മാധ്യമപ്രവര്‍ത്തകരേയും ക്യാമറകളേയും കൂട്ടി ശ്രീജിത്തിനെ സാന്ത്വനിപ്പിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അക്ഷരാര്‍ത്ഥത്തില്‍ നാണം കെട്ടു. മറുപടിയില്ലാതെ പതറി.
“സാറേ, ഒരു സംശയം ചോദിച്ചോട്ടെ?” എന്ന് പറഞ്ഞാണ് അയാള്‍ തുടങ്ങിയത്. പിന്നെ ചെന്നിത്തലയ്ക്ക് ഒന്നും പറയേണ്ടി വന്നില്ല. അയാള്‍ എല്ലാം പറഞ്ഞു. “സാറ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോളാണ് ഈ സംഭവമുണ്ടായത്. അന്ന് ശ്രീജിത്ത് സാറിനെ കാണാന്‍ വന്നിരുന്നു. ഞാനും കൂടെ വന്നിരുന്നു. അന്ന് സാറ് ഇവനോട് പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. റോഡില്‍ കിടന്ന് വെറുതെ പൊടിയടിക്കണ്ട, കൊതുക് കടി കൊള്ളണ്ട എന്നൊക്കെയാണ് സാറന്ന് പറഞ്ഞത്. ഇത് ജനങ്ങള്‍ കാണുന്നുണ്ട്. പൊതുജനങ്ങളുടെ കണ്ണില്‍ മണ്ണ് വാരിയിടാന്‍ സമ്മതിക്കില്ല”. സമീപത്ത് നിന്ന് അപ്പോള്‍ കയ്യടി ഉയര്‍ന്നു. “താനാരാ?” എന്ന ചോദ്യത്തിന് “ഞാന്‍ പൊതുജനമാണ്, ശ്രീജിത്തിന്റെ സുഹൃത്താണ്” എന്നായിരുന്നു ആ യുവാവിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകരേയും ക്യാമറകളേയും കൂട്ടി ശ്രീജിത്തിനെ സാന്ത്വനിപ്പിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അക്ഷരാര്‍ത്ഥത്തില്‍ നാണം കെട്ടു. മറുപടിയില്ലാതെ പതറി.
സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ 764 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിലാണ് ശ്രീജിത്ത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. 2014 മേയ് 21നാണ് പാറശാല പൊലീസ് സ്റ്റേഷനില്‍ ലോക്ക് അപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് കൊല്ലപ്പെടുന്നത്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും മറ്റ് അച്ചടക്ക നടപടിയൊന്നും ഇവര്‍ക്കെതിരെ ഉണ്ടായിരുന്നില്ല. നേരത്തെ കേസുമായി ബന്ധപ്പെട്ട്, ആഭ്യന്തര മന്ത്രിയായിരിക്കെ ചെന്നിത്തലയെ കാണാന്‍ ചെന്നപ്പോളുണ്ടായ മോശം അനുഭവം ഓര്‍ത്താണ് ശ്രീജിത്തിന്റെ സുഹൃത്ത് തന്റെ രോഷം പ്രകടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ ചെന്നിത്തലയുടെ കാപട്യം ശ്രീജിത്തിന്റെ സുഹൃത്ത് തുറന്നുകാട്ടുന്നു എന്ന് പറഞ്ഞാണ് പലരും ഇത് ഫേസ് ബുക്കിലും മറ്റും ഷെയര്‍ ചെയ്യുന്നത്.