UPDATES

ഇന്ത്യ

ഡല്‍ഹിയില്‍ മരിച്ച മൂന്ന് കുട്ടികള്‍ പട്ടിണി കിടന്നത് എട്ട് ദിവസം; പട്ടിണി മരണത്തില്‍ പഴി ചാരി പാര്‍ട്ടികള്‍

ഝാര്‍ഖണ്ഡിലെ സിംദേഗയിലും കഴിഞ്ഞ ദിവസം സമാനമായ സംഭവമുണ്ടായി. 11 വയസുകാരി മരിച്ചത് പട്ടിണി മൂലമാണെന്നാണ് റിപ്പോര്‍ട്ട്. റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഷോപ്പില്‍ നിന്നും ആവശ്യമായ ഭക്ഷ്യ ധാന്യങ്ങള്‍ കിട്ടിയില്ലെന്നും ഇതിനെ തുടര്‍ന്ന് പട്ടിണി മൂലമാണ് മകള്‍ മരിച്ചതെന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്.

ഡല്‍ഹിയിലെ മാണ്ഡാവാലി മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സഹോദരിമാരായ മൂന്ന് കുട്ടികള്‍ പട്ടിണി കിടന്നത് എട്ട് ദിവസമെന്ന് റിപ്പോര്‍ട്ട്. പട്ടിണി മൂലമോ പോഷകാഹാരക്കുറവ് മൂലമോ ആണ് മരണമെന്ന സൂചനയാണ് നേരത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പട്ടിണിമരണമാണ് നടന്നതെന്ന് സ്ഥിരീകരിച്ചിരുന്നു. ഞങ്ങള്‍ക്ക് ഭക്ഷണം തരൂ എന്ന് പറഞ്ഞാണ് കുട്ടികളേയും കൊണ്ട് അമ്മ ആശുപത്രിയിലേയ്ക്ക് വന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രാജ്യത്തിന്റെ തലസ്ഥാന നഗരത്തില്‍, വരുമാനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന നഗരത്തില്‍ പട്ടിണി മൂലം മൂന്ന് കുട്ടികള്‍ മരിച്ച സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ കക്ഷികള്‍ പരസ്പരം പഴി ചാരുകയാണ്. ബിജെപിയും കോണ്‍ഗ്രസും ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയില്‍ നല്‍കുന്ന ഭക്ഷണം ഡല്‍ഹി സര്‍ക്കാര്‍ വിതരണം ചെയ്യാത്തതാണ് പ്രശ്‌നമെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. ഡല്‍ഹി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ അഭിപ്രായപ്പെട്ടു. അതേസമയം വീടുകളില്‍ റേഷന്‍ അടക്കമുള്ള സേവനം എത്തിക്കുന്ന തങ്ങളുടെ പദ്ധതിയെ കേന്ദ്രസര്‍ക്കാരാണ് തടഞ്ഞുവച്ചതെന്ന് ആം ആദ്മി പാര്‍ട്ടി തിരിച്ചടിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഈ പദ്ധതിയുടെ അംഗീകാരത്തിനായി ഡല്‍ഹി സര്‍ക്കാര്‍ അപേക്ഷിക്കുന്നു. ആരാണ് ഇത് തടഞ്ഞുവച്ചിരിക്കുന്നതെന്ന് എഎപി ചോദിച്ചു. ബംഗാള്‍ സ്വദേശികളായ കുടുംബം കുട്ടികളുടെ പിതാവിന്റെ സുഹൃത്തിനൊപ്പമാണ് കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡാവാലിയിലെത്തിയത്. റിക്ഷാതൊഴിലാളിയായ ഇവരുടെ പിതാവിനെ ദിവസങ്ങളായി കാണാനില്ലാത്തത് ദുരൂഹമായി തുടരുന്നു.

മരിച്ച പെണ്‍കുട്ടികളുടെ പിതാവ് ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയാണെന്നും ഇയാള്‍ ജോലിക്ക് പോയ ശേഷം മടങ്ങിവന്നിട്ടില്ലെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റില്‍ പറയുന്നു. കുട്ടികളുടെ പിതാവ് ജോലി തേടി പോയതാകാമെന്നാണ് അയല്ക്കാര് പറയുന്നത്. ഇവരുടെ അമ്മ മാനസിക പ്രശ്‌നമുള്ളയാളാണ് എന്നും പറയുന്നു. അതേസമയം കുട്ടികളുടെ അമ്മയും അയല്‍ക്കാരനും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച ഉടന്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫോറന്‍സിക് സംഘം വീട്ടില്‍ പരിശോധന നടത്തിയിരുന്നു. അതേസമയം ഇവരുടെ മുറിയില്‍ നിന്ന് പില്‍സും മരുന്ന് കുപ്പികളും കണ്ടെത്തിയത് വിഷം കഴിച്ച് ആത്മഹത്യയാണോ എന്ന സംശയവും ഉണ്ടാക്കിയിരുന്നു. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ഝാര്‍ഖണ്ഡിലെ സിംദേഗയിലും കഴിഞ്ഞ ദിവസം സമാനമായ സംഭവമുണ്ടായി. 11 വയസുകാരി മരിച്ചത് പട്ടിണി മൂലമാണെന്നാണ് റിപ്പോര്‍ട്ട്. റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഷോപ്പില്‍ നിന്നും ആവശ്യമായ ഭക്ഷ്യ ധാന്യങ്ങള്‍ കിട്ടിയില്ലെന്നും ഇതിനെ തുടര്‍ന്ന് പട്ടിണി മൂലമാണ് മകള്‍ മരിച്ചതെന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍