UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീംകോടതിയില്‍ പ്രതിസന്ധിക്ക് അയവില്ല; രണ്ട് കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ല

സാധാരണ 10.30നാണ് കോടതികളുടെ പ്രവര്‍ത്തന സമയം തുടങ്ങുന്നത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കോടതി മാത്രമാണ് കൃത്യസമയത്ത് പ്രവര്‍ത്തനമാരംഭിച്ചത്.

ചര്‍ച്ചകള്‍ക്കിടയിലും സുപ്രീംകോടതിയില്‍ പ്രതിസന്ധിക്ക് ഇന്നും അയവില്ല. രണ്ട് കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചും സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയും ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരെല്ലാം കോടതിയിലെത്തിയിരുന്നു. പല കോടതികളും 15 മിനിറ്റ് വൈകിയാണ് തുടങ്ങിയത്. സാധാരണ 10.30നാണ് കോടതികളുടെ പ്രവര്‍ത്തന സമയം തുടങ്ങുന്നത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കോടതി മാത്രമാണ് കൃത്യസമയത്ത് പ്രവര്‍ത്തനമാരംഭിച്ചത്.

തന്റെ പ്രവര്‍ത്തനശൈലിയെ പരസ്യമായി വിമര്‍ശിച്ച നാല് ജഡ്ജിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിഭാഷക നേതാക്കളോട് (ബാര്‍ കൗണ്‍സില്‍) വ്യക്തമാക്കിയതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ച നടത്തിയാലും ചീഫ് ജസ്റ്റിസ് ശൈലി മാറ്റിയാല്‍ മാത്രമേ പ്രശ്‌നം അവസാനിക്കുകയുള്ളൂ എന്ന നിലപാടിലാണ് വിമര്‍ശനമുന്നയിച്ച ജഡ്ജിമാര്‍. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെയും പ്രതിനിധികള്‍ ചീഫ് ജസ്റ്റിസുമായും വിമര്‍ശനമുന്നയിച്ച ജഡ്ജിമാരുമായും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

കോടതിയുടെ പ്രവര്‍ത്തനം തടസപ്പെടില്ലെന്ന് വിമര്‍ശകരിലൊരാളായ ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ച വിജയിച്ചാലും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഫുള്‍ കോര്‍ട്ട് ചേരേണ്ടി വരുമെന്നാണു സുപ്രീംകോടതി വൃത്തങ്ങള്‍ പറയുന്നത്. ഇതിനിടെ, ജസ്റ്റിസ് പി.ബി.സാവന്ത് ഉള്‍പ്പെടെ നാല് മുന്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെഴുതിയ തുറന്നകത്തിലൂടെ പ്രതിഷേധക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയായ പിബി സാവന്തിന് പുറമെ ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എപി ഷാ, ബോംബെ ഹൈക്കോടതിയിലേയും മദ്രാസ് ഹൈക്കോടതിയിലേയും ജഡ്ജിമാരായിരുന്ന ജസ്റ്റിസ് എച്ച് സുരേഷും ജസ്റ്റിസ് ചന്ദ്രുവുമാണ് നാല് ജഡ്ജിമാരെ പിന്തുണച്ചും സുപ്രീംകോടതി വിശ്വാസ്യത വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടും ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍