UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാറൂഖ് കോളേജിലെ അധ്യാപക അക്രമം അന്വേഷിക്കുമെന്ന് ഉറപ്പ്: വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു

ഇന്നലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ നടത്തിയ ഹോളി ആഘോഷത്തിനിടെ അധ്യാപകരടക്കമുള്ള ജീവനക്കാര്‍ വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.

കോഴിക്കോട് ഫാറൂഖ് കോളേജില്‍ അധ്യാപകരും ജീവനക്കാരും തങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തിലും മര്‍ദ്ദനത്തിലും പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിച്ചു. ഹോളി ആഘോഷിച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. കോളേജിലെ അക്രമസംഭവം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മൂന്ന് മണിയോടെ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗം അംഗീകരിച്ചു. തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.

അന്വേഷണ കമ്മീഷനില്‍ ആരോപണ വിധേയരായ അധ്യാപകരെ ആരേയും ഉള്‍പ്പെടുത്തിയിട്ടില്ല. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് ഒരു വിദ്യാര്‍ഥിയേയും രക്ഷകര്‍ത്താവിനേയും അന്വേഷണ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നടപടിയുണ്ടാവുകയാണെങ്കില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഒരു നടപടിയേ ഉണ്ടാവു എന്ന് പോലീസും ഉറപ്പു നല്‍കിയതായി വിദ്യാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു.

ഇന്നലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ നടത്തിയ ഹോളി ആഘോഷത്തിനിടെ അധ്യാപകരടക്കമുള്ള ജീവനക്കാര്‍ വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോളേജിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം സമരം തുടങ്ങിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍