UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടിച്ചമര്‍ത്തപെട്ടവര്‍ക്ക് വേണ്ടി പ്രതിഷേധങ്ങളുയരുന്നതില്‍ പ്രതീക്ഷയുണ്ട്- നയന്‍താര ഷെഗല്‍

അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് ഇത് പ്രതീക്ഷയും ധൈര്യവും നല്‍കും. എഴുത്തുകാരും കലാകാരന്മാരും എന്ന് നമ്മള്‍ വിശ്വസിക്കുന്ന ആളുകള്‍ നിര്‍ബന്ധബുദ്ധിയുള്ളവരാണ്. അവരെ നിശബ്ദരാക്കാനാവില്ല. പ്രതികരിക്കാന്‍ കിട്ടുന്ന എല്ലാ അവസരങ്ങളിലും അവര്‍ പ്രതികരിക്കും

രാജ്യം ഹൈന്ദവ ഏകശിലാ സംസ്‌കാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ എഴുത്തുകാരി നയന്‍താര ഷെഗല്‍. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളുടെയും തച്ചുകൊലകളുടെയും യുക്തിവാദികളെയും നിശബ്ദരാക്കുന്നതിന്റെയും സാഹചര്യത്തിലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ ഷെഗലിന്റെ മുന്നറിയിപ്പ്. ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച ഒരു ഫേസ്ബുക്ക് ലൈവ് ചാറ്റില്‍ ഗീത ഹരിഹരനുമായി സംസാരിക്കുമ്പോഴാണ് അവര്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

ഇന്ന് യഥാര്‍ത്ഥ ഹൈന്ദവതയുടെ ഹാസ്യാനുകരണമാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഹൈന്ദവതയില്‍ നിന്നുള്ള അപഭ്രംശമായ ഹിന്ദുത്വം എന്നും രാജ്യം അതിലേക്ക് മുങ്ങിതാണുകൊണ്ടിരിക്കുകയാണെന്നും ഷെഗല്‍ പറഞ്ഞു. സ്വാതന്ത്ര്യകാലം മുതല്‍ ഇന്നുവരെ രാജ്യത്ത് സംഭവിച്ച മാറ്റങ്ങളെ കുറിച്ച് അവര്‍ വിശദീകരിച്ചു. 1975ലെ അടിയന്തിരാവസ്ഥ ഏകാധിപത്യപരമായിരുന്നു. പ്രതിപക്ഷം ജയിലില്‍ അടയ്ക്കപ്പെടുകയും സംവാദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും നമ്മുടെ ജീവിതത്തിന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും കവര്‍ന്നെടുക്കപ്പെടുന്ന തരത്തിലുള്ള നിയമനിര്‍മ്മാണങ്ങള്‍ നടക്കുകയും ചെയ്തു. എന്നാല്‍ നമ്മള്‍ അകപ്പെട്ട അവസ്ഥയെ കുറിച്ചുള്ള തിരിച്ചറിവ് അന്നുണ്ടായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇന്ന് കൂടുതല്‍ അപകടകരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ആള്‍ക്കൂട്ട കൊലകളും മാധ്യമപ്രവര്‍ത്തരുടെയും യുക്തിവാദികളുടെയും കൊലപാതകവുമാണ് ജനാധിപത്യത്തിന്റെ മറവില്‍ നടക്കുന്നത്. മുസ്ലീങ്ങളെ ലക്ഷ്യമാക്കിയാണ് അസഹിഷ്ണുത വളരുന്നത്. എന്നാല്‍ മറ്റ് ന്യൂനപക്ഷ സമൂഹങ്ങളെ അതത്ര ബാധിക്കുന്നില്ല എന്നും ശ്രദ്ധേയമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ‘ഇന്ത്യ ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണെന്നാണ് ഹിന്ദുതവാദികള്‍ വിശ്വസിക്കുന്ന ആശയം. ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, സിക്കുകാര്‍ എന്നിവരെ സഹിക്കും. എന്നാല്‍ മുസ്ലീങ്ങളെ ശത്രുക്കളായി മാത്രമേ പരിഗണിക്കൂ. മുസ്ലീങ്ങള്‍ ഈ രാജ്യത്ത് താമസിക്കണമെങ്കില്‍ അവരുടെ സ്ഥാനം എന്താണെന്ന് അവരോട് പറയണം എന്നതാണ് അവരുടെ നിലപാട്,’എന്ന് ഷെഗല്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, അക്രമം വര്‍ദ്ധിക്കുമ്പോഴും സിനിമ താരങ്ങള്‍ മുതല്‍ ബുദ്ധിജീവികളും ദളിതരും വരെയുള്ളവരുടെ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്ന് വരുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് ഇത് പ്രതീക്ഷയും ധൈര്യവും നല്‍കും. എഴുത്തുകാരും കലാകാരന്മാരും എന്ന് നമ്മള്‍ വിശ്വസിക്കുന്ന ആളുകള്‍ നിര്‍ബന്ധബുദ്ധിയുള്ളവരാണ്. അവരെ നിശബ്ദരാക്കാനാവില്ല. പ്രതികരിക്കാന്‍ കിട്ടുന്ന എല്ലാ അവസരങ്ങളിലും അവര്‍ പ്രതികരിക്കും. അത്തരം പ്രതികരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കേണ്ടതുണ്ടെന്നും നയന്‍താര ഷെഗല്‍ ചൂണ്ടിക്കാണിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍