UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം: കൊളീജിയം യോഗം ഇന്ന്

മേയ് രണ്ടിന് ചേര്‍ന്ന കൊളീജിയം യോഗം ജസ്റ്റിസ് ജോസഫിന്റെ നിയമന ശുപാര്‍ശയിലെ തീരുമാനം മാറ്റി വയ്ക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരിക്കും യോഗം.

സുപ്രീം കോടതി ജഡ്ജിയായുള്ള ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കൊളീജിയം യോഗം ഇന്ന് ചേരും. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ പുനപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മേയ് രണ്ടിന് ചേര്‍ന്ന കൊളീജിയം യോഗം ജസ്റ്റിസ് ജോസഫിന്റെ നിയമന ശുപാര്‍ശയിലെ തീരുമാനം മാറ്റി വയ്ക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരിക്കും യോഗം.

കല്‍ക്കട്ട, രാജസ്ഥാന്‍, തെലങ്കാന, ആന്ധ്രപ്രദേശ് ജഡ്ജിമാരേയും സുപ്രീം കോടതിയിലേയ്്ക്ക് ഉയര്‍ത്തുന്ന കാര്യം കൊളീജിയം പരിഗണിക്കുന്നുണ്ട്. മേയ് രണ്ടിന്റെ യോഗത്തില്‍ ജസ്റ്റിസ് ജോസഫിന്റെ നിയമന ശുപാര്‍ശ വീണ്ടും കേന്ദ്രസര്‍ക്കാരിന് തിരിച്ചയയ്ക്കാന്‍ തീരുമാനിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് വഴങ്ങുന്നു എന്ന പ്രതീതിയുണ്ടാക്കാന്‍ ഇത് വഴി വച്ചു. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് ജെ ചെലമേശ്വര്‍ അടക്കമുള്ള നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് നല്‍കണം എന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്ത് നല്‍കിയിരുന്നു. ഇവര്‍ പ്രത്യേക യോഗം ചേരുകയും ചെലമേശ്വര്‍ ഒഴികെയുള്ള മൂന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജനുവരി 10നാണ് ജസ്റ്റിസ് കെഎം ജോസഫിനേയും സുപ്രീം കോടതി അഭിഭാഷകയായിരുന്ന ഇന്ദു മല്‍ഹോത്രയേയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ഏകകണ്‌ഠേന ശുപാര്‍ശ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ മാറ്റി വയ്ക്കുകയായിരുന്നു. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയത് ജസ്റ്റിസ് കെഎം ജോസഫിന്റെ ബഞ്ചായിരുന്നു. ഇതിന്റെ പ്രതികാരമായാണ് അദ്ദേഹത്തിന്റെ നിയമനം തടയുന്നത് എന്ന ആരോപണം ഉയര്‍ന്നു. പിന്നീട് ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിക്കുകയും അവര്‍ ജഡ്ജിയായി ചുമതലയേറ്റ് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. കെഎം ജോസഫിനെ രാജ്യത്തെ മറ്റ് ഹൈക്കോടതി ജഡ്ജിമാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സീനിയോറിറ്റി ഇല്ലെന്നും സംസ്ഥാന പ്രാതിനിധ്യം പ്രശ്‌നമാണെന്നും ഒക്കെയാണ് നിയമനം പുനപരിശോധിക്കണം എന്ന ആവശ്യത്തിന് ന്യായീകരണമായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാജ്യത്തെ രണ്ട് മുന്‍ ചീഫ് ജസ്റ്റിസുമാരടക്കമുള്ള നിയമ വിദഗ്ധര്‍ ഈ വാദങ്ങള്‍ തള്ളുകയും ജസ്റ്റിസ് ജോസഫിന്റെ നിയമന നടപടി ഉടന്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍