനില്‍ക്കുന്നുണ്ട്. ആറ് വര്‍ഷം മുമ്പ് മരണം സംഭവിച്ചതിനാല്‍ ശാസ്ത്രീയ പരിശോധന പ്രയാസമായതിനാലാണ് കിഷോറിനെ ചോദ്യം ചെയ്യുന്നത്. മറ്റ് മൂന്ന് പേരുടെയും മരണത്തിന്റെ അതേ ലക്ഷണങ്ങളായിരുന്നു കീര്‍ത്തനയുടെ മരണത്തിലുമുണ്ടായിരുന്നത്.

കീര്‍ത്തനയുടെ പിതൃത്വം കിഷോര്‍ സംശയിച്ചിരുന്നതായി സൗമ്യയുടെ മൊഴികളിലുണ്ട്. ഇതേ തുടര്‍ന്നുണ്ടായ വഴക്കില്‍ സൗമ്യയെ കിഷോര്‍ എലിവിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. കൊലപാതകങ്ങളില്‍ തന്റെ കാമുകന്മാര്‍ ഉള്‍പ്പെടെ ആര്‍ക്കും പങ്കില്ലെന്നാണ് സൗമ്യ പറയുന്നത്. ഇത് പോലീസിനെ സംശയത്തിലാക്കുന്നുണ്ട്. ഇത്രയും ക്രൂരമായ സംഭവങ്ങള്‍ നടന്നിട്ടും മൂന്ന് കാമുകന്മാരോടും അത് പറയുകയോ അവര്‍ അറിയുകയോ ചെയ്തിട്ടില്ലെന്നത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

കൊലപാതകങ്ങള്‍ക്ക് മുമ്പും ശേഷവും ഒരു കാമുകനുമായി സൗമ്യ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കാമുകന്മാരില്‍ ആരില്‍ നിന്നും ചോദ്യം ചെയ്യലില്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കുട്ടിക്കാലം മുതൽ സൗമ്യ അനുഭവിച്ചത് കടുത്ത പീഡനങ്ങൾ; കുഞ്ഞുങ്ങൾക്ക് അജ്ഞാത രോഗമാണെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍