UPDATES

സിനിമാ വാര്‍ത്തകള്‍

സംസ്ഥാന സിനിമ അവാര്‍ഡ്: മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

അലന്‍സിയറാണ് മികച്ച സ്വഭാവ നടന്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും). ചിത്രത്തിന് തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയത്.

2017ലെ സിനിമകള്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാഹുല്‍ റെജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം ആണ് മികച്ച ചിത്രം. ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. ഇ മ യൗവിലൂടെ ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകന്‍. ആളൊരുക്കം എന്ന സിനിമയിലൂടെ ഇന്ദ്രന്‍സ് മികച്ച നടനായും മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക് ഓഫിലൂടെ പാര്‍വതി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മഹേഷ്‌ നാരയണനാണ് മികച്ച നവാഗത സംവിധായകന്‍. ടേക്ക് ഓഫ് ആറ് പുരസ്‌കാരങ്ങള്‍ നേടി. മനേഷ് മാധവനാണ് മികച്ച സിനിമാട്ടോഗ്രഫിക്കുള്ള പുരസ്കാരം.  അലന്‍സിയറാണ് മികച്ച സ്വഭാവ നടന്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും). ചിത്രത്തിന് തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയത്.

ഒറ്റ മുറി വെളിച്ചത്തിലെ മികച്ച അഭിനയത്തിലൂടെ വിനീത കോശി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച നടനുള്ള പുരസ്‌കാരത്തില്‍ ഇന്ദ്രന്‍സും ഫഹദ് ഫാസിലും (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) തമ്മിലും മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി പാര്‍വതിയും വിനീത കോശിയും തമ്മിലായിരുന്നു അവസാന റൗണ്ട് മത്സരം എന്നാണ് റിപ്പോര്‍ട്ട്. ശ്രദ്ധേയമായ പ്രകടനങ്ങളുമായി നിമിഷ സജയനും (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)  ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നു.

ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പുരസ്‌കാരമടക്കം മൂന്ന് അവാര്‍ഡുകള്‍ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു നേടി. മികച്ച ചിത്രസംയോജനത്തിനുള്ള പുരസ്‌കാരം ഒറ്റമുറി വെളിച്ചം, വീരം എന്നീ ചിത്രങ്ങളിലൂടെ അപ്പു ഭട്ടതിരി നേടി. ഭയാനകം എന്ന സിനിമയിലൂടെ എംകെ അര്‍ജുനന്‍ മികച്ച സംഗീതത്തിനും ടേക്ക് ഓഫിലൂടെ ഗോപീസുന്ദര്‍ മികച്ച പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്‌കാരം നേടി. 1970കള്‍ മുതല്‍ സ്വതന്ത്ര സംഗീത സംവിധായകനായി മലയാള സിനിമയിലുള്ളയാളും നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും ചെയ്ത എംകെ അര്‍ജുനന്റെ ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണിത് ഇത്  എന്നത് ശ്രദ്ധേയമാണ്.  മായാനദിയിലെ മിഴിയില്‍ നിന്നും എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച ഷഹബാസ് അമന്‍ ആണ് മികച്ച ഗായകന്‍. സിതാര കൃഷ്ണകുമാര്‍ ആണ് മികച്ച ഗായിക (വിമാനം).

2015ല്‍ മണ്‍റോ തുരുത്തിലെ മികച്ച പ്രകടനത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം കി്ട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അടുത്ത കാലത്ത് പല ചിത്രങ്ങളിലും നിരൂപക പ്രശംസ നേടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇന്ദ്രന്‍സിനെ തേടി അവസാനം മികച്ച നടനുള്ള പുരസ്‌കാരം എത്തിയിരിക്കുകയാണ്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇത് രണ്ടാം തവണയാണ് പാര്‍വതി നേടുന്നത്. നേരത്തെ 2015ല്‍ എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി എന്നീ ചിത്രങ്ങളിലൂടെ പാര്‍വതി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. ഒപ്പം ടേക്ക് ഓഫിലെ അഭിനയത്തിന് ഐഎഫ്എഫ്‌ഐയിലെ (ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം) മികച്ച നടിയായും പാര്‍വതി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു മലയാളി നടി ആദ്യമായാണ് ഐഎഫ്എഫ്‌ഐയില്‍ ഈ പുരസ്‌കാരം നേടിയിരുന്നത്. വലിയ നിരൂപകപ്രശംസയും ജനപ്രീതിയും നേടിയ ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് ഇത്തവണ  പ്രതീക്ഷകള്‍ തെറ്റിച്ച് കാര്യമായ പുരസ്‌കാരങ്ങള്‍ നേടാതെ പോയത്.

മറ്റ് പുരസ്‌കാരങ്ങള്‍:

ശബ്ദമിശ്രണം – പ്രമോദ് തോമസ് (ഏദന്‍)

സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി (ഈ.മ.യൗ)

കലാസംവിധാനം – സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)

കഥ – എം.എ. നിഷാദ്

മേക്കപ്പ് – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)

വസ്ത്രാലങ്കാരം – സലി എല്‍സ (ഹേ ജൂഡ്)

കുട്ടികളുടെ ചിത്രം – സ്വനം

ബാലതാരങ്ങള്‍ – മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര

ഗാനരചന – പ്രഭാവര്‍മ

നൃത്ത സംവിധാനം – പ്രസന്ന സുജിത്ത് (ഹേ ജൂഡ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍