UPDATES

ട്രാന്‍സ്ജെന്‍ഡര്‍ നേതാവ് പത്മശാലിക്ക് ബാങ്ക് ഭവന വായ്പ നിഷേധിച്ചു; ലിംഗം തന്നെ പ്രശ്നം

കര്‍ണാടകയിലെ ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പ്രമുഖ വ്യക്തിയും ‘രാജ്യോത്സവ’ അവാര്‍ഡ് ജേതാവുമായ അക്കായി പത്മശാലിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.

ട്രാൻസ്ജെന്‍ററാണെന്ന ഒറ്റക്കാരണം കൊണ്ട് ബാങ്ക് വായ്പ നിഷേധിച്ചു. കര്‍ണാടകയിലെ ഭിന്ന ലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പ്രമുഖ വ്യക്തിയും ‘രാജ്യോത്സവ’ അവാര്‍ഡ് ജേതാവുമായ അക്കായി പത്മശാലിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. സമീപിച്ച ബാങ്കുകളെല്ലാം അപേക്ഷ നിരസിച്ചതിനാല്‍ ഓണ്‍ലൈനിലൂടെ പണം കണ്ടെത്തുവാനുള്ള മാര്‍ഗം തേടുകയാണ് അക്കായി. ‘ഭവന വായ്പ എടുക്കാനാണ് ബാങ്കുകളെ സമീപിച്ചത്. എന്നാല്‍ യുക്തിപരമായ ഒരു കാരണവും കാണിക്കാതെ എല്ലാവരും അപേക്ഷ നിരസിച്ചു. ലോണ്‍ ലഭ്യമാകാന്‍ ഞാന്‍ യോഗ്യയല്ല എന്നാണ് എല്ലാവരും പറയുന്നത്. എനിക്കറിയാം, എന്‍റെ സ്വത്വമാണ് പ്രശ്നം’ അക്കായി പത്മശാലി പറഞ്ഞു.

ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും എന്തടിസ്ഥാനത്തിലാണ് അവര്‍ എനിക്ക് വായ്പ നിരസിക്കുന്നത്? ഒരു സ്ത്രീയോ പുരുഷനോ ആയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ? അടിസ്ഥാനപരമായ ആവശ്യങ്ങള്‍ ലഭ്യമാകാന്‍ പോലും ഒരുപാട് കഷ്ടപ്പെടേണ്ട ഗതികേടിലാണ് ഞങ്ങള്‍ ട്രാൻസ്ജെന്‍ററുകള്‍ എന്ന് അക്കായി പറയുന്നു. ജനങ്ങൾക്ക് അവരെ സംബന്ധിക്കുന്ന പ്രശ്നങ്ങളിൽ ഓണ്‍ലൈന്‍ കാമ്പെയിനുകൾ സംഘടിപ്പിക്കാന്‍ അവസരം ഒരുക്കുന്ന ചേഞ്ച്. ഓര്‍ഗ് എന്ന വെബ്സൈറ്റിലൂടെയാണ് അവര്‍ നേരിടേണ്ടിവന്ന ദുരനുഭവം പുറംലോകത്തെ അറിയിക്കുന്നത്. ‘ഞങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കാനാണ് ഞാന്‍ ശ്രമിച്ചത്. കടുത്ത വിവേചനങ്ങളാണ്‌ ഞങ്ങള്‍ നേരിടുന്നത്. സമൂഹത്തിന് ഞങ്ങളെക്കുറിച്ച് മുന്‍വിധികളുണ്ട്. ഏതെങ്കിലും നിയമം കൊണ്ടുവരുന്നതുകൊണ്ട് മാത്രം നീതി ലഭിക്കില്ല. അത് നടപ്പില്‍ വരുത്തുകയാണ് വേണ്ടത്’ അക്കായി പറഞ്ഞു.

അക്കായി ഇപ്പോള്‍ താമസിക്കുന്ന വാടക വീടിന്‍റെ കാലാവധി ജൂണ്‍ 28ന് അവസാനിക്കുകയാണ്. ഇത് കഴിഞ്ഞാല്‍ അവരും കുടുംബവും തെരുവിലേക്ക് ഇറങ്ങേണ്ടി വരും. മറ്റെല്ലാ ട്രാൻസ്ജെന്‍ററുകളും നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് താമസിക്കാന്‍ ഒരു വീട് ലഭിക്കുകയെന്നത്. സ്വന്തമായൊരു വീട്‌ വാങ്ങാന്‍ പത്ത് ലക്ഷം രൂപയെങ്കിലും വേണം. കുറച്ച് പണം അമ്മയുടെ സ്വര്‍ണ്ണം വിറ്റും സുഹൃത്തുക്കള്‍ സഹായിച്ചുമൊക്കെ സ്വരൂപിച്ചു. ബാക്കി തുകയ്ക്ക് വേണ്ടിയാണ് അവര്‍ ബാങ്കുകളെ സമീപിച്ചത്. 5,000 ത്തിലധികം പേർ ഇതിനകം അവരുടെ പരാതിയില്‍ ഒപ്പുവച്ചിട്ടുണ്ട്. സ്വകാര്യ-കോർപ്പറേറ്റ് ബാങ്കുകൾ തന്‍റെ ആവശ്യം കേൾക്കുമെന്നും ഭവന വായ്പ അനുവദിക്കുമെന്നുമാണ് അവരുടെ പ്രതീക്ഷ. കര്‍ണാടകയില്‍ ആദ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്ത ട്രാൻസ്ജെന്‍ററാണ് അക്കായി പത്മശാലി. കൂടാതെ, കര്‍ണ്ണാടകയില്‍ ആദ്യമായി വോട്ട് ചെയ്തതും, ഇന്ത്യയില്‍ ആദ്യമായി ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയതും അവര്‍തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍