എസ്ബിഐയുടെ ജൂലായ് – സെപ്റ്റംബര്‍ പാദത്തിലെ ലാഭത്തേക്കാള്‍ വരുമിത്. ഈ കാലയളവിലെ നെറ്റ് പ്രൊഫിറ്റ് 1581.55 കോടി രൂപയാണ്.
മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചാര്‍ജ്ജായി ഈടാക്കിയത് 1771 കോടി രൂപ. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ധന മന്ത്രാലയത്തിന്റെ കണക്കാണിത്. എസ്ബിഐയുടെ ജൂലായ് – സെപ്റ്റംബര്‍ പാദത്തിലെ ലാഭത്തേക്കാള്‍ വരുമിത്. ഈ കാലയളവിലെ നെറ്റ് പ്രൊഫിറ്റ് 1581.55 കോടി രൂപയാണ്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നെറ്റ് പ്രൊഫിറ്റ് 3586 കോടി രൂപ. 2016-17 സാമ്പത്തികവര്‍ഷം എസ്ബിഐ മിനിമം ബാലന്‍സ് വയക്കാത്തവരില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കിയിരുന്നില്ല. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം ഇത് തിരിച്ചുകൊണ്ടുവരുകയായിരുന്നു.
42 കോടി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളാണ് എസ്ബിഐയ്ക്കുള്ളത്. ഇതില്‍ 13 കോടി അക്കൗണ്ടുകള്‍ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ്‌സ് അക്കൗണ്ടുകളോ പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകളോ ആണ്. ഈ രണ്ട് വിഭാഗങ്ങള്‍ക്കും ചാര്‍ജ്ജ് ചുമത്തുന്നില്ല. എസ്ബിഐ കഴിഞ്ഞാല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് ചാര്‍ജ്ജ് ഈടാക്കുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നത് 97.34 കോടി രൂപ. കനറ ബാങ്ക് ഈടാക്കിയത് 62.16 കോടി രൂപ.
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് മാത്രമാണ് ഈ സാമ്പത്തികവര്‍ഷം മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കാതിരുന്ന പൊതുമേഖല ബാങ്ക്. 2016-17ലും 2017 നവംബര്‍ വരെയും ഇവര്‍ ചാര്‍ജ്ജ് ഈടാക്കിയിട്ടില്ല. മെട്രോ നഗരങ്ങളില്‍ എസ്ബിഐ നേരത്തെ മിനിമം ബാലന്‍സ് 5000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. സെപ്റ്റംബറില്‍ ഇത് 3000 ആക്കി കുറച്ചിരുന്നു.