UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ കോഴ കേസില്‍ മാണിക്ക് ആശ്വാസം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി

വിശദമായ വാദം പോലും കേള്‍ക്കാതെയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. വിജിലന്‍സ് അന്വേഷണം നടക്കട്ടെ, അതില്‍ ഇടപെടാനില്ല. അന്വേഷണം അവസാനിച്ച ശേഷം പരാതിയുണ്ടെങ്കില്‍ ഉചിതമായ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ കെ.എം. മാണിക്ക് ആശ്വാസം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവില്‍ വിജിലന്‍സ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ല എന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്. വിജിലന്‍സ് അന്വേഷണത്തില്‍ പരാതികളുണ്ടെങ്കില്‍ അത് പിന്നീട് സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണത്തിനുള്ള ആവശ്യം നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായ നോബിള്‍ മാത്യു ആണ് വിജിലന്‍സ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്.

ഹര്‍ജിയിന്മേല്‍ വിശദമായ വാദം പോലും കേള്‍ക്കാതെയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കട്ടെ, അതില്‍ ഇടപെടാനില്ല. അന്വേഷണം അവസാനിച്ച ശേഷം പരാതിയുണ്ടെങ്കില്‍ ഉചിതമായ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. അതേസമയം, ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ കെഎം മാണി സ്വാഗതം ചെയ്തു.

കെഎം മാണി കേരള രാഷ്ട്രീയത്തിലെ ഉന്നത നേതാവാണെന്നും കേസില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നുമാണ് നോബിള്‍ മാത്യുവിന്റെ പരാതി. ‘മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് താല്‍പര്യമില്ല. മാണിക്കെതിരെ സംസ്ഥാന ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം നിഷ്പക്ഷമായിരിക്കില്ല. പൊതുജനങ്ങള്‍ക്കിടയില്‍ അത് ഒരു വിശ്വാസ്യതയും ഉണ്ടാക്കില്ല. കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഒന്നിലധികം തവണ വിജിലന്‍സ് നീക്കം നടത്തിയതാണ്. എന്നാല്‍ കോടതികളുടെ ഫലപ്രദമായ ഇടപെടലുകള്‍ കാരണമാണു കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സിനു കഴിയാത്തത്’ – നോബിള്‍ മാത്യു ഹര്‍ജിയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍